കോട്ടയത്തെ ലഹരി വിരുദ്ധ യാത്രയില്‍ 'എഐ'! നിര്‍മ്മിത സാങ്കേതിക വിദ്യയുടെ കാലത്ത് കെസി ഭീഷണിയെ നേരിടാന്‍ ചെന്നിത്തലയുടെ തന്ത്രപരമായ നീക്കം; അബിന് പിന്നാലെ പുനസംഘടനയിലും കല്ലുകടി; ചാണ്ടി ഉമ്മനും രമേശും ഒരുമിക്കുമോ? കോണ്‍ഗ്രസില്‍ വീണ്ടും സമവാക്യ മാറ്റം
തിരുവനന്തപുരം: തന്ത്രപരമായ നീക്കങ്ങളിലുടെ കെ സി വേണുഗോപാല്‍ കേരളത്തിലെ കോണ്‍ഗ്രസിനെ കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്‌പോള്‍, തടയാനുള്ള പടയൊരുക്കവുമായി എ, ഐ ഗ്രപ്പുകള്‍. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാകുമെന്ന് കരുതിയിരുന്ന അബിന്‍ വര്‍ക്കിയെ തഴഞ്ഞതിനെതിരായ പ്രതിഷേധം പരസ്യ പ്രതികരണങ്ങളിലൂടെയും എഐസിസി ക്ക് പരാതി അയച്ചും ചര്‍ച്ചയാക്കുകാണ്. ഇതിനിടെ കോട്ടയത്ത് നടന്ന രമേശ് ചെന്നിത്തലയുടെ ലഹരിവിരുദ്ധ യാത്രയും ചര്‍ച്ചയാകുന്നുണ്ട്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തരായ നേതാക്കളെല്ലാം യാത്രയ്ക്ക് എത്തി. ഇതിനൊപ്പം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും വന്നു. എ ഗ്രൂപ്പിലെ രണ്ടു പ്രധാനികളാണ് ഇവര്‍. എ ഗ്രൂപ്പിനെ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ഹൈജാക്കു ചെയ്തുവെന്ന അഭിപ്രായം ഇവര്‍ക്കുണ്ട്. ചെന്നിത്തലയുമായി ഇരുവരും ആശയ വിനിമയം നടത്തി. എയും ഐയും യോജിക്കേണ്ട കാലം അതിക്രമിച്ചുവെന്ന നിലപാടും എടുത്തു.
അബിനെ ചാണ്ടി ഉമ്മനും തിരുവഞ്ചൂരും പിന്തുണച്ചിരുന്നു. കെപിസിസി അച്ചടക്ക സമിതിയുടെ അധ്യക്ഷനായ തിരുവഞ്ചൂരും കെസി ഗ്രൂപ്പിനോട് അമര്‍ഷത്തിലാണ്. ഈ സാഹചര്യത്തില്‍ എയും ഐയും ചേര്‍ന്ന് പുതിയൊരു കൂട്ടായ്മ ഉണ്ടാകുമെന്ന വിലയിരുത്തലുണ്ട്. ചെന്നിത്തലയ്‌ക്കൊപ്പമുള്ള നേതാക്കള്‍ ആരെന്ന് വ്യക്തമാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ മരണ ശേഷം എ ഗ്രൂപ്പ് ചിന്നിച്ചിതറി. ഇതില്‍ ആരെല്ലാം പുതിയ നീക്കത്തെ പിന്തുണയ്ക്കുമെന്ന് ഉറപ്പില്ല. കെപിസിസി പുനസംഘടനയിലും അതൃപ്തിയുണ്ട്. കെ മുരളീധരനും ഷമാ അഹമ്മദും അമര്‍ഷത്തിലാണ്. ഷമാ അഹമ്മദ് പരസ്യമായി പോസ്റ്റുമിട്ടു. ഈ സാഹചര്യത്തില്‍ ചെന്നിത്തലയുടെ പുതിയ കൂട്ടായ്മയില്‍ ഏതെല്ലാം നേതാക്കളെത്തുമെന്നത് നിര്‍ണ്ണായകമാണ്. അബിന്‍ വര്‍ക്കിയെ തഴഞ്ഞതിലും എല്ലാവരും അതൃപ്തിയിലാണ്. പ്രവര്‍ത്തകരുടെ വികാരം ഹൈക്കമാണ്ട് പിന്തുണയില്‍ കെസി അട്ടിമറിക്കുന്നുവെന്നാണ് ആരോപണം.
രാഹുല്‍ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ്മുന്‍ഷി തുടങ്ങിയവര്‍ക്കാണ് അബിനടക്കമുള്ളവര്‍ പരാതി അയച്ചത്. വേണുഗോപാലിനെതിരെ പരസ്യമായി പ്രതികരിക്കാനും പരാതി അയക്കാനും ഭയമുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെയാണിത്. വേണുഗോപാലിനെതിരെ മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാണ്ടിനെ സമീപിച്ചക്കും. ഐ ഗ്രൂപ്പുകാരാണ് ആദ്യം നീരസം പ്രകടിപ്പിച്ചതെങ്കില്‍ ചാണ്ടി ഉമ്മന്റെ പ്രതികരണത്തോടെ എ ഗ്രൂപ്പിന്റെ പ്രതിഷേധവും പരസ്യമാക്കി. 'പിതാവിന്റെ ഓര്‍മദിനത്തില്‍യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കി. തെരഞ്ഞെടുപ്പിനുശേഷം എല്ലാം പറയും. 'അബിന്‍ വര്‍ക്കിയെ ഇങ്ങനെ പരിഗണിച്ചാല്‍ പോരായിരുന്നു' എന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് തുറന്നടിച്ചു. ഐ ഗ്രൂപ്പ് നേതാവായ രമേശ് ചെന്നിത്തല 'എല്ലാം ചാണ്ടി പറയും' എന്ന് പറഞ്ഞതിനുശേഷമായിരുന്നു ചാണ്ടിയുടെ പ്രതിഷേധം. എ ഗ്രൂപ്പ് നേതാവ് ബെന്നി ബെഹ്നാന്‍ അടക്കമുള്ളവരും കടുത്ത അമര്‍ഷത്തിലാണ്.
അബിനെ പാരവച്ച് പുറത്താക്കിയത് ഷാഫി പറന്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ചേര്‍ന്നാണെന്നാണ് പൊതു വികാരം. എ ഗ്രൂപ്പില്‍ നിന്നുതന്നെ മറ്റൊരാളുടെ പേര് മുന്നോട്ടുവച്ച് അബിനെ വെട്ടി. ഒടുവില്‍ ഇരുവരെയും വെട്ടി വേണുഗോപാലിനോട് കൂറുള്ള ജനീഷിനേയും ബിനു ചുള്ളിയിലിനേയും വച്ചു. ഇതോടെയാണ് കോണ്‍ഗ്രസില്‍ അഭ്യന്തര പ്രശ്‌നം രൂക്ഷമാകുന്നത്. ആരോടും ചര്‍ച്ച ചെയ്യാതെയായിരുന്നു ഈ നിയമനങ്ങള്‍. കെ കരുണാകരന്റെ ഗ്രൂപ്പിലുണ്ടായിരുന്നവരാണ് ചെന്നിത്തലയും കെസിയും എ്ല്ലാം. പിന്നീട് ചെന്നിത്തല തിരുത്തല്‍വാദിയായി. വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നിത്തലയ്ക്ക് പിന്നില്‍ ഐ ഗ്രൂപ്പ് ഒരുമിച്ചു. എന്നാല്‍ കെസി ഹൈക്കമാണ്ടിലെ പ്രധാനിയായതോടെ ഈ സമവാക്യം മാറി മറിഞ്ഞു. അത് മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതാണ് പുതിയ വിവാദം. കെസിയും കെസി വിരുദ്ധരുമായി കേരളത്തിലെ കോണ്‍ഗ്രസ് മാറാനും സാധ്യതയുണ്ട്.