അധികാരത്തില്‍ വന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്; പിണറായി വിജയനല്ല; 'പിണറായി 3.0' എന്ന ബ്രാന്‍ഡിങ് ദോഷം ചെയ്യും; വ്യക്തിപൂജയും ഏകാധിപത്യവും പാര്‍ട്ടിയുടെ അന്ത്യം കുറിക്കും; എല്‍ഡിഎഫ് ഇല്ലാതാകും, പകരം ബിജെപി വരും! സച്ചിദാനന്ദന് പിന്നാലെ തുറന്നടിച്ച് സാറാ ജോസഫും

Update: 2026-02-09 07:24 GMT

തൃശ്ശൂര്‍: കേരളത്തില്‍ ഇടതുമുന്നണിക്ക് തുടര്‍ ഭരണം വേണ്ടെന്നും മുന്നണികള്‍ മാറി മാറി ഭരിക്കുന്നതാണ് നല്ലതെന്നുമുള്ള കവി സച്ചിദാനന്ദന്റെ പരാമര്‍ശത്തെ പിന്തുണച്ച് എഴുത്തുകാരി സാറ ജോസഫ് രംഗത്ത്. പിണറായി 3.0 എന്ന ബ്രാന്റിംഗ് ദോഷം ചെയ്യും. വ്യക്തിയുടെ ഏകാധിപത്യത്തിലേക്ക് പോകുന്നത് നാശം ആയിരിക്കും. ഇടതുപക്ഷത്തിന് അധികാരമാണ് മുഖ്യം ജനാധിപത്യം അല്ല. പ്രതിപക്ഷത്ത് ഇരിക്കുന്നത് ഭരണപക്ഷത്തിന് നല്ലതാണെന്നും ജനങ്ങളുടെ നാവായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെ വായ് അടപ്പിക്കുന്ന സമീപനമാണ് നിലവില്‍ ഭരണവര്‍ഗം ചെയ്യുന്നതെന്നും സാറാ ജോസഫ് പറഞ്ഞു.

ഭരണാധികാരത്തില്‍ വന്നത് ഇടതു പാര്‍ട്ടിയാണ്. അടിസ്ഥാന വര്‍ഗ്ഗത്തിന് എന്തു കിട്ടി എന്നാണ് വിലയിരുത്തേണ്ടത്. ഇടതുപക്ഷം സംസ്ഥാനത്ത് ചെയ്യുന്നത് ചോദ്യം ചോദിക്കാന്‍ പാടില്ല എന്ന സമ്പ്രദായമാണ്. അധികാരം നിലനിര്‍ത്താന്‍ ഏതു പിശാചിന്റെ കൂടെ കൂട്ടുകൂടും എന്ന് പറഞ്ഞ പാരമ്പര്യം ഇടതുപക്ഷത്തിനുണ്ട്. അധികാരമാണ് അവര്‍ക്ക് മുഖ്യം ജനാധിപത്യമല്ല. വികസനം എന്നുള്ള പേരില്‍ കുറെ റോഡുകളും മറ്റും കെട്ടിവയ്ക്കുന്നതിന് അപ്പുറത്തേക്ക് അടിസ്ഥാന വര്‍ഗ്ഗമായ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തതായി കാണുന്നില്ല

ജനാധിപത്യത്തിന്റെ നാശമാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടിക്ക് അകത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത്.ചോദ്യം ചോദിക്കാനും തിരുത്തലിനും സാധ്യതയില്ലാത്തവണ്ണം കാര്യങ്ങള്‍ പോകുന്നു.പ്രതിപക്ഷത്തിരിക്കുന്നത് ഭരണ പക്ഷത്തിന് നല്ലതാണ്. ജനങ്ങളുടെ നാവായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെ വായടക്കുന്ന സമീപനം വരെയുണ്ട്. ജനാധിപത്യത്തിന്റെ നാശം ഉണ്ടായിരിക്കുന്ന കാലത്താണ് ജീവിക്കുന്നതെന്നും സാറ ജോസഫ് കൂട്ടിച്ചേര്‍ത്തു

തുടര്‍ഭരണം കിട്ടിയപ്പോള്‍ ജനാധിപത്യത്തിന്റെ സംരക്ഷകരാകും ഇടതുപക്ഷമെന്നാണ് എല്ലാവരും വിചാരിച്ചത്. എന്നാല്‍ അങ്ങനെ ഉണ്ടായില്ല. എല്ലാ ഭരണവര്‍ഗങ്ങള്‍ക്കും ആവശ്യം വര്‍ഗീയ ശക്തികളെയാണ്. മത ശക്തികളെയാണ്. അവരെ കൂട്ടുപിടിച്ചാണ് ജനാധിപത്യ, മതേതര ഇന്ത്യ എന്ന സങ്കല്‍പ്പത്തെ ഈ ഭരണവര്‍ഗങ്ങള്‍ തകര്‍ത്തുകൊണ്ടിരിക്കുന്നതെന്ന് സാറാ ജോസഫ് പറഞ്ഞു. നിശ്ചയമായും സംസ്ഥാനത്ത് ഒരു ഭരണമാറ്റം ആവശ്യമാണ്.

പിണറായി വിജയന്‍ എന്ത് സംഭാവന ചെയ്തുവെന്ന് അവര്‍ വിലയിരത്തട്ടെ. ഭരണാധികാരത്തിലേക്ക് വന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. മറിച്ച് പിണറായി വിജയനല്ല. എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും നശിക്കുന്നത് അതിന്റെ ഏകാധിപത്യ സ്വഭാവത്തിലേക്ക് സഞ്ചരിക്കുമ്പോഴാണ്. പാര്‍ട്ടിയില്‍ നിന്ന് വിട്ട് ഒറ്റ വ്യക്തി ഏകാധിപത്യത്തിലേക്ക് പോകുന്നു. പാര്‍ട്ടിയുടെ നാശമാണ് ഇതോടെ സംഭവിക്കുക. എല്‍ഡിഎഫ് ഇല്ലാതായി ആ സ്ഥാനത്ത് ബിജെപിയാകും വരിക. പിണറായി എന്ന ബ്രാന്‍ഡിങ് ദോഷം ചെയ്യുമെന്നും സാറാ ജോസഫ് പറഞ്ഞു

Similar News