ഒല്ലൂരോ തൃശൂരോ നല്‍കി മേയറെ 'താമര'ക്കാരനാക്കും; തദ്ദേശത്തില്‍ മികവ് കാട്ടി ലക്ഷ്യമിടുന്നത് തൃശൂരിലെ ആറ് നിയമസഭകളിലും മുന്‍തൂക്കമുണ്ടാക്കല്‍; സുരേഷ് ഗോപിയെ പുകഴ്ത്തുന്നത് തുടരുമെന്ന് പ്രഖ്യാപിച്ച് വര്‍ഗ്ഗീസും; സഭയുമായുള്ള മോദിയുടെ ചര്‍ച്ച തൃശൂരിലെ ക്രൈസ്തവരെ ചേര്‍ത്ത് നിര്‍ത്താന്‍ തന്നെ; ഔസേപ്പച്ചനിലും കണ്ണ്; ശക്തന്റെ നാട്ടില്‍ 'ആക്ഷന്‍ ഹീറോ' ഇഫക്ട് തുടരുമോ?

Update: 2025-11-07 07:00 GMT

തൃശ്ശൂര്‍: തൃശൂര്‍ മേയര്‍ എംകെ വര്‍ഗ്ഗീസിനെ ഒല്ലൂരിലോ തൃശൂരിലോ മത്സരിപ്പിക്കാന്‍ ബിജെപിയില്‍ ചര്‍ച്ച സജീവം. വര്‍ഗ്ഗീസ് ബിജെപിയില്‍ എത്തുമെന്ന് തന്നെയാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ എത്താന്‍ സാധ്യതയുണ്ട്. ഈ ചടങ്ങില്‍ വര്‍ഗീസ് ബിജെപിയിലേക്ക് എത്തുമെന്നാണ് സൂചന. മോദി വ്ന്നില്ലെങ്കില്‍ കേന്ദ്രമന്ത്രി അമിത് ഷായെങ്കിലും വര്‍ഗ്ഗീസിനെ സ്വീകരിക്കാന്‍ എത്തും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് വര്‍ഗ്ഗീസിനെ ബിജെപിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍. തൃശൂര്‍ ലോക്‌സഭയിലെ ആറു നിയമസഭാ സീറ്റിലും പ്രധാനികളെ തന്നെ ബിജെപി മത്സരിപ്പിക്കും. പത്മജാ വേണുഗോപാല്‍, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, കൃഷ്ണുകാര്‍ തുടങ്ങിയ പ്രധാനികള്‍ നിയമസഭാ അങ്കത്തിനുണ്ടാകും.

അതിനിടെ ഇടതുപക്ഷത്തിനായി പ്രചരണത്തിന് ഇറങ്ങില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ചെയ്ത നല്ലകാര്യങ്ങള്‍ താന്‍ പറയുമെന്നും വര്‍ഗ്ഗീസ് ആവര്‍ത്തിച്ചു. ഇപ്പോള്‍ സ്വതന്ത്രനായാണ് നില്‍ക്കുന്നത്. ആര്‍ക്കാണ് തന്നെ ആവശ്യം എന്നതിനനുസരിച്ച് മൂന്നു മാസത്തിന് ശേഷം തീരുമാനമെടുക്കുമെന്നും എം.കെ. വര്‍ഗീസ് വിശദീകരിക്കുന്നു. കഴിഞ്ഞ ദിവസം ക്രൈസ്തവ സഭാ നേതൃത്വം പ്രധാനമന്ത്രി മോദിയെ കണ്ട് ചര്‍ച്ച ചെയ്തിരുന്നു. ബിജെപിയുമായി ക്രൈസ്തവ സഭയെ ചേര്‍ത്ത് നിര്‍ത്താനുള്ള പദ്ധതിയാണ് ഇതിന് പിന്നില്‍. യാഥാര്‍ത്ഥ്യ ബോധത്തോടെ മിഷന്‍ 21 ആണ് കേരളത്തിനായി മോദി മുമ്പോട്ട് വയ്ക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 21 സീറ്റില്‍ ജയിച്ച് പ്രതിപക്ഷ ശബ്ദമായി മാറുക. അടുത്ത തവണ അധികാരം പിടിക്കുക. ഇതിന് ക്രൈസ്തവരെ ചേര്‍ത്ത് നിര്‍ത്താനാണ് ആലോചന. തൃശൂരില്‍ ക്രൈസ്തവ വോട്ടുകള്‍ നിര്‍ണ്ണായകമാണ്. അതു കൂടി പരിഗണിച്ചാണ് വര്‍ഗ്ഗീസിനേയും ഔസേപ്പച്ചനേയും എല്ലാം സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ആലോചന. തദ്ദേശത്തില്‍ ബിജെപി തൃശൂരില്‍ മികവ് കാട്ടിയാല്‍ നിയമസഭയിലും ജയിക്കാമെന്നാണ് വിലയിരുത്തല്‍. വര്‍ഗ്ഗീസും ഈ സാഹചര്യത്തിലാണ് മൗനം തുടരുന്നത്.

തന്റെ ആശയങ്ങളുമായി മുമ്പോട്ടുപോകുമ്പോള്‍ അതുമായി യോജിച്ചുപോകുന്ന ആരു സമീപിച്ചാലും അവരുടെ കൂടെ മുമ്പോട്ടു പോകുമെന്ന് എം.കെ. വര്‍ഗീസ് വ്യക്തമാക്കി. അഞ്ചു വര്‍ഷം കൊണ്ട് പുതിയ തൃശ്ശൂരിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇനി അത് മുമ്പോട്ട് കൊണ്ടുപോകാന്‍ പുതിയ തലമുറ വരട്ടെ. സ്വതന്ത്രനായാണ് ഞാന്‍ വന്നത്. ഇടതുപക്ഷത്തിന്റെ കൂടെ നിന്നപ്പോള്‍ ഇതുവരെ മുഖം കറുപ്പിക്കുന്ന സമീപനം ഉണ്ടായിട്ടില്ല. സ്വതന്ത്രനായിരുന്നു. അതുകൊണ്ട് അഴിമതിരഹിതമായ കുറേ വികസനം നടത്താന്‍ പറ്റി. അതിന്റെ ബോധ്യം ഇടതുപക്ഷത്തിനുണ്ടാകും. അതുകൊണ്ടായിരിക്കാം അഞ്ചു വര്‍ഷം തനിക്ക് കിട്ടിയത്. തിരഞ്ഞെടുപ്പ് കാലത്ത് വിശ്രമത്തിലായിരിക്കും. ഒരു പാര്‍ട്ടിയുടെ കൂടെയും ഇറങ്ങാന്‍ ആലോചിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ സ്വതന്ത്രനായി നില്‍ക്കും. പിന്നെ ആശയങ്ങളുമായി പൊരുത്തപ്പെട്ട് പോകാന്‍ പറ്റിയ ആരെയെങ്കിലും ഉണ്ടോ എന്ന് നോക്കി ബാക്കി കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എം.കെ. വര്‍ഗീസിന്റെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും വലിയ വിവാദങ്ങളുയര്‍ത്തിയിരുന്നു. സുരേഷ് ഗോപിയെ നിരന്തരം പുകഴ്ത്തിപ്പറയുന്നതിലൂടെ ഇടതുപക്ഷത്തുനിന്നുതന്നെ ഏറെ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ 24-24 എന്ന നിലയിലായിരുന്നു എല്‍ഡിഎഫും യുഡിഎഫും. ഇതിനൊപ്പം സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ചുവന്ന എം.കെ. വര്‍ഗീസും എത്തിയപ്പോഴാണ് എല്‍ഡിഎഫിന് ഭരണം ലഭിച്ചത്. രണ്ടര വര്‍ഷം മേയര്‍ സ്ഥാനം, അതിനുശേഷം സിപിഎമ്മിലെ ഒരാള്‍ക്ക് മേയര്‍സ്ഥാനം എന്നായിരുന്നു ധാരണ. വര്‍ഗ്ഗീസിനെ പിണക്കാതിരിക്കാന്‍ സിപിഎം അത് വേണ്ടെന്ന് വച്ചു. നിലവില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കെ.എം വര്‍ഗീസിന്റെ നീക്കങ്ങളെന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്.

സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിന് തൃശൂരില്‍ ഒരുങ്ങിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞടുപ്പില്‍ മുക്കാല്‍ ലക്ഷത്തിന്റെ വോട്ടിന് ജയിക്കാന്‍ സുരേഷ് ഗോപിക്ക് സഹായകമായത് കോര്‍പറേഷന്‍ പരിധിയിലെ വോട്ടുകള്‍ കൂടിയാണ്. 36 ഡിവിഷനുകളില്‍ സുരേഷ് ഗോപി ലീഡ് ചെയ്തിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും ഈ ഡിവിഷനുകള്‍ ഒപ്പം നില്‍ക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി എന്ന വ്യക്തിക്ക് കിട്ടിയ വോട്ടാണ് ബിജെപിക്ക് വിജയം നല്‍കിയതെന്നും അതേ തരംഗം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടാകില്ല എന്നുമാണ് എല്‍ഡിഎഫും യുഡിഎഫും കരുതുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഒപ്പത്തിനൊപ്പം പ്രധാന മുന്നണികള്‍ എത്തിയതോടെയാണ് വിമതനായിരുന്ന എംകെ വര്‍ഗീസ് മേയര്‍ ആയതും ഇടതുപക്ഷം ഭരിച്ചതും. എങ്കിലും സുരേഷ് ഗോപിയെ പുകഴ്ത്തിയും ഒപ്പം ചേര്‍ന്നുമായിരുന്നു വര്‍ഗീസിന്റെ ഓരോ നീക്കങ്ങളും.

ടിഎന്‍ പ്രതാപനെക്കാള്‍ മികച്ച പിന്തുണ എംപി എന്ന നിലയില്‍ സുരേഷ് ഗോപിയില്‍ നിന്ന് ലഭിച്ചു എന്നാണ് മേയറുടെ നിലപാട്. മേയര്‍ ലക്ഷ്യമിടുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് ആണ് എന്നാണ് തൃശൂരിലെ സിപിഎമ്മിലെ പ്രധാന നേതാക്കളെല്ലാം കരുതുന്നത്.

Tags:    

Similar News