പ്രാക്കുളം സ്‌കൂളില്‍ നിന്നും കുട്ടി സഖാവിനെ പുറത്താക്കിയപ്പോള്‍ പ്രതിഷേധത്തിന് എത്തിയത് സംസ്ഥാന നേതാവ്; അന്ന് ബേബിയുടെ പ്രസംഗം കേട്ട നേതാവ് തീപ്പൊരി തിരിച്ചറിഞ്ഞു; പിന്നെ വച്ചടി കയറ്റം; ഒടുവില്‍ സിപിഎമ്മിലെ 'ഒന്നാമനും'; പിണറായിയുടെ കണ്ണിലെ കരടെങ്കിലും 'ജിഎസിനെ' മറക്കില്ലെന്ന് പ്രഖ്യാപനം; സുധാകരനെ വീട്ടിലെത്തി കണ്ട് ബേബി നല്‍കുന്നത് 'ചേര്‍ത്തു നിര്‍ത്തലിന്റെ' രാഷ്ട്രീയ സന്ദേശം
ആലപ്പുഴ: എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തി മാത്രമേ താന്‍ മുമ്പോട്ട് പോവുള്ളൂവെന്ന സന്ദേശം നല്‍കി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബി. ആലപ്പുഴയില്‍ ജി സുധാകരനെ വീട്ടിലെത്തി കണ്ട ബേബി എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നത് ആരേയും തഴയാതെ മുമ്പോട്ട് പോകുമെന്ന സന്ദേശമാണ്. സിപിഎം സംസ്ഥാന നേതൃത്വവുമായി അകല്‍ച്ചയില്‍ കഴിയുന്ന സുധാകരനെ വീട്ടിലെത്തി കണ്ട് അംഗീകരിക്കുകയാണ് ജി സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നേരിട്ട് വിമര്‍ശനമൊന്നും സുധാകരന്‍ ഉന്നയിച്ചിട്ടില്ല. പക്ഷേ പല അഭിപ്രായങ്ങളും ചെന്നു കൊണ്ട് കേരളത്തിലെ ഭരണ നേതൃത്വത്തിനാണ്. പ്രസംഗങ്ങളിലൂടേയും കവിതയിലൂടെയും തിരുത്തല്‍ ശക്തിയാകാന്‍ ശ്രമിക്കുന്ന ജി സുധാകരന്‍ സിപിഎം നേതൃത്വത്തിന്റെ കണ്ണിലെ കരടാണ്. സിപിഎം ഏര്യാ സമ്മേളനത്തില്‍ നിന്ന് പോലും സുധാകരനെ തഴഞ്ഞു. സംസ്ഥാന സമ്മേളനത്തിലും ജി സുധാകരന്‍ പങ്കെടുത്തില്ല. അതിനിടെ കോണ്‍ഗ്രസിന്റെ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു സുധാകരന്‍. മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും കണ്ടു മുട്ടിയതിന്റെ ഭാഗമായുള്ള കെപിസിസിയുടെ വാര്‍ഷികത്തില്‍ പങ്കെടുത്തും സുധാകരന്‍ ചര്‍ച്ചകള്‍ പുതു മാനം നല്‍കി. ആലപ്പുഴയില്‍ സുധാകരനെ പിന്തുണയ്ക്കുന്ന പൊതു സമൂഹം ഏറെയുണ്ട്. ആ വോട്ടുകള്‍ സിപിഎമ്മിലേക്ക് ചേര്‍ത്ത് നിര്‍ത്തണമെങ്കില്‍ ആ സഖാവിനെ പാര്‍ട്ടിയോട് അടുപ്പിക്കണമെന്ന വാദം സജീവമായിരുന്നു. പക്ഷേ കേരളത്തിലെ നേതാക്കള്‍ അതിന് തയ്യാറായില്ല. ഇതിനിടയൊണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ എംഎ ബേബി സുധാകരനെ വീട്ടിലെത്തി കണ്ടത്. അടുത്ത ബന്ധുവിന്റെ മരണത്തില്‍ ദുഖിതനായിരുന്നു സുധാകരന്‍. എങ്കിലും താന്‍ കണ്ടെത്തി വളര്‍ത്തിയ എംഎ ബേബിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു സുധാകരന്‍. വീട്ടിലെത്തിയ നേതാവ് സിപിഎമ്മിന്റെ ഒന്നാമനാണെന്നത് സുധാകരനെ സിപിഎമ്മില്‍ ചേര്‍ത്ത് നിര്‍ത്തുമെന്ന പ്രതീക്ഷ ആലപ്പുഴയിലെ സഖാക്കള്‍ക്കുമുണ്ട്.
ബേബിയുമായി 57 വര്‍ഷത്തെ അടുപ്പം, ബേബിയുമായി ഒരിക്കലും മുറിഞ്ഞു പോകാത്ത ബന്ധമെന്ന് ജി സുധാകരന്‍ പ്രതികരിച്ചു.. ദീര്‍ഘകാലം അഖിലേന്ത്യ തലത്തില്‍ പ്രവര്‍ത്തിച്ച പരിചയം ബേബിക്കുണ്ട്. ബേബി ജനറല്‍ സെക്രട്ടറി ആയതോടെ പാര്‍ട്ടി അനുഭാവുകളില്‍ വലിയ പ്രതീക്ഷ ഉണ്ടായി. ലക്ഷക്കണക്കിന് സഖാക്കളെ നേരിട്ട് അറിയാവുന്ന സഖാവ്. രാജ്യത്തെപ്പറ്റിയും രാജ്യാന്തരത്തെപ്പറ്റിയും അറിയാവുന്ന വ്യക്തി. ഭക്ഷണത്തിന് കാശില്ലാതെ നല്ല വസ്ത്രങ്ങള്‍ ഇല്ലാതെ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയ ബേബിയെ അറിയാം. നിഷ്‌കളങ്കമായ പ്രവര്‍ത്തനത്തിന് മുന്‍പന്തിയില്‍ നിന്നയാള്‍. പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വന്നിരിക്കുന്നത് പ്രാപ്തനും അര്‍ഹനുമായ ആളെന്നും സുധാകരന്‍ വ്യക്തമാക്കി. ഞങ്ങളൊക്കെ വിളിക്കുന്നത് സുധാകരന്‍ സാര്‍ എന്നാണ്. തീക്കനല്‍ ചവിട്ടിക്കയറിയാണ് ജി സുധാകരന്‍ പ്രസ്ഥാനത്തിന്റെ അമരത്തിലേക്ക് എത്തിയതെന്ന് എംഎ ബേബി പറഞ്ഞു. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ചുമതലകളില്‍ നിന്ന് പല സഖാക്കളും ഒഴിയുന്നുണ്ട്. പ്രകാശ് കാരാട്ട് വൃന്ദ കാരാട്ടും മണിക് സര്‍ക്കാര്‍ അടക്കം ഒഴിഞ്ഞു. അവര്‍ തുടര്‍ന്നും ഔപചാരിക ചുമതലങ്ങളില്ലാതെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. സുധാകരന്‍ സര്‍ ആലപ്പുഴയില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. സംഘടനാ രംഗത്ത് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന പുതിയ മാതൃകകളുടെ ഗുണവും ദോഷവും പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചുവെന്നും ബേബി വ്യക്തമാക്കി. അതായത് പാര്‍ട്ടിയ്‌ക്കൊപ്പം സുധാകരന്‍ ഉണ്ടാകണമെന്ന് ബേബി പറഞ്ഞു വയ്ക്കുകയാണ്. സംഘടനാ രംഗത്ത് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന പുതിയ മാതൃകകളുടെ ഗുണവും ദോഷവും വിശകലനം ചെയ്യാന്‍ സുധാകരനും കൂടെയുണ്ടാകണമെന്ന സന്ദേശം നല്‍കുകയാണ് ബേബി.
ഇ.എം.എസിന് ശേഷം ഈ പദവിയില്‍ കേരളത്തില്‍ നിന്നും എത്തുന്ന നേതാവ് എന്ന പ്രത്യേകതയും ബേബിക്കുണ്ട്. വന്നവഴി മറക്കാതെ, തന്റെ രാഷ്ട്രീയത്തിലെ ഗുരുവായ കൊല്ലം പ്രാക്കുളത്തെ പഴയകാല ലോക്കല്‍ സെകട്ടറി വി.കെ വിക്രമനെയും, പാര്‍ട്ടിയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ച വി.എസിനെയും സന്ദര്‍ശിച്ച എം.എ ബേബി, സി.പി.എമ്മിലെ തന്റെ വളര്‍ച്ചക്ക് അടിത്തറപാകിയ എസ്.എഫ്.ഐ എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ ജി.സുധാകരനെയും മറന്നില്ല. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമൊക്കെ ആയിരുന്ന ജി. സുധാകരനായിരുന്നു ബേബിയെന്ന വിദ്യാര്‍ത്ഥി നേതാവിനെ കണ്ടെത്തിയതും വളര്‍ത്തിയതും. 1970-ല്‍ എസ്.എഫ്.ഐ രൂപീകരിക്കുന്ന സമയത്ത്, എം.എ ബേബി പ്രാക്കുളം ഹൈസ്‌കൂളില്‍ പഠിക്കുകയായിരുന്നു. എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു എം.എ ബേബി. ഈ സമയത്താണ് ബേബിക്കെതിരെ സ്‌കൂളില്‍ നിന്നും നടപടിയുണ്ടായിരുന്നത്. തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പ്രാക്കുളം ജങ്ഷനില്‍ സംഘടിപ്പിച്ച ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാന്‍, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജി സുധാകരന്‍ തന്നെ നേരിട്ട് എത്തി. അവിടെ ബേബി നടത്തിയ ഒരു പ്രസംഗം, ജി സുധാകരനെ വല്ലാതെ ആകര്‍ഷിച്ചു. ബേബി എസ് എന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന കാലഘട്ടത്തില്‍ എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു സുധാകരന്‍, ബേബിയെ എസ്.എഫ്.ഐ നേതൃത്വത്തില്‍ സജീവമാക്കിയതും പദവികള്‍ നല്‍കിയതും സുധാകരനായിരുന്നു. പിന്നീട് ഡിവൈഎഫ്‌ഐയില്‍ സജീവമായി. ബേബി അഖിലേന്ത്യാ പ്രസിഡന്റായി. ഇഎംഎസിന്റെ സഹായിയായി. വിഎസ് അച്യുതാനന്ദന്റെ അനുയായി എന്ന നിലയില്‍ കേരളത്തില്‍ തിരിച്ചെത്തി. പിന്നീട് വിഎസിന്റെ മന്ത്രിസഭയില്‍ അംഗവും. ഇപ്പോള്‍ സിപിഎം ജനറല്‍ സെക്രട്ടറിയും. അപ്പോഴും വന്ന വഴി ബേബി മറന്നില്ല. മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത ബേബി നേരെ തിരുവനന്തപുരത്ത് എത്തി. ആദ്യം പോയത് വിഎസിനെ കാണാനായിരുന്നു. ഡിവൈഎഫ് ഐയില്‍ തനിക്ക് മുമ്പ് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇപി ജയരാജനേയും എം വിജയകുമാറിനേയും കൂടെ കൂട്ടിയായിരുന്നു യാത്ര. തന്റെ മുന്‍ഗാമികളേയും രാഷ്ട്രീയ ഗുരുക്കന്മാരേയും ഓര്‍ത്ത് മുമ്പോട്ട് പോകുമെന്ന സന്ദേശമാണ് ഇപി നല്‍കുന്നത്.
മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗമാണ് എം.എ ബേബിയെ ഔദ്യോഗികമായി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിനു ശേഷം കേരള ഘടകത്തില്‍നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി. ശനിയാഴ്ച രാത്രി ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ പി.ബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേരുനിര്‍ദേശിച്ചത്. പിബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് ബേബിയെ നിര്‍ദേശിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ കടന്നുവന്ന് യുവജനപ്രസ്ഥാനത്തിന്റെ അമരക്കാരനാവുകയും പില്‍ക്കാലത്ത് സംഘടനാ-പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളില്‍ വൈഭവം തെളിയിക്കുകയും ചെയ്ത ബേബി, പാര്‍ട്ടിയുടെ ബൗദ്ധിക-ദാര്‍ശനിക മുഖങ്ങളിലൊന്നാണ്. 1954-ല്‍ കുന്നത്ത് പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടുമക്കളില്‍ ഇളയവനായാണ് ജനനം. പ്രാക്കുളം എന്‍എസ്എസ് ഹൈസ്‌കൂള്‍, കൊല്ലം എസ്എന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
1975-ല്‍ എസ്എഫ്ഐയുടെ കേരളാഘടകം പ്രസിഡന്റായി. 1977-ല്‍ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിലുമെത്തി. 1978-ല്‍ ലോക യുവജന മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1984-ല്‍ സംസ്ഥാന കമ്മിറ്റിയംഗമായി. 1989-ല്‍ കേന്ദ്രകമ്മിറ്റി അംഗമായ ബേബി, 2012-ലാണ് പിബിയിലെത്തുന്നത്. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നിര്‍ണായക ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1983-ല്‍ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായി. പിന്നീട് മൂന്നുകൊല്ലത്തിനിപ്പുറം 1987-ല്‍ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് പദത്തിലുമെത്തി. 2016 മുതല്‍ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ് ബേബിയുടെ പ്രവര്‍ത്തനം. 1986-ലും 1992-ലും രാജ്യസഭാംഗമായിരുന്നു. 2006-ല്‍ കൊല്ലം കുണ്ടറയില്‍നിന്ന് നിയമസഭയിലെത്തിയ എംഎ ബേബി വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ (200611) വിദ്യാഭ്യാസ-സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. 2014-ല്‍ കൊല്ലം ലോക്സഭാ മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും ആര്‍എസ്പിയുടെ എന്‍.കെ. പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. ബേബിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെതിരേ ബംഗാള്‍ഘടകം എതിര്‍പ്പുന്നയിച്ചിരുന്നു എന്നാണ് വിവരം. എന്നാല്‍, ബേബിയുടെ എതിര്‍പക്ഷം പരിഗണിച്ചിരുന്ന കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്‌ളെയുടെ നിലപാട് പിബി യോഗത്തില്‍ വഴിത്തിരിവാകുകയായിരുന്നു. ബംഗാളില്‍നിന്നുള്ള മുഹമ്മദ് സലീമിനെ ധാവ്‌ളെ നിര്‍ദേശിച്ചു. എന്നാല്‍, താനില്ലെന്ന് സലീം വ്യക്തമാക്കി. ഇതോടെ, തര്‍ക്കം വേറൊരു വഴിക്കായി. ഒടുവില്‍, ഭൂരിപക്ഷാഭിപ്രായം മാനിച്ച് ബേബിയെ നിര്‍ദേശിക്കാന്‍ പിബി തീരുമാനിക്കുകയായിരുന്നു.