ഫോട്ടോ എടുത്താല്‍ പ്രതിയാകുമെങ്കില്‍ നോട്ടീസ് അയക്കേണ്ടത് ക്ലിഫ് ഹൗസിലേക്കല്ലേ?; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തതിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍; പോറ്റിയെ ശബരിമലയില്‍ കയറ്റിയതും ഇറക്കിയതും സഖാക്കള്‍; വിജയന്‍ സേനയ്ക്ക് ജനങ്ങള്‍ നിയമസഭയില്‍ മറുപടി നല്‍കുമെന്ന് വെല്ലുവിളി
ഫോട്ടോ എടുത്താല്‍ പ്രതിയാകുമെങ്കില്‍ നോട്ടീസ് അയക്കേണ്ടത് ക്ലിഫ് ഹൗസിലേക്കല്ലേ?
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത നടപടിയെ കടന്നാക്രമിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തു എന്നതിന്റെ പേരില്‍ നോട്ടീസ് അയക്കുന്ന അന്വേഷണ രീതി രാഷ്ട്രീയ പ്രഹസനമാണെന്ന് രാഹുല്‍ പരിഹസിച്ചു. ശബരിമലയിലെ പൊന്നുവരെ മോഷ്ടിച്ച സര്‍ക്കാര്‍, തങ്ങളുടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ പ്രതിപക്ഷ വേട്ട നടത്തുകയാണെന്നാണ് എംഎല്‍എയുടെ പ്രധാന ആരോപണം.
ഫോട്ടോ എടുത്തവര്‍ക്കൊക്കെ നോട്ടീസ് അയക്കാനാണ് ഭാവമെങ്കില്‍ അന്വേഷണ സംഘത്തിന് ക്ലിഫ് ഹൗസിന്റെ വിലാസം അറിയില്ലേ എന്ന് രാഹുല്‍ ചോദിച്ചു. 2019 മുതല്‍ നടന്ന സ്വര്‍ണ്ണക്കൊള്ളയില്‍, സര്‍ക്കാരിന്റെ ഭാഗമല്ലാത്ത ഒരു പ്രതിപക്ഷ എംപിക്ക് എന്ത് പങ്കാണുള്ളതെന്ന് ചോദിച്ച രാഹുല്‍, പ്രതിയായ പോറ്റിയെ ശബരിമലയില്‍ കയറ്റിയതും ജയിലില്‍ നിന്ന് ഇറക്കിയതും സഖാക്കളാണെന്ന ഗുരുതരമായ ആരോപണവും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് കനത്ത തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പോടെയാണ് രാഹുലിന്റെ കുറിപ്പ് അവസാനിക്കുന്നത്.
രാഹുലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
ശ്രീ അടൂര്‍ പ്രകാശിനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവത്രെ...
ആയിക്കോട്ടെ, ഒരു അന്വേഷണ ഏജന്‍സിക്ക് ആരെയും ചോദ്യം ചെയ്യാം. പക്ഷേ എന്താണ് SIT അന്വേഷിക്കുന്ന ഇവിടുത്തെ offence?പോറ്റിക്കൊപ്പം ആരൊക്കെ ഫോട്ടോ എടുത്തു എന്നുള്ളതാണോ?
അതോ ഈ ക്രിമിനല്‍ കേസില്‍ പ്രതിയാകും മുന്‍പ് ആര്‍ക്കൊക്കെ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ട് എന്ന് ആണോ?
ഫോട്ടോ എടുക്കുന്നവര്‍ക്കൊക്കെ ചോദ്യം ചെയ്യല്‍ നോട്ടീസ് അയക്കാന്‍ ആണ് SIT ഉദ്ദേശിക്കുന്നത് എങ്കില്‍ ക്ലിഫ് ഹൗസിന്റെ അഡ്രസ്സ് SIT ക്ക് അറിയില്ല എന്നാണോ? SIT അന്വേഷിക്കുന്നത് ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയെ പറ്റിയാണ് എന്ന്, സര്‍ക്കാര്‍ മറന്നാലും അന്വേഷണ സംഘം മറക്കരുത്.
ആ സ്വര്‍ണ്ണക്കൊള്ളയില്‍ ശ്രീ അടൂര്‍ പ്രകാശിന് എന്ത് ബന്ധം ആണ് ഉള്ളത്? ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടത്തിയത് 2019 മുതലാണ്. ശ്രീ അടൂര്‍ പ്രകാശ് 2019 തൊട്ട് സര്‍ക്കാരിന്റെ ഭാഗം അല്ലാത്ത പ്രതിപക്ഷ MP മാത്രമാണ്. അങ്ങനെ ഒരു പ്രതിപക്ഷ MP ക്ക് സര്‍ക്കാര്‍ ആസൂത്രിതമായി നടത്തിയ ഒരു സ്വര്‍ണ്ണക്കൊള്ളയില്‍ എന്ത് ബന്ധമാണ് ഉള്ളത്?
അതോ ഒരു പ്രതിപക്ഷ MP ക്ക് പോലും സ്വര്‍ണ്ണക്കൊള്ള നടത്താന്‍ പറ്റുന്നത്ര കഴിവുകെട്ടവരാണോ ഈ ഭരണകൂടം? അപ്പോള്‍ കാര്യം അതൊന്നുമല്ല, ശബരിമലയിലെ അയ്യപ്പന്റെ പൊന്നു വരെ കട്ട ഈ ജനവിരുദ്ധ സര്‍ക്കാരിന്റെ നഷ്ടമായ ഇമേജ് വീണ്ടെടുക്കാന്‍ പറ്റുമോ എന്ന് ഉള്ള ലാസ്റ്റ് റൗണ്ട് ശ്രമമാണ് ഇവര്‍ നടത്തുന്നത്..
ശ്രീ വിജയനും വിജയന്‍ സേനയും വിജയന്‍ സ്തുതിപാഠകരായ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരും എത്ര ഓവര്‍ ടൈം ഡ്യൂട്ടി ചെയ്താലും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് തന്നതിനേക്കാള്‍ വലിയ അടി നിയമസഭ തിരഞ്ഞെടുപ്പിലും ജനം തരും.
ജനം തിരിച്ചറിയും ഈ ചോദ്യം ചെയ്തതിലെ രാഷ്ട്രീയം...
പോറ്റിയെ ശബരിമലയില്‍ കയറ്റിയതും ജയിലില്‍ നിന്നും ഇറക്കിയതും സഖാക്കളാണ്
