സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ സി.പി.എം - കോണ്‍ഗ്രസ് 'കുറുവ സംഘം'; പോറ്റിയെ സോണിയാ ഗാന്ധിയുടെ വീട്ടിലെത്തിച്ചത് എന്തിന്? ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി അന്വേഷണം ഭയന്ന് പിണറായിയും സതീശനും; തുറന്നടിച്ച് എം.ടി രമേശ്

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ സി.പി.എം - കോണ്‍ഗ്രസ് 'കുറുവ സംഘം'

Update: 2026-02-09 12:05 GMT

കണ്ണൂര്‍: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ് അട്ടിമറിക്കാന്‍ സി.പി.എം - കോണ്‍ഗ്രസ് കുറുവാ സംഘം ശ്രമിക്കുന്നുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടരി എം.ടി രമേശ് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച്ച രാവിലെ 11.30 ന് ബി.ജെ.പി കണ്ണൂര്‍ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യാപ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മടിയില്‍ കനമില്ലെങ്കില്‍ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ് ഇ ഡി അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നു. ആരെയാണ് മുഖ്യമന്ത്രിക്ക് ഭയം എസ്. ഐ.ടി അന്വേഷണത്തെ ഇല്ലാതാക്കാന്‍ സി.പി.എമ്മിനൊപ്പം കോണ്‍ഗ്രസും ഒത്തുകളിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രമല്ല കോണ്‍ഗ്രസിലെ വലിയ നേതാക്കളുടെ ഓഫീസില്‍പ്പോലും കയറേണ്ടിവരും. ആന്റണി രാജുവും അടൂര്‍ പ്രകാശും കൂടി ഉണ്ണികൃഷ്ണന്‍പോറ്റിയെ എന്തിന് സോണിയാ ഗാന്ധിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്ന് പറയണം. പോറ്റിക്കെന്തെങ്കിലും രാഷ്ട്രീയ ബന്ധമുണ്ടോയെന്നും എം.ടി രമേശ് ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് പോലെ സോണിയഗാന്ധിയുടെ ഓഫീസും ഈ കാര്യത്തില്‍ സംശയത്തിന്റെ നിഴലിലാണ് അതുകൊണ്ടാണ് ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇഡി അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രിയും വി.ഡി സതീശനും ഒരേ സ്വരത്തില്‍ പറയുന്നത്. ശബരിമലയില്‍ നിന്നും സ്വര്‍ണം കക്കാനും വില്‍ക്കാനും ഇപ്പോള്‍ കേസ് അന്വേഷണം ഇല്ലാതാക്കാനും ഇവര്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറില്‍നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്. ഐ.ടി ചോദ്യം ചെയ്തത്. ഇതോടെയാണ് അന്വേഷണം ഇല്ലാതാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ വിശ്വസ്തന്‍ ഇടപ്പെട്ടത്.

ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിഎസ്.ഐ.ടിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചു ചേര്‍ത്തു. സി.പി.എം നേതാക്കളില്‍ അന്വേഷണം എത്താതിരിക്കാനാണ് ഇടപ്പെടല്‍ നടത്തിയത്. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളിയെ ചോദ്യം ചെയ്തു അറസ്റ്റുചെയ്താല്‍ ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെയും ചോദ്യം ചെയ്യേണ്ടി വരും..ഒടുവില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുമെന്ന ഭയം കാരണമാണ് എസ്.ഐ. ടി അന്വേഷണത്തെ കൊല്ലാന്‍ ശ്രമിച്ചത് സത്യസന്ധമായ അന്വേഷണം മുന്‍പോട്ടു പോകാന്‍ പാടില്ലാത്തതിനാല്‍ എസ്. ഐ.ടി അന്വേഷണം അട്ടിമറിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്.

2019ല്‍ തുടങ്ങിയ സ്വര്‍ണ കൊള്ള 2022 വരെ നീണ്ടു. സ്വര്‍ണം കൊളളയടിക്കുമ്പോള്‍ കടകംപള്ളി സുരേന്ദ്രനാണ് ദേവസ്വം മന്ത്രിയെങ്കില്‍ 2022 ല്‍ വി.എന്‍ വാസവനാണ്. ശബരിമലയെ എക്കാലവും തകര്‍ക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചത്. സുപ്രീം കോടതിയുടെ വിധിയില്‍ ആചാരലംഘനം നടത്തി യുവതി പ്രവേശനം നടത്താന്‍ നോക്കിയപ്പോള്‍ കേരളത്തില്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. അവരെ പുറം കാല്‍ കൊണ്ടു ചവുട്ടി വീഴ്ത്തുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് എം.ടി രമേശ് പറഞ്ഞു. ധര്‍ണയില്‍ ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി അദ്ധ്യക്ഷ്യനായി. മേഖലാ സെല്‍ കോര്‍ഡിനേറ്റര്‍ വി.കെ. സജീവന്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്‍ സുരേഷ്, അഡ്വ. ഷിജിലാല്‍ വി.പി ഷാജി, സംസ്ഥാന സമിതി അംഗങ്ങളായ എന്‍ ഹരിദാസ്, പി. സത്യപ്രകാശ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News