പിഎം ശ്രീയെ മന്ത്രിസഭ അറിയാതെ പോയതില്‍ റോഷിയ്ക്കും ജയരാജിനും അമര്‍ഷം; പുകച്ചില്‍ മനസ്സിലാക്കി സിപിഎമ്മിനെ ചേര്‍ത്ത് പിടിച്ച് പാര്‍ട്ടി ചെയര്‍മാന്റെ പരസ്യ പ്രഖ്യാപനം; കേരളാ കോണ്‍ഗ്രസ് എമ്മിലെ നീക്കങ്ങള്‍ വീക്ഷിച്ച് യുഡിഎഫും; ജോസ് കെ മാണിയുടെ പാര്‍ട്ടിയില്‍ സംഭവിക്കുന്നത് എന്ത്?

Update: 2025-10-25 00:54 GMT

കോട്ടയം: പിഎം ശ്രീ പദ്ധതിയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിലും അതൃപ്തി. സിപിഎമ്മിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം. ഘടക കക്ഷിയായ സിപിഐ ശക്തമായ ഭാഷയില്‍ വിയോജിപ്പ് അറിയിച്ച് രംഗത്തുവന്നിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെയും സര്‍ക്കാരിനെയും പിന്തുണച്ച് രംഗത്തുവന്നു. എന്നാല്‍ വിഷയം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാത്തത് കേരളാ കോണ്‍ഗ്രസിലും പുകച്ചിലാണ്. മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് ജയരാജും സിപിഎം നടപടി ഏകപക്ഷീയമാണെന്ന അഭിപ്രായത്തിലാണ്. കേരളാ കോണ്‍ഗ്രസിലെ പല പ്രമുഖരും സിപിഎമ്മിന്റേയും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടേയും നിലപാടുകളെ അംഗീകരിക്കുന്നില്ലെന്നാണ് സൂചന. എന്നാല്‍ സിപിഎമ്മിനോടൊപ്പം നില്‍ക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം. കേരളാ കോണ്‍ഗ്രസ് എമ്മിലെ വലിയൊരു വിഭാഗം യുഡിഎഫിലെത്തുമെന്ന് കോണ്‍ഗ്രസ് പറയുന്നുണ്ട്. ഇതിനിടെയാണ് പിഎം ശ്രീ വിവാദവുമെത്തുന്നത്. എത്തരത്തിലാകും ഈ വിവാദം സിപിഐ എങ്ങനെ മുമ്പോട്ട് കൊണ്ടു പോകുന്നതെന്നതും നിര്‍ണ്ണായകമാകും.

പിഎം ശ്രീ പദ്ധതിയെക്കുറിച്ചു മുന്നണിക്കുള്ളിലും പൊതുസമൂഹത്തിനിടയിലും ഉയരുന്ന ആശങ്കകള്‍ ഇച്ഛാശക്തിയോടെ സര്‍ക്കാരും എല്‍ഡിഎഫ് നേതൃത്വവും പരിഹരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി വ്യക്തമാക്കി. ഒരു പദ്ധതി അത് കേന്ദ്രസര്‍ക്കാരിന്റേതായതുകൊണ്ട് മാത്രം എതിര്‍ക്കണമെന്ന് അഭിപ്രായം കേരള കോണ്‍ഗ്രസ് എമ്മിന് ഇല്ല. പിഎം ശ്രീ പദ്ധതിയുടെ 60 ശതമാനം വിഹിതം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണു വഹിക്കുന്നത്. അതുകൊണ്ട് പദ്ധതിയുടെ പൂര്‍ണ നിയന്ത്രണം കേന്ദ്രസര്‍ക്കാരില്‍ ആണെന്ന് പറയാനാവില്ല. കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളില്‍നിന്നും പൂര്‍ണമായും ഒഴിവായി നില്‍ക്കാന്‍ കേരളത്തിന് സാധിക്കുകയില്ല. സര്‍വശിക്ഷ അഭിയാന്‍ എസ്എസ്എ പദ്ധതിയില്‍ 2023-24ല്‍ 1031 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചുവെന്നും ജോസ് കെ മാണി പറയുന്നു.

2024-25ല്‍ ഒരു രൂപ പോലും ലഭിച്ചില്ല. അതിന്റെ കാരണം പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിടാതിരുന്നതാണ്.മാത്രമല്ല നിരവധി അധ്യാപകര്‍ പെരുവഴിയിലാകുന്ന സാഹചര്യമുണ്ടാകും. വിദ്യാഭ്യാസ നവീകരണത്തിന് ലഭിക്കുന്ന കോടിക്കണക്കിന് രൂപ അതുകൊണ്ട് നഷ്ടപ്പെടുത്താനാവില്ല. കേന്ദ്രസര്‍ക്കാര്‍ ഹിഡന്‍ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അതിനെ പ്രതിരോധിക്കാന്‍ കേരളത്തിലെ അധ്യാപകര്‍ക്കും വിദ്യാഭ്യാസ വിചക്ഷണര്‍ക്കും വിദ്യാഭ്യാസ വകുപ്പിനും സംസ്ഥാന സര്‍ക്കാരിനും സാധിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. ജോസ് കെ മാണിയുടെ ഈ നിലപാടിനെ കേരളാ കോണ്‍ഗ്രസ് എമ്മിലെ പ്രമുഖര്‍ ആരും തള്ളി പറഞ്ഞിട്ടില്ല. എന്നാല്‍ ചില അണിയറ ചര്‍ച്ചകള്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ സജീവമാണ്. ഇതിനെ പ്രതീക്ഷയോടെ യുഡിഎഫും നോക്കി കാണുന്നുവെന്നതാണ് വസ്തുത. ഔദ്യോഗികമോ അനൗദ്യോഗികമോ ആയ ചര്‍ച്ചകളൊന്നും കേരള കോണ്‍ഗ്രസുമായി നടക്കുന്നില്ലെങ്കിലും ഭാവിയില്‍ അതിനുള്ള സാധ്യത തള്ളാനാവില്ലെന്നു മാത്രമാണ് യുഡിഎഫ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഒരുകാരണവശാലും യുഡിഎഫിലേക്കില്ലെന്നും എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നുമാണ് കേരള കോണ്‍ഗ്രസ് (എം) നേതൃത്വത്തിന്റെ പരസ്യ നിലപാട്. റബര്‍ വില, കാരുണ്യ പദ്ധതി എന്നീ വിഷയങ്ങളില്‍ സര്‍ക്കാരുമായി കേരള കോണ്‍ഗ്രസ് (എം) ഇടയുന്നതിന്റെ സൂചനകള്‍ യുഡിഎഫ് കാണുന്നുണ്ട്. പാലാ, കടുത്തുരുത്തി നിയമസഭാ സീറ്റുകള്‍ സംബന്ധിച്ചു ധാരണയായാല്‍ യുഡിഎഫിലേക്കു തിരിച്ചുവരുമെന്നും റബര്‍ വില സ്ഥിരതാഫണ്ടും കാരുണ്യ പദ്ധതിയും അട്ടിമറിക്കപ്പെട്ടതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുന്നുണ്ടെന്നുമാണു പ്രചാരണം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പു മുന്നണിയെ ബലപ്പെടുത്തണമെന്ന വികാരം യുഡിഎഫിലും ശക്തമാണ്. കേരള കോണ്‍ഗ്രസിനെ (എം) കൂടി ഒപ്പം നിര്‍ത്തിയാല്‍ മധ്യ കേരളത്തില്‍ അടിത്തറ കൂടുതല്‍ വിപുലമാക്കാമെന്ന ചിന്ത യുഡിഎഫില്‍ ചിലര്‍ക്കുണ്ട്. തിരിച്ചെത്താനുള്ള സാഹചര്യമൊരുങ്ങിയാല്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു പുറമേ മുസ്ലിം ലീഗിന്റെയും സജീവ ഇടപെടലുണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം ചര്‍ച്ചകള്‍ സജീവമാകുമെന്നാണു യുഡിഎഫിന്റെ കണക്കുകൂട്ടല്‍.

സ്വന്തം രാജ്യസഭാ സീറ്റ് ജോസ് കെ.മാണിക്കു നല്‍കിയാണ് കേരള കോണ്‍ഗ്രസിനെ (എം) സിപിഎം എല്‍ഡിഎഫില്‍ ഉറപ്പിച്ചുനിര്‍ത്തിയിരിക്കുന്നത്. അതിനെ തള്ളിപ്പറഞ്ഞുള്ള മുന്നണി മാറ്റം ജോസ് കെ.മാണിക്ക് എളുപ്പമാവില്ല. സിപിഐ സമ്മതിക്കില്ലെങ്കിലും മധ്യകേരളത്തില്‍ എല്‍ഡിഎഫിനു കരുത്തുപകരുന്നതില്‍ കേരള കോണ്‍ഗ്രസ് എമ്മിനുള്ള പങ്കിനെ സിപിഎം അംഗീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണി സിപിഎമ്മിനെ ചേര്‍ത്തു പിടിക്കുന്നത്.

Tags:    

Similar News