14 ഡിസിസികളും കെസി പിടിക്കും; കെപിസിസിയെ പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള ഡിസിസി പ്രസിഡന്റ് നിയമനത്തിലെ ലക്ഷ്യം കോണ്‍ഗ്രസിനെ കൈപ്പിടിയില്‍ ഒതുക്കുക മാത്രം; ചെന്നിത്തലയും സുധാകരനും ഇനി വെറും കാഴ്ചക്കാര്‍; ഡിസിസിയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാനുള്ള ആ ബുദ്ധിക്ക് പിന്നില്‍ കെപിസിസിയെ നിഷക്രിയമാക്കലോ? വേണുഗോപാല്‍ ഗ്രൂപ്പ് അന്തിമ വെട്ടിനിരത്തിലിന്

Update: 2025-04-27 03:56 GMT

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ എല്ലാ പ്രധാന സംഘടനാ പദവികളിലും ഇനി നിയമനം നടത്തുക കെസി വേണുഗോപാല്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റുമാരുടെ നിയമനം എഐസിസി നേരിട്ടു നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഡിസിസി പ്രസിഡന്റുമാര്‍ക്ക് കൂടുതല്‍ അധികാരവും പ്രവര്‍ത്തനസ്വാതന്ത്ര്യവും നല്‍കാനുള്ള അഹമ്മദാബാദ് എഐസിസി സമ്മേളന തീരുമാനത്തിന്റെ തുടര്‍ച്ചയായാണിത്. എന്നാല്‍ കെപിസിസിയുടെ പ്രസക്തി കുറയ്ക്കുന്നതാണ് തീരുമാനം. കെപിസിസിയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നില്ലെന്ന പരാതി സജീവമാക്കുന്നതാണ് ഡിസിസി പ്രസിഡന്റുമാരുടെ ഇനിയുള്ള നിയമനം. ഫലത്തില്‍ കെപിസിസിയുമായി ലെയ്‌സണ്‍ ഇല്ലാത്തവരാകും ഇനി ഡിസിസി അധ്യക്ഷനാകുക. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പല തീരുമാനങ്ങളിലും എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലിന് എതിര്‍പ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഡിസിസിയിലും ഹൈക്കമാണ്ട് മറവില്‍ കെസി ഇടപെടുന്നത്.

ഡിസിസി പ്രസിഡന്റ് നിയമനത്തിനായി 5 പേരുടെ പാനല്‍ തയാറാക്കി നല്‍കണം. അതില്‍നിന്നു പ്രസിഡന്റിനെ എഐസിസി തീരുമാനിക്കും. അഹമ്മദാബാദ് എഐസിസിക്ക് ആതിഥ്യം വഹിച്ച ഗുജറാത്തിലാകും ഇത് ആദ്യം നടപ്പാക്കുക. പിന്നാലെ കേരളത്തിലും ഇത് നടപ്പാക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിയമസഭാ മണ്ഡലങ്ങളിലും എഐസിസി നിരീക്ഷകരെ നിയോഗിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കൊപ്പം ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പു ചുമതലയും ഇവരെ ഏല്‍പിച്ചു. ഇവര്‍ അഭിമുഖവും അനുബന്ധ പരിശോധനകളും സംസ്ഥാന, ജില്ലാ നേതാക്കളുമായി കൂടിയാലോചനകളും നടത്തി അഞ്ചംഗ പാനല്‍ തയാറാക്കണം. അതായത് പാനലും എഐസിസി പ്രതിനിധി തയ്യാറാക്കും.

പിസിസിയുടെ അഭിപ്രായം കൂടി തേടി എഐസിസി അതില്‍നിന്ന് ഒരാളെ തീരുമാനിക്കും എന്നാണ് പറയുന്നത്. പക്ഷേ എഐസിസി പ്രതിനിധി തയ്യാറാക്കിയ അഞ്ചംഗ പട്ടികയില്‍ നിന്ന് വേണം ഒരാളെ കണ്ടെത്താന്‍. ഫലത്തില്‍ ദുര്‍ബ്ബലമായ സംഘടനാ സംവിധാനമായി സംസ്ഥാന നേതൃത്വത്തെ മാറ്റും. കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പു ഡിസിസി അഴിച്ചുപണിയുണ്ടാകുമെന്ന സൂചന ശക്തമാണ്. ഡിസിസി ഭാരവാഹി തലത്തില്‍ അഴിച്ചുപണി വേണമെന്നും ധാരണയായിട്ടുണ്ട്. ഇതോടെ കെസി വേണുഗോപാലിന്റെ അതിവിശ്വസ്തര്‍ അധ്യക്ഷന്മാരാകും. ഡിസിസി പ്രസിഡന്റ് നിയമനത്തില്‍ ഇനി സംസ്ഥാന നേതൃത്വത്തിന്റെ നിയന്ത്രണം പരിമിതപ്പെടുത്തുമെന്ന് ഹൈക്കാണ്ട് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ഇത് വഴിത്തിരിവായി മാറും. രമേശ് ചെന്നിത്തലയും കെ സുധാകരനും പറയുന്നവര്‍ ആരും ഡിസിസി അധ്യക്ഷന്മാരാകാന്‍ സാധ്യതയില്ല.

ഡിസിസി പ്രസിഡന്റുമാരെ ശാക്തീകരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍, സംസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കള്‍ അവര്‍ക്കു പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കുന്നില്ലെന്നു പരാതി ഉയര്‍ന്നിരുന്നു. ഡിസിസി പ്രസിഡന്റുമാര്‍ നേതാക്കളുടെ നോമിനികളാകുന്നതു കൊണ്ടാണിതെന്നു വിലയിരുത്തിയാണ് നിയമനം എഐസിസി ഏറ്റെടുക്കുന്നത്. ഫലത്തില്‍ കേരളത്തിലെ 14 ഡിസിസികളും കെസി വേണുഗോപാല്‍ പക്ഷം പിടിക്കുന്ന സ്ഥിതി വരും. എഐസിസിയുടെ സംഘടനാ ചുമതലയുള്ള കെസി വേണുഗോപാലിന് ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ട്. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയേക്കാള്‍ സ്വാധീന ശക്തിയാണ് കോണ്‍ഗ്രസില്‍ ഇന്ന് കെസി. അതുകൊണ്ട് തന്നെ ഡിസിസി അധ്യക്ഷന്മാരുടെ നിയമനം എഐസിസിയിലേക്ക് പോകുമ്പോള്‍ എല്ലാം നിശ്ചയിക്കുന്ന വ്യക്തി കെസിയാവുകയും ചെയ്യും. തന്റെ വിശ്വസ്തര്‍ ഡിസിസിയുടെ തലപ്പത്ത് എത്തുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിലെ അവസാന വാക്കായി കെസി മാറും.

കെപിസിസിയില്‍ നിന്നും സുധാകരനെ മാറ്റുന്നതും ഹൈക്കമാണ്ട് പരിഗണനയിലുണ്ട്. സുധാകരന്റെ സമ്മതത്തോടെ അത് സാധിപ്പിക്കാനാണ് കെസിയുടെ നീക്കം. അത്തരമൊരു പുനസംഘടന വന്നാല്‍ തന്റെ വിശ്വസ്തനെ മാത്രമേ കെപിസിസിയുടെ തലപ്പത്തേക്ക് കെസി നിയോഗിക്കൂവെന്നും വിലയിരുത്തലുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രിയാകാന്‍ കെസി ആഗ്രഹിക്കുന്നുണ്ട്. ഇതിന് വേണ്ടിയുള്ള മുന്നൊരുക്കമാണ് സംഘടനയുടെ താക്കോല്‍ സ്ഥാനത്ത് തന്റെ വിശ്വസ്തരെ നിയമിക്കുന്ന നടപടിയെന്നാണ് വിലയിരുത്തല്‍.

ചില ഡിസിസി പ്രസിഡന്റുമാരെ ഉടന്‍ മാറ്റുമെന്ന് വാര്‍ത്ത പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതൃതലത്തിലുള്ള ചിലരാണെന്നും ഇങ്ങനെ നാറ്റിക്കരുതെന്നും കെപിസിസി യോഗത്തില്‍ നേതാക്കള്‍ പറഞ്ഞിരുന്നു. അഹമ്മദാബാദില്‍ ചേര്‍ന്ന എഐസിസി യോഗത്തിലെ പ്രമേയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് ഡിസിസി പ്രസിഡന്റുമാരുടെ പരാതി പറച്ചിലുണ്ടായത്. ചില ജില്ലകളിലെ നേതൃത്വം ദുര്‍ബലമാണെന്ന് പ്രചരിപ്പിച്ചാണ് മാറ്റുമെന്ന് പറയുന്നത്. മാറ്റുന്നെങ്കില്‍ ഉടന്‍മാറ്റണം. ഇങ്ങനെ വാര്‍ത്ത പ്രചരിപ്പിച്ച് നാറ്റിക്കുന്ന രീതി അവസാനിപ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.

പണിയെടുക്കാതെ പദവി അലങ്കരിക്കുന്നവരെ എത്രയും പെട്ടെന്ന് ഒഴിവാക്കി പുതിയ ഭാരവാഹികളെ വയ്ക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. കെപിസിസി അടക്കം നല്ലൊരു ശതമാനവും ജംബോ കമ്മിറ്റികളാണെന്നും പ്രയോജനം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരുമാണ് യോഗത്തില്‍ അന്ന് പങ്കെടുത്തത്.

Similar News