സ്വര്‍ണക്കൊള്ളയില്‍ യുഡിഎഫ് നേതാക്കള്‍ ജലിലില്‍ പോകുമെന്ന് ബിനോയ് വിശ്വം; ഒരാള്‍ പോലും പോകില്ലെന്ന് കെ.സി. വേണുഗോപാല്‍; കുറ്റം എങ്ങനെയെങ്കിലും മറ്റുള്ളവരില്‍ ചാരാന്‍ പറ്റുമോ എന്ന് മുഖ്യമന്ത്രി പരീക്ഷണം നടത്തുന്നുവെന്നും കെ സി

സ്വര്‍ണക്കൊള്ളയില്‍ യുഡിഎഫ് നേതാക്കള്‍ ജലിലില്‍ പോകുമെന്ന് ബിനോയ് വിശ്വം

Update: 2026-02-07 07:20 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ബിനോയ് വിശ്വവും കെ.സി. വേണുഗോപാലും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ യുഡിഎഫ് നേതാക്കള്‍ ജയിലില്‍ പോകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ അടൂര്‍ പ്രകാശും കെ.സി. വേണുഗോപാലുമെല്ലാം മറുപടി പറയേണ്ടി വരും. പോറ്റിയെ കേറ്റി സ്വര്‍ണം കട്ടവര്‍ തന്നെ സര്‍ക്കാരിനെതിരെ സംസാരിക്കുന്നതായും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

എന്നാല്‍ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരു യുഡിഎഫ് നേതാക്കള്‍ പോലും ജയിലില്‍ പോകില്ലെന്ന് ഉറപ്പാണെന്ന് കെ.സി. വേണുഗോപാല്‍ എംപി പ്രതികരിച്ചു. ശബരിമലയിലെ സ്വര്‍ണം കട്ടത് ആരാണെന്ന് ജനങ്ങള്‍ക്കറിയാം. അതിന്റെ ജാള്യത മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍ക്കാര്‍ ഏറ്റവും വലിയ കുഴിയിലാണ് വീഴാന്‍ പോകുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണ്. തെരഞ്ഞെടുപ്പ് നാടകമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ മുഖ്യമന്ത്രിയോട് സഹതാപം മാത്രമാണ് ഉള്ളത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ജയിലില്‍ കിടക്കുകയാണ്. എന്നിട്ടും അവര്‍ക്കെതിരെ നടപടി പോലും എടുക്കാന്‍ ധൈര്യം കാണിക്കുന്നില്ല. കുറ്റം എങ്ങനെയെങ്കിലും മറ്റുള്ളവരില്‍ ചാരാന്‍ പറ്റുമോ എന്ന് മുഖ്യമന്ത്രി പരീക്ഷണം നടത്തുന്നു എന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.

Tags:    

Similar News