പിഎം ശ്രീയില്‍ 'പിണറായി തലതാഴ്ത്തി' എന്നത് തലക്കെട്ടാകരുത്! ക്ഷേമപെന്‍ഷനും ആശാ അലവന്‍സും ഉയര്‍ത്തിയ മുഖ്യമന്ത്രിയുടെ ഉദാരത വാര്‍ത്തകളില്‍ നിറയും; തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തവാരം പ്രഖ്യാപിക്കാനിരിക്കേ യുവാക്കളെയും സ്ത്രീകളെും സര്‍ക്കാര്‍ ജീവനക്കാരെയും തൃപ്തിപ്പെടുത്തി 'മിന്നല്‍ പിണറായി' മുഖ്യന്‍; നിയമസഭാ സമ്മേളനത്തില്‍ പ്രഖ്യാപിക്കാനിരുന്നത് നേരത്തെയാക്കി 'രക്ഷാപ്രവര്‍ത്തനം'

പിഎം ശ്രീയില്‍ 'പിണറായി തലതാഴ്ത്തി' എന്നത് തലക്കെട്ടാകരുത്!

Update: 2025-10-29 12:44 GMT

തിരുവനന്തപുരം: മന്ത്രിസഭയെയും എല്‍ഡിഎഫിലെ ഘടകക്ഷികളെയും അറിയിക്കാതെ പിഎം ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പിട്ടതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ താല്‍പ്പര്യമായിരുന്നു. ഈ ഒപ്പിടല്‍ വിവാദമായതോടെ സിപിഐയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി പിണറായിക്ക് തിരുത്തേണ്ടിയും വന്നു. ഇന്ന് മന്ത്രിസഭാ ഉപസമതിയെ ഇതിനായി നിയോഗിച്ച ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. ഇതോടെ പിഎം ശ്രീയില്‍ പിണറായി വിജയന്റെ പിന്നോട്ടു പോക്ക് നാളെ പത്രങ്ങളില്‍ അടക്കം നിറയേണ്ട അവസ്ഥയായിരുന്നു. എന്നാല്‍, രാഷ്ടീയമായി പ്രതിസന്ധികളെ അതിജീവിക്കുന്നത് പതിവാക്കി മാറ്റിയ പിണറായി ഇക്കുറിയും പതിവുതെറ്റിച്ചില്ല. കേരളത്തിലെ സമസ്ത മേഖലയെയും സ്പര്‍ശിക്കുന്ന ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചു കൊണ്ടാണ് പിണറായി തെരഞ്ഞെടുപ്പു മോഡിലേക്ക് മാറിയിരിക്കുന്നത്.

പിഎം ശ്രീയില്‍ 'പിണറായി തലതാഴ്ത്തി' എന്നത് തലക്കെട്ടാകരുത് എന്ന് ഉറപ്പിച്ചു കൊണ്ടുള്ള ക്ഷേമപദ്ധതികളുടെ പ്രഖ്യാപനമാണ് പിണറായി വാര്‍ത്താസമ്മേളനത്തില്‍ നടത്തിയത്. ക്ഷേമപെന്‍ഷനും ആശാ അലവന്‍സ് ഉയര്‍ത്തിയുമുള്ള തീരുമാനം അടക്കം സമൂഹത്തിലെ നാനാ തുറയിലെ ആളുകളെ സ്വാധീനിക്കാന്‍ പോന്ന പ്രഖ്യാപനമാണ് പിണറായി ഇന്ന് നടത്തിയത്. പ്രത്യേക നിയമസഭ വിളിച്ചു ചേര്‍ത്ത് പ്രഖ്യാപിക്കാനിരുന്ന ക്ഷേമ പദ്ധതികളാണ് പിണറായി വാര്‍ത്താ സമ്മേളത്തിലെത്തി പ്രഖ്യാപിച്ചത്.

ഒരു വശത്ത് കോണ്‍ഗ്രസ് പുനസംഘടന ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിനിടെയാണ് തെരഞ്ഞടുപ്പു മോഡിലേക്ക് എല്‍ഡിഎഫ് കടന്നിരിക്കുന്നത്. കഴിഞ്ഞ തവണ തുടര്‍ഭരണം നേടുന്നതില്‍ നിര്‍ണായകമായി പങ്കുവഹിച്ചത് കിറ്റ് രാഷ്ട്രീയമായിരുന്നു. ഒപ്പം ക്ഷേമ പെന്‍ഷന്‍ അടക്കം നിര്‍ണായകമായി മാറിയിരുന്നു. മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന മുദ്രാവാക്യത്തില്‍ മുന്നോട്ടു പോകുമ്പോഴാണ് നിര്‍ണായകമായ പ്രഖ്യാപനങ്ങള്‍ ഉള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ ഇതിനായി എങ്ങനെ ഫണ്ടു കണ്ടെത്തും എന്ന ചോദ്യമാണ് ബാക്കിയായിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമ പെന്‍ഷന്‍ 2000 രൂപയായി വര്‍ധിപ്പിച്ചത് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, 1800 രൂപയാക്കുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. 1600 രൂപയാണ് നിലവില്‍ ക്ഷേമ പെന്‍ഷന്‍ അനുവദിക്കുന്നത്. പെന്‍ഷന്‍ വര്‍ധിപ്പിച്ചതോടെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 13000 കോടി രൂപ സര്‍ക്കാര്‍ പ്രതിവര്‍ഷം നീക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് നല്‍കാനുള്ള ഡിഎ, ഡിആര്‍ കുടിശിക രണ്ട് ഗഡു ഈ വര്‍ഷം അനുവദിച്ചിരുന്നു. ഈ വര്‍ഷം ഒരു ഗഡു കൂടി അനുവദിക്കും. നവംബറില്‍ വിതരണം ചെയ്യുന്ന പെന്‍ഷന്‍, ശമ്പളം എന്നിവയ്‌ക്കൊപ്പം 4% കുടിശിക വിതരണം ചെയ്യും.

കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്ന പേരില്‍ യുവജനങ്ങള്‍ക്കായും സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. നൈപുണ്യ വികസന കോഴ്‌സില്‍ പഠിക്കുന്നവര്‍ക്കായി 1000 രൂപ വീതം സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. 5 ലക്ഷത്തോളം യുവതി യുവാക്കളാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവുക.

അംഗന്‍വാടി വര്‍ക്കര്‍മാരുടേയും, ഹെല്‍പ്പര്‍മാരുടേയും പ്രതിമാസ ഓണറേറിയം ആയിരം രൂപ വീതം വര്‍ധിപ്പിച്ചു. 66,240 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം 934 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് 2024ലാണ് ഓണറേറിയം വര്‍ധിപ്പിച്ചത്. കുടുംബശ്രീ എഡിഎസിന് പ്രവര്‍ത്തന ഗ്രാന്റായി പ്രതിമാസം 1,000 രൂപ (19,470) നല്‍കും. സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം 1000 രൂപയായി വര്‍ധിപ്പിച്ചു. പ്രതിവര്‍ഷം 5 കോടി അഞ്ച് ലക്ഷം രൂപയാണ് അധികമായി ചെലവാകുക. ഇതുവരെയുള്ള കുടിശിക മുഴുവനായും തീര്‍ക്കും.

ആശാ വര്‍ക്കര്‍മാരെയും കൈവിട്ടില്ല

സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തിയ ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നവും പരിഹരിക്കുന്നതാണ് പ്രഖ്യാനം. ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിക്കും. 26,125 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ ഇനത്തില്‍ പ്രതിവര്‍ഷം 250 കോടി രൂപ ചെലവാകും. ഇതുവരെയുള്ള കുടിശികയും വിതരണം ചെയ്യും.

പാചകത്തൊഴിലാളികളുടെ പ്രതിദിന കൂലി 50 രൂപ വര്‍ധിപ്പിക്കും. ഗസ്റ്റ് ലക്ചര്‍മാരുടെ പ്രതിമാസ വേതനം പരമാവധി 2,000 രൂപ വര്‍ധിപ്പിക്കും. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാ മാസവും സാമ്പത്തിക സഹായം ലഭ്യമാക്കും. മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ വിഭാഗത്തില്‍പ്പെട്ട മറ്റ് പെന്‍ഷനുകളൊന്നും ലഭിക്കാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം സ്ത്രീ സുരക്ഷ പെന്‍ഷന്‍ നല്‍കും. 33 ലക്ഷം സ്ത്രീകളാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവുക. പ്രീപ്രൈമറി ടീച്ചര്‍മാര്‍, ആയമാര്‍ എന്നിവരുടെ പ്രതിമാസ വേതനം 1000 രൂപ വര്‍ധിപ്പിക്കും. 5 കോടി 72 ലക്ഷം രൂപ ഇതിനായി നീക്കി വയ്ക്കും. ഗസ്റ്റ് ലക്ചര്‍മാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വര്‍ധിപ്പിച്ചു.

റബര്‍ കര്‍ഷകര്‍ക്ക് നല്‍കിവരുന്ന താങ്ങുവില കിലോക്ക് 200 രൂപയാക്കി ഉയര്‍ത്തും. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപെന്‍ഷന്‍ 2000 രൂപയായി വര്‍ധിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് നല്‍കാനുള്ള ഡിഎ, ഡിആര്‍ കുടിശിക രണ്ട് ഗഡു ഈ വര്‍ഷം അനുവദിച്ചിരുന്നു. ഈ വര്‍ഷം ഒരു ഗഡു കൂടി അനുവദിക്കും. നവംബറില്‍ വിതരണം ചെയ്യുന്ന പെന്‍ഷന്‍, ശമ്പളം എന്നിവയ്‌ക്കൊപ്പം 4% കുടിശിക വിതരണം ചെയ്യും. കുടുംബശ്രീ എഡിഎസിന് പ്രവര്‍ത്തന ഗ്രാന്റായി പ്രതിമാസം 1,000 രൂപ (19,470) നല്‍കും.

സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം 1000 രൂപയായി വര്‍ധിപ്പിച്ചു. പ്രതിവര്‍ഷം 5 കോടി അഞ്ച് ലക്ഷം രൂപയാണ് അധികമായി ചെലവാകുക. ഇതുവരെയുള്ള കുടിശിക മുഴുവനായും തീര്‍ക്കും. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാ മാസവും സാമ്പത്തിക സഹായം ലഭ്യമാക്കും. മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ വിഭാഗത്തില്‍പ്പെട്ട മറ്റ് പെന്‍ഷനുകളൊന്നും ലഭിക്കാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം സ്ത്രീ സുരക്ഷ പെന്‍ഷന്‍ നല്‍കും. 33 ലക്ഷം സ്ത്രീകളാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവുക.

Tags:    

Similar News