ഒന്നര പതിറ്റാണ്ടിനു ശേഷം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിനു നഷ്ടം; കെ എസ് യുവിന് പിന്നാലെ 'യൂത്തും' പോയി; അബിന്‍ വര്‍ക്കിയെ തഴയുന്നത് ചെന്നിത്തലയ്ക്ക് ക്ഷീണമുണ്ടാക്കാന്‍; കോണ്‍ഗ്രസില്‍ ഇനി പഴയ ഗ്രൂപ്പ് സമവാക്യം അപ്രസക്തം; കേരളത്തില്‍ ഇനി 'കെസി' മാത്രം; ഷാഫിയും കൂട്ടരും കൂടുതല്‍ ശക്തര്‍
കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി കെസി വേണുഗോപാല്‍ മാത്രം. ഗ്രൂപ്പ് സമവാക്യങ്ങളെ അപ്രസക്തമാക്കുന്നതാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം. ഒ.ജെ. ജനീഷിനെ അധ്യക്ഷനാക്കിയതിന് പുറമേ ബിനു ചുള്ളിയിലിനെ വര്‍ക്കിങ് പ്രസിഡന്റുമാക്കിയത് രമേശ് ചെന്നിത്തലയ്ക്കുള്ള വ്യക്തമായ സന്ദേശമാണ്. ഐ ഗ്രൂപ്പിന് പ്രസക്തിയില്ലെന്ന് വിശദീകരിക്കുകയാണ് ഇതിലൂടെ. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ തീരുമാനങ്ങളേ നടക്കൂവെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. ഇതിനെ രമേശ് ചെന്നിത്തല എങ്ങനെ പ്രതിരോധിക്കുമെന്നതാണ് നിര്‍ണ്ണായകം. കേരളത്തില്‍ കെസി വേണുഗോപാല്‍ ഇനി കൂടുതല്‍ സജീവമാകും. ഷാഫി പറമ്പിലാകും കെസിയുടെ പ്രധാന പോരാളി. ഈ തരത്തിലേക്ക് കേരളത്തിലെ കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ വരും. ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പും അപ്രസക്തമായി. എ ഗ്രൂപ്പിലെ പ്രധാനിയായിരുന്ന ഷാഫി എല്ലാ അര്‍ത്ഥത്തിലും കെസിയ്‌ക്കൊമാവുകയാണ്. കാലങ്ങളായി എ ഗ്രൂപ്പിന്റെ കൈവശമാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം. കഴിഞ്ഞ പുനഃസംഘടനയില്‍ കെഎസ്യു അധ്യക്ഷ സ്ഥാനവും എ ഗ്രൂപ്പിന് നഷ്ടപ്പെട്ടിരുന്നു. അതായത് ചെന്നിത്തല ഗ്രൂപ്പിനൊപ്പം എ ഗ്രൂപ്പും അപ്രസക്തം.
സംഘടനാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ശേഷം കൂടുതല്‍ വോട്ട് നേടിയ അബിന്‍ വര്‍ക്കിയെ മറികടന്നാണ് ഒ.ജെ. ജനീഷിനെ അധ്യക്ഷനാക്കുന്നത്. ഷാഫി പറമ്പിലിന്റെ അതിവിശ്വസ്തനായിരുന്നു. തിരഞ്ഞെടുപ്പില്‍ അബിന്‍ വര്‍ക്കിയേക്കാള്‍ വളരെ കുറച്ചു വോട്ടുകളാണ് ജനീഷിന് കിട്ടിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷനായ സംസ്ഥാന കമ്മിറ്റിയില്‍ ഉപാധ്യക്ഷനായിരുന്നു ജനീഷ്. തൃശ്ശൂര്‍ സ്വദേശിയാണ്. കെഎസ്യു ജില്ലാ അധ്യക്ഷ സ്ഥാനമടക്കം വഹിച്ചിട്ടുണ്ട്. ഷാഫി പറമ്പില്‍ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു. ജനീഷിന് പുറമേ, ബിനു ചുള്ളിയില്‍, അബിന്‍ വര്‍ക്കി. കെ.എം. അഭിജിത്ത് എന്നിവരുടെ പേരായിരുന്നു അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. ഇതില്‍ അബിന്‍ വര്‍ക്കിയേയും അഭിജിത്തിനേയും ദേശീയ സെക്രട്ടറിമാരായി ഉയര്‍ത്തി. ഇതോടെ അബിന് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രസക്തിയും പോയി. ഇതിനെല്ലാം കാരണം ഷാഫിയുടെ ചരടു വലികളാണ്. പേരാമ്പ്രയിലെ സംഭവങ്ങളോടെ ഷാഫിക്ക് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇനി കൂടുതല്‍ പ്രസക്തിവരും.
അധ്യക്ഷന്‍ കാലാവധി പൂര്‍ത്തിയാക്കാതെ രാജിവയ്ക്കുന്നതും പുതിയ അധ്യക്ഷ നിയമനത്തില്‍ സംസ്ഥാന - ദേശീയ തലത്തില്‍ പുതിയ ഫോര്‍മുല പരീക്ഷിക്കുന്നതും യൂത്ത് കോണ്‍ഗ്രസ് ചരിത്രത്തില്‍ ആദ്യമായാണ്. ഒന്നര പതിറ്റാണ്ടിനു ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിനു നഷ്ടപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസില്‍ ആദ്യമായാണ് വര്‍ക്കിങ് പ്രസിഡന്റ് പദവി നടപ്പിലാക്കുന്നത്. ദേശീയ സെക്രട്ടറി, വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനങ്ങള്‍ക്കൊപ്പം നിയമസഭാ സീറ്റു കൂടിയാണ് അധ്യക്ഷ പദം ലഭിക്കാത്തവര്‍ക്ക് അനൗദ്യോഗികമായി ലഭിച്ച ഉറപ്പ്. ബിനു ചുള്ളിയില്‍, ഒ.ജെ ജനീഷ് എന്നിവരുടെ പേരുകള്‍ ദേശീയ തലത്തില്‍ പരിഗണിച്ചപ്പോഴും അബിന്‍ വര്‍ക്കിയെ പ്രസിഡന്റാക്കണമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. ദേശീയ സെക്രട്ടറിയായി രണ്ടു മാസം മുന്‍പു നിയമിതനായ ബിനു ചുള്ളിയിലിനെ സംസ്ഥാന അധ്യക്ഷനാക്കും എന്നായിരുന്നു അഭ്യൂഹം. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിനാല്‍ ബിനുവിനെ അധ്യക്ഷനാക്കാനാകില്ലന്നായിരുന്നു അബിന്‍ അനുകൂലികളുടെ നിലപാട്. അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിച്ച അബിന്‍ വര്‍ക്കിയെ പ്രസിഡന്റാക്കുകയെന്നതാണ് സ്വാഭാവിക നീതിയെന്നായിരുന്നു വാദം. അതാണ് ലംഘിക്കപ്പെട്ടത്.
അബിന്‍ വര്‍ക്കിക്കായി രമേശ് ചെന്നിത്തലയും അഭിജിത്തിനായി എം.കെ. രാഘവന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പും സജീവമായി രംഗത്തുണ്ടായിരുന്നു. ജെ.എസ്. അഖിലിന്റെ പേരും ഉയര്‍ന്നുകേട്ടു. കെപിസിസി, കെഎസ്യു, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ളവരാണ്. ഇതാണ് അബിന്‍ വര്‍ക്കിയെ മാറ്റിനിര്‍ത്താന്‍ കാരണമെന്നാണ് വിശദീകരണം. മറ്റ് പേരുകളില്‍ ഗ്രൂപ്പുകളും നേതാക്കളും ഐക്യപ്പെടാതിരുന്നതോടെയാണ് ജനീഷിനെ അധ്യക്ഷനാക്കിയത്. രാഹുലിന്റെ രാജിക്ക് തൊട്ടുമുമ്പ് നടന്ന ദേശീയ പുനഃസംഘടനയില്‍ ബിനു ചുള്ളിയിലിനെ ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. കേരളത്തില്‍നിന്ന് ബിനുവിന് പുറമേ മൂന്നുപേരാണ് ജനറല്‍ സെക്രട്ടറിമാരായത്. ഷാഫി പറമ്പില്‍- രാഹുല്‍ മാങ്കൂട്ടത്തില്‍ പക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന ജിന്‍ഷാദ് ജിന്നാസ്, കെ.സി. ഗ്രൂപ്പില്‍നിന്നുള്ള ഷിബിന വി.കെ, രമേശ് ചെന്നിത്തലയോട് ചേര്‍ന്നുനില്‍ക്കുന്ന ശ്രീലാല്‍ ശ്രീധര്‍ എന്നിവരാണ് മറ്റു മൂന്നുപേര്‍.
ഇതില്‍ എ ഗ്രൂപ്പ് കെ.എം. അഭിജിത്തിന്റെ പേരായിരുന്നു ദേശീയ ഭാരവാഹിത്വത്തിലേക്ക് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, അവസാന നിമിഷം നടന്ന ഇടപെടലുകളില്‍ അഭിജിത്തിന്റെ പേര് വെട്ടിപ്പോവുകയാണുണ്ടായത്. അന്ന് പ്രവര്‍ത്തകരും നേതാക്കളും അഭിജിത്തിനുവേണ്ടി സജീവമായി രംഗത്തെത്തി. കോഴിക്കോട് എം.പി. എം.കെ. രാഘവന്റെ നേതൃത്വത്തില്‍ നാല് എംപിമാര്‍ ഹൈക്കമാന്‍ഡിനെ നേരിട്ട് കണ്ടതായും വാര്‍ത്തകളുണ്ടായിരുന്നു. അന്ന് നഷ്ടമായ ദേശീയ സെക്രട്ടറി സ്ഥാനമാണ് അഭിജിത്തിലേക്ക് വൈകിയെത്തുന്നത്.
പഴയ സംസ്ഥാന കമ്മിറ്റിയില്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനമില്ല. അധ്യക്ഷന് പുറമേ ഏഴ് ഉപാധ്യക്ഷന്മാരാണ് ഉണ്ടായിരുന്നത്. ബിനു ചുള്ളിയിലിനെ ഉള്‍പ്പെടുത്താന്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം കൂട്ടിച്ചേര്‍ക്കുകയായിരുന്നു. നേരത്തെ, പ്രഖ്യാപിച്ച പട്ടികയിലെ ഷിബിനയ്ക്കു പുറമേ മറ്റൊരു വൈസ് പ്രസിഡന്റായ അബിന്‍ വര്‍ക്കി കൂടി ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയാണ്. ഇതോടെ സംസ്ഥാന ഉപാധ്യക്ഷന്മാരുടെ എണ്ണം അഞ്ചായി കുറയും.