സതീശന്റെ പുതുയുഗ യാത്രയില്‍ കെഎസ്യു പാര വെച്ചോ? അലോഷ്യസ് സേവ്യര്‍ മുങ്ങിയത് സീറ്റ് കിട്ടാത്ത പ്രതിഷേധത്തിലോ? നികേഷ് കുമാറിന്റെ പിആര്‍ വര്‍ക്കെന്ന് ആഞ്ഞടിച്ച് കെഎസ്യു പ്രസിഡന്റ്; ടീം യുഡിഎഫില്‍ ഭിന്നതയെന്ന വാര്‍ത്തകളെ പുച്ഛിച്ചുതള്ളുന്നു; പങ്കെടുക്കാതിരുന്നതിന് കാരണമെന്ത്?

സതീശന്റെ പുതുയുഗ യാത്രയില്‍ കെഎസ്യു പാര വെച്ചോ?

Update: 2026-02-07 11:46 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ 'പുതുയുഗ യാത്ര'യില്‍ നിന്ന് കെഎസ്‌യുവിലെ ഒരു വിഭാഗം വിട്ടുനിന്നെന്ന വാര്‍ത്തയും, താന്‍ പങ്കെടുത്തില്ലെന്ന റിപ്പോര്‍ട്ടുകളും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ തള്ളി. കാസര്‍ഗോഡ് നടന്ന പരിപാടിയില്‍ താന്‍ പങ്കെടുക്കാതിരുന്നത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണെന്നും, ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിരുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

യാത്രയില്‍ കെഎസ്‌യുവിനെ സീറ്റ് ചര്‍ച്ചകളില്‍ അവഗണിച്ചതിലുള്ള പ്രതിഷേധമായാണ് താനടക്കമുള്ള ഒരു വിഭാഗം ഭാരവാഹികള്‍ വിട്ടുനിന്നതെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍, തനിക്ക് ഭക്ഷ്യവിഷബാധയേറ്റത് കാരണമാണ് ഇന്നലെ കാസര്‍കോട് വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതെന്ന് സേവ്യര്‍ വിശദീകരിച്ചു. വരും ദിവസങ്ങളില്‍ യാത്രയില്‍ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

യാതൊരു അടിസ്ഥാനവുമില്ലാതെ, ചാനല്‍ റേറ്റിംഗ് മാത്രം മുന്നില്‍ക്കണ്ട് നികേഷ് കുമാറിന്റെ പിആര്‍ ഓഫീസില്‍ നിന്ന് പടച്ചുവിടുന്ന ഇത്തരം വാര്‍ത്തകളെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നും അലോഷ്യസ് സേവ്യര്‍ കൂട്ടിച്ചേര്‍ത്തു. ഈ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ ടീം യുഡിഎഫ് സജ്ജമായിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഇത്തരം വാര്‍ത്തകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

അലോഷ്യസ് സേവ്യറുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

'പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്ര.KSU വിലെ ഒരു വിഭാഗം വിട്ടുനിന്നു. സംസ്ഥാന അധ്യക്ഷന്‍ പങ്കെടുത്തില്ല'' എന്നൊരു വാര്‍ത്ത ഒരു ചാനലില്‍ പ്രത്യക്ഷപ്പെട്ടത് ഇപ്പോഴാണ് കാണാന്‍ ഇടയായത്.

ഫുഡ് പോയ്‌സന്‍ ആയതുകൊണ്ട് ഇന്നലെ കാസര്‍കോട് വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു . വരും ദിവസങ്ങളില്‍ യാത്രയില്‍ പങ്കെടുക്കും.

ടീം യുഡിഎഫ് ഒറ്റക്കെട്ടായി ഈ ഇലക്ഷനെ നേരിടാന്‍ സജ്ജമായിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഇത്തരം വാര്‍ത്തകളെ തള്ളിക്കളയുന്നു.

യാതൊരു അടിസ്ഥാനവുമില്ലാതെ ചാനല്‍ റേറ്റിംഗ് മാത്രം മുന്നില്‍കണ്ട് നികേഷ് കുമാറിന്റെ പിആര്‍ ഓഫീസില്‍ നിന്നും പടച്ചുവിടുന്ന ഇത്തരം വാര്‍ത്തകളെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുന്നു.

അലോഷ്യസ് സേവ്യര്‍

KSU സംസ്ഥാന പ്രസിഡന്റ്


Full View


Tags:    

Similar News