ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍; സതീശനെ കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞത് തെറ്റും; കരുണാകര കാലത്തെ അനുസ്മരിക്കുന്നത് താനും താക്കോല്‍ സ്ഥാനത്തിന് അര്‍ഹനെന്ന് പറയാന്‍; കെസിയ്ക്കും മോഹം; മുഖ്യമന്ത്രി ചര്‍ച്ച നടക്കുന്നില്ലെന്ന് പ്രതികരിച്ച് ചെന്നിത്തല; വിമര്‍ശനത്തിന് അതീതനല്ലെന്ന് സതീശനും; കോണ്‍ഗ്രസില്‍ പുതിയ സമവാക്യങ്ങള്‍ക്ക് സാധ്യത

Update: 2024-12-22 07:44 GMT

കണ്ണൂര്‍: വെള്ളാപ്പള്ളി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നത് പറഞ്ഞതില്‍ തെറ്റില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍. രമേശ് ചെന്നിത്തല കെ.പി.സി.സി വര്‍ക്കിങ് കമ്മിറ്റിയംഗമാണ് കെ.എസ്.യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ഒരു പാട് നേതാക്കളുണ്ട്. രമേശ് ചെന്നിത്തലയും അതിലൊരാളാണ്. രമേശിന് മുഖ്യമന്ത്രിയാകാന്‍ അയോഗ്യതയില്ല-സുധാകരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ വാക്കുകളില്‍ പല സൂചനകളും ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ഒരേ സമയം ചെന്നിത്തലയേയും സതീശനേയും പിന്തുണയ്ക്കുകയാണ് സുധാകരന്‍. ഇതിനൊപ്പം താനും മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് പറയുന്നു. കെ കരുണാകരന്റെ കാലത്തെ കാര്യങ്ങള്‍ ചര്‍ച്ചയാക്കുന്നത് ഇതു കൊണ്ടാണ്. അതിനിടെ കോണ്‍ഗ്രസില്‍ കെസി വേണുഗോപാലും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇതിന് വേണ്ടിയാണ് സമുദായ പിന്തുണ തേടാനുള്ള നേതാക്കളുടെ ശ്രമം. സുധാകരനും വെള്ളാപ്പള്ളി നടേശനെ കടന്നാക്രമിക്കുന്നില്ല. എന്നാല്‍ സതീശനെതിരെ പറഞ്ഞതിനെ വിമര്‍ശിക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസില്‍ പുതിയ സമവാക്യങ്ങളുണ്ടാക്കുന്നതാണ് മുഖ്യമന്ത്രി ചര്‍ച്ചകള്‍. കേരളത്തിലെ നേതാക്കള്‍ എവിടെ നില്‍ക്കുന്നത് എന്നതിന് അപ്പുറം ഹൈക്കമാണ്ട് മനസ്സാകും നിര്‍ണ്ണായകം. എങ്കിലും സമുദായ നിര്‍ദ്ദേശങ്ങള്‍ ഹൈക്കമാണ്ട് അവഗണിക്കില്ലെന്ന പ്രതീക്ഷയിലാണ് പല നേതാക്കളും നീങ്ങുന്നത്.

അതിനിടെ വെള്ളാപ്പള്ളി നടേശന്റെ മുഖ്യമന്ത്രി പരാമര്‍ശത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തു വന്നു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച ആരംഭിച്ചിട്ടില്ല, ചര്‍ച്ച നടക്കുന്നത് മാധ്യമങ്ങളില്‍ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക മാത്രമാണ് വെള്ളാപ്പള്ളി ചെയ്തത്. ആരാണ് മുഖ്യമന്ത്രി ആകേണ്ടതെന്ന് സംബന്ധിച്ച് സാമുദായിക സംഘടനകള്‍ക്കും അഭിപ്രായം പറയാമെന്നും ചെന്നിത്തല പറഞ്ഞു. എല്ലാ സാമുദായിക സംഘടനകളുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. മന്നംജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ അഭിമാനം ഉണ്ട്. ആരെയാണ് പരിപാടിക്ക് വിളിക്കേണ്ടത് എന്നുള്ളത് അവരുടെ ഇഷ്ട്ടമാണ്. കെപിസിസി പുനഃസംഘടന സംബന്ധിച്ച ഒരു ചര്‍ച്ചയും നടന്നിട്ടില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. 2026 ല്‍ അധികാരത്തില്‍ എത്തുക എന്നതാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയത് ഇങ്ങനെയാണ്. സതീശനെതിരെ വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനകള്‍ ചെന്നിത്തല പ്രതികരണത്തിന് വിധേയമാക്കിയില്ല. ഇതിനിടെയാണ് സുധാകരന്‍ സതീശനേയും പിന്തുണച്ച് രംഗത്തു വരുന്നത്. താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്ന് പ്രതിപക്ഷ നേതാവും പറയുന്നു. സമുദായ നേതാക്കള്‍ക്ക് വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. വിമര്‍ശനത്തില്‍ കാര്യമുണ്ടോ എന്നു പരിശോധിക്കും. എല്ലാ ജാതി മത വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും സതീശന്‍ പറയുന്നു.

രമേശ് ചെന്നിത്തലയ്ക്ക് പിന്നില്‍ എസ് എന്‍ ഡി പിയും എന്‍ എസ് എസും ഉണ്ട്. ഇതിനൊപ്പം ഐ ഗ്രൂപ്പിലെ ഒട്ടു മിക്ക നേതാക്കളും മനസ്സു കൊണ്ട് ചെന്നിത്തലയ്‌ക്കൊപ്പം. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് ഹൈക്കമാണ്ട് പിന്തുണയുണ്ട്. കെസിയ്‌ക്കൊപ്പം എയിലേയും ഐയിലേയും നേതാക്കളുണ്ട്. വിഡി സതീശന് എ ഗ്രൂപ്പില്‍ നിന്നാണ് കൂടുതല്‍ പിന്തുണ. സംഘടനാ കരുത്തില്‍ എല്ലാവരേയും പിന്തള്ളാനാണ് കെ സുധാകരന്റെ ശ്രമം. മുഖ്യമന്ത്രി ചര്‍ച്ച തുടങ്ങിയതോടെ കെപിസിസി അധ്യക്ഷ മാറ്റവും പുനസംഘടനയും വിസ്മൃതിയിലേക്കായി. പുനസംഘടനയിലൂടെ കെപിസിസിയെ നയിക്കാനെത്തുന്ന വ്യക്തിയും ഭാവി മുഖ്യമന്ത്രിയാകാനുള്ള അവകാശ വാദം ഉന്നയിക്കുമെന്നും ഉറപ്പാണ്.

സുധാകരന്റെ പ്രതിരോധം സതീശന് തുണയാണ്. താനും സതീശനും തമ്മില്‍ നിലവില്‍ പ്രശ്‌നമൊന്നുമില്ലെന്ന സൂചന കൂടിയാണ് സുധാകരന്‍ ഇതിലൂടെ നല്‍കുന്നത്. പാര്‍ട്ടിയില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകളൊന്നും തുടങ്ങിയിട്ടില്ല. അതൊക്കെ മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് ' നേരത്തെയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ തീരുമാനിച്ചിട്ടുണ്ട്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ കാലയളവില്‍ അന്ന് എ.കെ. ആന്റണി, വയലാര്‍ രവിയുമൊക്കെയുണ്ടായിരുന്നു. യോഗ്യരായ അവരൊക്കെ ഉണ്ടായിട്ടും കെ.കരുണാകരനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്. വെള്ളാപ്പള്ളിക്ക് ഈ കാര്യത്തില്‍ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. ഇതു പുത്തരിയൊന്നുമല്ല നേരത്തെയും ഇത്തരം അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്-സുധാകരന്‍ വിശദീകരിച്ചു. എല്ലാവര്‍ക്കും അവരുടെ പൊളിറ്റിക്‌സുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സമുദായത്തിന്റെ നേതാവായ വെള്ളാപള്ളിക്കും തന്റെ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. അതു ഞങ്ങള്‍ മാനിക്കും. എന്നാല്‍ വി.ഡി സതീശന്‍ അധികാരമോഹിയാണെന്ന് അദ്ദേഹം പറഞ്ഞ അഭിപ്രായം തെറ്റാണ്. തറ നേതാവണന്നൊക്കെ പറയാന്‍ പാര്‍ട്ടി അനുവദിക്കില്ല- കെ.സുധാകരന്‍ പറഞ്ഞു.

ഇതിലൂടെ പാര്‍ട്ടി നേതാക്കളെ അവഹേളിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന സന്ദേശമാണ് സുധാകരന്‍ നല്‍കുന്നത്. കേരളത്തില്‍ ജന പിന്‍തുണയുള്ള നേതാവാണ് വി.ഡി സതീശന്‍. അതുകൊണ്ടാണ് അദ്ദേഹം പ്രതിപക്ഷ നേതാവായത്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ ഒരു പാട് പേരുണ്ടെന്നും അവരുള്‍പ്പെടുന്നവര്‍ ചര്‍ച്ച നടത്തിയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകയെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സംഘടനയെ ശക്തമാക്കാനുള്ള ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ അത്ഭുതകരമായ മുന്നേറ്റം പാര്‍ട്ടി നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ തന്നെ കുടുക്കാന്‍ പൊലിസ് ഉദ്യോഗസ്ഥനോട് പറഞ്ഞത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണ് നിങ്ങള്‍ക്ക് പ്രമോഷന്‍ തരാമെന്നാണ് ശശി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്. ഇന്നിപ്പോള്‍ പരാതിക്കാരനായ യുവാവ് സത്യം പറഞ്ഞിട്ടുണ്ട്. മോന്‍സണ്‍ കേസില്‍ അഞ്ചു പൈസ വാങ്ങിയിട്ടില്ലെന്ന് താന്‍ അന്നേ പറഞ്ഞതാണ്. തെളിയിക്കാന്‍ കഴിയുമെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. ശക്തമായ സ്റ്റാന്‍ഡാണ് താന്‍ സ്വീകരിച്ചത്. പി.ശശിയുടെ പശ്ചാത്തലം കണ്ണുരുകാരായ എല്ലാവര്‍ക്കും അറിയാമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Tags:    

Similar News