ഒന്നാം യുപിഎയിലെ ആണവ മണ്ടത്തരം സിപിഎമ്മിനെ കേരളത്തില്‍ മാത്രമൊതുക്കി; 2013ലെ അതിബുദ്ധിയില്‍ മോദിക്ക് ഹാട്രിക് ഭരണം താലത്തില്‍ വച്ചു നല്‍കിയ രാഹുല്‍ ഗാന്ധി; സ്വന്തം സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞ പാര്‍ട്ടി ഉപാധ്യക്ഷന്‍; എന്തുകൊണ്ട് മന്‍മോഹന് ശേഷം കോണ്‍ഗ്രസിന് പ്രധാനമന്ത്രിയെ കിട്ടിയില്ല? രാഹുലിന്റെ പ്രകോപനത്തെ മന്‍മോഹന്‍ സിംഗ് അതിജീവിച്ച കഥ

Update: 2024-12-27 08:50 GMT

ന്യൂഡല്‍ഹി: ഒന്നാം യുപിഎ സര്‍ക്കാരില്‍ എല്ലാം ഭദ്രമായിരുന്നു. ഇടതുപക്ഷത്തെ കെട്ടുറപ്പോടെ ചേര്‍ത്ത് നിര്‍ത്തി. ആണവ കരാറിന്റെ കാര്യത്തില്‍ സിപിഎം തെറ്റിപിരിഞ്ഞിട്ടും കോണ്‍ഗ്രസിന് ഭരണ തുടര്‍ച്ച കിട്ടി. ഇതിന് കാരണം പ്രധാനമന്ത്രിയായിരുന്ന ഡോ മന്‍മോഹന്‍ സിംഗിന്റെ പ്രതിച്ഛായയായിരുന്നു. അങ്ങനെ രണ്ടാം വട്ടവും പ്രധാനമന്ത്രി കസേരയില്‍ സിംഗിനെ നിയോഗിക്കേണ്ടി വന്നു സോണിയയ്ക്ക്. ഇങ്ങനെ പോയാല്‍ വീണ്ടുമൊരു ടേം മന്‍മോഹന്‍ സിംഗ് നേടിയെടുക്കുമെന്ന് ചിലര്‍ കരുതി. മറ്റ് ചിലര്‍ തുടര്‍ഭരണത്തിന്റെ ആര്‍ത്തിയില്‍ അഴിമതിയുടെ പിറകേയുമായി. അങ്ങനെ ചില കേന്ദ്രങ്ങള്‍ മന്‍മോഹന്‍ സിംഗിനെതിരെ കളി തുടങ്ങി. ഒന്നാം യുപിഎ കാലത്ത് ഈ പരിപാടിക്ക് ചുക്കാന്‍ പിടിച്ചത് സിപിഎമ്മും ഇടതുപക്ഷവുമായി. അവര്‍ പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒന്നുമില്ലാത്തവരുമായി. രണ്ടാം ടേമില്‍ കോണ്‍ഗ്രസില്‍ നിന്നായിരുന്നു പാര. മന്‍മോഹന്‍ സിംഗിനെ പരസ്യമായി തള്ളി പറഞ്ഞവരില്‍ രാഹുല്‍ ഗാന്ധിയുമുണ്ടായിരുന്നു. ഈ ചരിത്ര മണ്ടത്തരമാണ് കോണ്‍ഗ്രസിന് കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും വന്‍ തോല്‍വി നല്‍കിയത്. മന്‍മോഹന്‍ സിംഗിനെതിരെ കോണ്‍ഗ്രസിനുള്ളിലുണ്ടായ നീക്കങ്ങള്‍ മുതലെടുത്തായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്. സ്വന്തം പാര്‍ട്ടിക്ക് പോലും വേണ്ടാത്ത പ്രധാനമന്ത്രിയായിരുന്നുവെന്ന തെറ്റായ സന്ദേശം മന്‍മോഹന്‍സിംഗുമായി ബന്ധപ്പെട്ട് നല്‍കിയത് രാഹുലായിരുന്നു. ഈ തെറ്റാണ് മുതിര്‍ന്ന നേതാവ് പിജെ കുര്യനെ പോലുള്ളവര്‍ മന്‍മോഹന്‍ സിംഗ് വിടവാങ്ങുമ്പോള്‍ തുരന്നു പറയുന്നത്.

രാജ്യത്തെ രക്ഷിച്ച പ്രധാനമന്ത്രിയാണ് ഡോക്ടര്‍ മന്‍മോഹന്‍ സിങെന്ന് രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ പറയുന്നു. വ്യക്തിപരമായ നേട്ടങ്ങളില്‍ ഒന്നും മന്‍മോഹന്‍സിംഗ് വിശ്വസിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് കീറി എറിഞ്ഞത് ഡോക്ടര്‍ മന്‍മോഹന്‍സിങിനെ ഏറെ വേദനിപ്പിച്ചിരുന്നെന്നും പി ജെ കുര്യന്‍ വിശദീകരിച്ചു. രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് കീറി എറിഞ്ഞത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. പക്ഷേ, പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് മുന്നോട്ട് പോയി. സ്വന്തം നിലപാട് പുറത്ത് പറഞ്ഞാല്‍ വ്യക്തിപരമായി മൈലേജ് ലഭിക്കുന്ന ഒട്ടനവധി വിഷയങ്ങള്‍ ഉണ്ടായിരുന്നു. അതൊന്നും അദ്ദേഹം ഉപയോഗിച്ചിട്ടില്ല. 2ജി സ്പെക്ട്രം ആരോപണം വന്ന സമയത്തും അദ്ദേഹത്തിന് പേഴ്സണല്‍ മൈലേജ് കിട്ടുന്ന കാര്യങ്ങള്‍ ഉണ്ടായിരുന്നു. അതൊന്നും ഉപയോഗിച്ചില്ലെന്ന് പിജെ കുര്യന്‍ പറയുന്നു. ഇനി ഇതുപോലുള്ള നേതാക്കള്‍ ഉണ്ടാകുമോ എന്ന് അറിയില്ല എന്നും പി ജെ കുര്യന്‍ പറഞ്ഞു വയ്ക്കുന്നു. സമാന അഭിപ്രായമാണ് മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ടികെഎ നായരും പങ്കുവച്ചത്.

രാജ്യം കണ്ട ഏറ്റവും എളിമയുള്ള പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ് എന്ന് ടി കെ എ നായര്‍ പറയുന്നു. ഭരണത്തിലിരിക്കുമ്പോള്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നുവെങ്കിലും തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിലാണ് സിങ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ടി കെ എ നായര്‍ അനുസ്മരിച്ചു. രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തെ ഡമ്മി അല്ലെങ്കില്‍ നിഴല്‍ പ്രധാനമന്ത്രി എന്ന് മുദ്രകുത്തി. എന്നാല്‍ അദ്ദേഹത്തിന്റെ ശ്രദ്ധ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലായിരുന്നു. വിമര്‍ശകര്‍ക്കും എതിരാളികള്‍ക്കുമെതിരെ വ്യക്തിപരമായി ഒരിക്കലും ആക്രമണങ്ങള്‍ നടത്തിയില്ല. തന്റെ ഭരണകാലത്ത് അദ്ദേഹം സഹിച്ചിരുന്ന കഠിനമായ മാനസിക വേദന എനിക്ക് മനസ്സിലായി, പക്ഷേ അദ്ദേഹം അത് ഒരിക്കലും പ്രകടിപ്പിച്ചില്ലെന്നും ടി കെ എ നായര്‍ പറഞ്ഞു. ഈ വരികള്‍ക്കിടിയിലുള്ളതും പിജെ കുര്യന്‍ പ്രകടിപ്പിച്ചതിന് സമാന വികാരമാണ്.

2013ലായിരുന്നു ആ സംഭവം. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു ഓര്‍ഡിനന്‍സ് രാഹുല്‍ പരസ്യമായി കീറിയെറിഞ്ഞതാണ് അന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് തടയുന്ന ഓര്‍ഡിനന്‍സാണ് അന്ന് രാഹുല്‍ കീറിയെറിഞ്ഞത്. രണ്ട് വര്‍ഷമോ അതില്‍ക്കൂടുതലോ സമയം തടവുശിക്ഷക്ക് വിധിക്കപ്പെടുന്ന ജനപ്രതിനിധിയെ ഉടനടി അയോഗ്യനാക്കുന്നത് തടയുന്നതായിരുന്നു ഓര്‍ഡിനന്‍സ്. എന്നാല്‍ രാഹുല്‍ പരസ്യമായി എതിര്‍ത്തതോടെ ഓര്‍ഡിനന്‍സ് പിന്‍വലിക്കുകയായിരുന്നു. പിന്നീട് രാഹുലിനെതിരെ സമാന വിധി വന്നപ്പോഴും ആ തെറ്റ് ചര്‍ച്ചയായി. മേല്‍കോടതി അപ്പീല്‍ അംഗീകരിച്ചതു കൊണ്ട് മാത്രമാണ് രാഹുലിന് പിന്നീട് പാര്‍ലമെന്റ് അംഗമാകാന്‍ ആയത്.

രണ്ട് വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. നിലവിലെ ചട്ടപ്രകാരം ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ ശിക്ഷ വിധിക്കുന്ന അന്നു മുതല്‍ അയോഗ്യരാവും. 2013 ജൂലൈ 13ന് സുപ്രീം കോടതി പരിഗണിച്ച ലില്ലി തോമസും ഇന്ത്യാ ഗവണ്‍മെന്റും തമ്മിലെ കേസിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനെ മറികടക്കാനായിരുന്നു മന്‍മോഹന്‍ സിംഗ് ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്. ഈ ഉത്തരവ് രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാന്‍ ഭരണകൂടം ആയുധമാക്കുമെന്ന് മന്‍മോഹന്‍ സിംഗിന് അറിയാമായിരുന്നു. എന്നാല്‍ ആ ഉള്‍ക്കാഴ്ച രാഹുലിന് ഇല്ലാതെ പോയി.

എന്തായിരുന്നു ഓര്‍ഡിനന്‍സ് ?

രണ്ട് വര്‍ഷമോ അതില്‍ക്കൂടുതലോ തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ക്ക് സ്ഥാനം നഷ്ടമാകുമെന്ന് സുപ്രീംകോടതി വിധിച്ചു. 2013 ജൂലൈ 10നായിരുന്നു നിര്‍ണായക വിധി. ഈ ഉത്തരവിനെ മറികടക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി മന്‍മോഹന്‍ സര്‍ക്കാര്‍. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ രക്ഷിക്കാന്‍ സുപ്രീംകോടതി വിധിക്ക് മുകളിലായി ഓര്‍ഡിനന്‍സ് കൊണ്ടുവരാമെന്ന് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ തീരുമാനിച്ചു. കോടതി വിധി വന്ന് രണ്ട് മാസത്തിന് ശേഷം ഓര്‍ഡിനന്‍സ് കൊണ്ടുവന്നു.

ജനപ്രതിനിധികള്‍ ശിക്ഷിക്കപ്പെട്ടാല്‍ സുപ്രീംകോടതി വരെയുള്ള നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമേ സ്ഥാനത്ത് നിന്ന് നീക്കാവൂ എന്നായിരുന്നു ഓര്‍ഡിനന്‍സ്. അഴിമതിക്കേസുകളിലും മറ്റുമായി ശിക്ഷിക്കപ്പെട്ട ജനപ്രതിനിധമാരെ രക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ അന്നത്തെ പ്രധാന പ്രതിപക്ഷമായിരുന്ന ബിജെപി നിശിതമായി വിമര്‍ശിച്ചു. ഇതിനിടെയാണ് അമേരിക്ക സന്ദര്‍ശിക്കാന്‍ മന്‍മോഹന്‍ സിംഗ് പോയ വേളയില്‍ രാഹുലിന്റെ വാര്‍ത്താസമ്മേളനവും ബില്‍ കീറിയെറിയലും നടക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയും യുപിഎ സര്‍ക്കാരും തമ്മില്‍ അടിപിടിയാണെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ രാഹുലിന്റെ പ്രകടനം കാരണമായി. ഇതിന് പിന്നാലെ വന്ന പൊതുതെരഞ്ഞെടുപ്പില്‍ യുപിഎ വമ്പന്‍ പരാജയമേറ്റുവാങ്ങുകയും ചെയ്തു. സ്വയം നേതാവായി ഉയരാന്‍ രാഹുല്‍ നടത്തിയ അതിബുദ്ധിയായിരുന്നു ആ ഓര്‍ഡിനന്‍സ് കീറല്‍. 2013 സെപറ്റംബറിലാണ്. സ്ഥലം പ്രസ്‌ക്ലബ് ഓഫ് ഇന്ത്യ. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലേക്ക് അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധി കടന്നുവന്നു. പിന്നെ സ്വാഭാവികമായും വേദി ഏറ്റെടുത്തു രാഹുല്‍. ശിക്ഷിക്കപ്പെടുന്ന എം.പി, എം.എല്‍.എമാര്‍ പദവിയില്‍ തുടരുന്നതിനെതിരായ സുപ്രീംേകാടതി വിധി മറികടക്കാന്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സാണ് വിഷയം.

കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലുപ്രസാദ് അടക്കമുള്ളവരെ രക്ഷിക്കാന്‍ കൊണ്ടുവന്ന നിയമനിര്‍മാണമായിരുന്നു അത്. ''മന്ത്രിസഭ പാസാക്കിയ ഓര്‍ഡിനന്‍സ് യഥാര്‍ഥത്തില്‍ വലിച്ചുകീറി എറിയേണ്ടതാണ്'' -രാഹുല്‍ അങ്ങനെ വെടിപൊട്ടിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അമ്പരന്നു. ഭരിക്കുന്നത് മന്‍മോഹന്‍ സിങ്. പറയുന്നത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍. രാഷട്രീയത്തില്‍ ഗുരുസ്ഥാനീയനായ മന്‍മോഹനെതിരെ രാഹുല്‍ പറയുകയോ? രാഹുലിന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയെയും സര്‍ക്കാറിനെയും കരിതേക്കുകയോ? അതേക്കുറിച്ച് വര്‍ഷങ്ങള്‍ക്കുശേഷം, ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മൊണ്ടേക്‌സിങ് അഹലുവാലിയ നടത്തിയ വെളിപ്പെടുത്തല്‍ അതു ശരിവെച്ചു. 'ഞാന്‍ രാജിവെക്കണോ?' എന്ന് അഹലുവാലിയയോട് മന്‍മോഹന്‍ ചോദിച്ചിരുന്നുവത്രെ. അദ്ദേഹവുമായി അടുത്ത ബന്ധമുള്ള അഹലുവാലിയ അന്ന് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനായിരുന്നു. ഏതായാലും മന്‍മോഹന്‍ രാജിവെച്ചില്ല. പക്ഷേ ഓര്‍ഡിനന്‍സ് പിന്‍വലിച്ചു. ഇത് കോണ്‍ഗ്രസിന്റെ കേന്ദ്ര അധികാരം നേടലിന് പിന്നീട് വിലങ്ങു തടിയായി എന്നതാണ് വസ്തുത.

Tags:    

Similar News