ശോഭയെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് വാദിച്ച കുമ്മനത്തെ മൂലയിലേക്ക് ഒതുക്കി; പാലക്കാടന്‍ മനസ്സ് അറിയുന്ന ശിവരാജനേയും കണ്ടില്ലെന്ന് നടിച്ചു; അടിത്തറയല്ല മേല്‍ക്കൂരയാണ് പ്രശ്നമെന്ന തിരിച്ചറിവിലേക്ക് നേതാക്കള്‍; പാലക്കാടന്‍ തോല്‍വിയില്‍ 'സുരേന്ദ്രനിസം' മാത്രമോ? തിരുത്തലിന് അമിത് ഷാ തയ്യാറെടുക്കുന്നു; ഇനി ബിജെപിയില്‍ എന്തു സംഭവിക്കും?

Update: 2024-11-24 03:57 GMT

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ നേതൃത്വത്തില്‍ നിന്ന് പരസ്യ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് ഗൗരവത്തോടെ എടുക്കാന്‍ കേന്ദ്ര നേതൃത്വും. സംസ്ഥാന നേതൃത്വത്തിലെ ആരും തോല്‍വിയില്‍ കാരണം പറയാന്‍ പോലും തയ്യാറായില്ല. സുരേന്ദ്രനോട് ചോദിക്കണമെന്ന പലരുടേയും പ്രസ്താവന തോല്‍വിയിലെ കൂട്ടുത്തരവാദിത്വത്തില്‍ പങ്കില്ലെന്ന നേതാക്കളുടെ തുറന്നു പറച്ചിലായി. പാലക്കാട് ബിജെപിയില്‍ ഈ തോല്‍വി വലിയ ചര്‍ച്ചയാകും. സന്ദീപ് വാരിയര്‍ പാര്‍ട്ടിവിട്ടത് ഏശില്ലെന്ന് നേതാക്കള്‍ പറഞ്ഞുകൊണ്ടിരുന്നെങ്കിലും ഇപ്പോള്‍ എല്ലാവരും കുറ്റം സുരേന്ദ്രന് നല്‍കുകയാണ്.

അടിത്തറയല്ല മേല്‍ക്കൂരയാണ് പ്രശ്‌നമെന്നായിരുന്നു ഫലപ്രഖ്യാപനത്തിനുശേഷം ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്റെ പ്രതികരണം. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടയാളാണ് ശിവരാജന്‍. വോട്ട് കാന്‍വാസ് ചെയ്യാന്‍ കഴിവുള്ള മൂന്നുമുഖങ്ങളാണ് ശോഭാ സുരേന്ദ്രന്‍, വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ -അദ്ദേഹം പറയുന്നു. തോല്‍വിയുടെ കാരണം സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്നാണ് ചാനല്‍ചര്‍ച്ചയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞത്. വര്‍ഗീയതയും കോഴയും കൂറുമാറ്റവുമടക്കമുള്ളവ പാലക്കാട്ട് തിരഞ്ഞെടുപ്പ് വിഷയമായപ്പോള്‍ പ്രതിരോധിക്കുന്നതില്‍ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കേണ്ടതാണെന്ന് സന്ദീപ് വാചസ്പതി സാമൂഹികമാധ്യമത്തിലെ കുറിപ്പില്‍ പറഞ്ഞു. പാര്‍ട്ടിയധ്യക്ഷന്‍ നേതൃത്വം നല്‍കിയിട്ടും വോട്ടുചോര്‍ച്ചയുണ്ടായത് ഗൗരവമാണെന്നും പറഞ്ഞു. ഇതെല്ലാം വെളിവാക്കുന്നത് ബി.ജെ.പി.യിലെ അസ്വസ്ഥതയാണ്. അമിത ആത്മവിശ്വാസത്തിന്റെ ഫലംകൂടിയാണ് പാലക്കാട്ടെ തിരിച്ചടി.

അച്ചടക്കത്തിന്റെ സീമയ്ക്കുള്ളില്‍ നിന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. ശോഭാ സുരേന്ദ്രനും പികെ കൃഷ്ണദാസും അമര്‍ഷം ഉള്ളിലൊതുക്കുന്നത് പാര്‍ട്ടിയ്ക്കുള്ള ആളികത്തിക്കാനാണ്. എംടി രമേശും അടുത്ത യോഗത്തില്‍ ആഞ്ഞടിക്കും. കുമ്മനം രാജശേഖരനും വിമര്‍ശിക്കും. ഇതിനെ പ്രതിരോധിക്കാന്‍ വി മുരളീധരന്‍ പോലും സുരേന്ദ്രനൊപ്പം ഉണ്ടാകില്ല. ഇതോടെ പാര്‍ട്ടിയില്‍ സുരേന്ദ്രന്‍ തീര്‍ത്തും ഒറ്റപ്പെടുകയാണ്. കേരളത്തിലെ സാഹചര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിരീക്ഷിക്കുന്നുണ്ട്. ആര്‍ എസ് എസിനെ വിശ്വാസത്തിലെടുക്കുന്ന തിരുത്തല്‍ നടപടികളുണ്ടാകും. ആര്‍ എസ് എസില്‍ നിന്നും സംഘടനാ ജനറല്‍ സെക്രട്ടറിയുടെ സേവനവും ആവശ്യപ്പെടും. കേരളത്തില്‍ ബിജെപിയുടെ വിജയങ്ങള്‍ക്ക് ആര്‍ എസ് എസ് അനിവാര്യതയാണെന്ന് ബിജെപി ദേശീയ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിനുനേരേ ഉയര്‍ന്ന ട്രോളി ബാഗ് ആരോപണത്തില്‍ സി.പി.എമ്മിനൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തത് എല്‍.ഡി.എഫ്.-ബി.ജെ.പി. ഒത്തുകളിയാണെന്ന ധാരണ പരത്തി. ഈ വിവാദം മാങ്കൂട്ടത്തിന് തുണയായി. ബിന്ദു കൃഷ്ണയുടേയും ഷാനിമോള്‍ ഉസ്മാന്റേയും മുറികളിലെ രാത്രി റെയ്ഡിന്റെ പാപ ഭാരം അങ്ങനെ ബിജെപിക്കാരിലുമെത്തി. അതുകൊണ്ട് തന്നെ സി.പി.എമ്മിനെന്നപോലെ ബി.ജെ.പി.ക്കും ട്രോളിബാഗ് ഗുണംചെയ്തില്ല. സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്റെ പേര് ചുവരുകളില്‍ വരുകയും പിന്നീട് അവര്‍ സ്ഥാനാര്‍ഥിയാകാതിരുന്നതും എല്ലാം പ്രതിസന്ധിയായി മാറി. മെട്രോ മാന്‍ ഇ ശ്രീധരനും പ്രചരണത്തില്‍ വലിയ സജീവത കാട്ടിയില്ല. കണ്‍വെന്‍ഷനില്‍ മാത്രമായി സാന്നിധ്യം ഒതുങ്ങി. പാലക്കാട് മുന്നൊരുക്കങ്ങള്‍ക്കെത്തിയ കുമ്മനം രാജശേഖരനെ പ്രചരണത്തില്‍ അടുപ്പിച്ചില്ല. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കുമ്മനം പറഞ്ഞതായിരുന്നു ഇതിന് കാരണം.

മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തിയ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പ്രതീക്ഷ. കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിനു താല്‍പര്യം. കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തെയാണ് സന്ദീപ് വാരിയര്‍ എതിര്‍ത്തത്. ശോഭയുടെ സ്ഥാനാര്‍ഥിത്വത്തോട് എതിര്‍പ്പില്ലായിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സന്ദീപിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിച്ചില്ലെന്നും വസ്തുതയാണ്. ബിജെപിയില്‍ കെ.സുരേന്ദ്രന്റെ പ്രവര്‍ത്തന രീതിക്കെതിരെ പ്രതിഷേധമുള്ളവരുണ്ട്. തൃശൂരിലെ വിജയത്തോടെ ഈ എതിര്‍പ്പുകളെ മറികടക്കാന്‍ സുരേന്ദ്രനു കഴിഞ്ഞിരുന്നു. പാലക്കാട്ടെ തോല്‍വിയോടെ ഇത് മാറുകയാണ്.

പാലക്കാട്ടെ നഗര മേഖലകളില്‍ വോട്ട് നില ഉയര്‍ത്തി, മറ്റു മേഖലകളിലെ വോട്ട് നിലനിര്‍ത്തിയാല്‍ ജയിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ നഗരമേഖലയിലെ ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍പോലും വോട്ടുകള്‍ നഷ്ടമായി. ഇ.ശ്രീധരനെക്കാള്‍ 10671 വോട്ടുകള്‍ കൃഷ്ണകുമാറിന് കുറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ വോട്ടുചോര്‍ച്ചയുടെ ഒരു പ്രധാന ഘടകമായി. കഴിഞ്ഞ തവണ ഇ.ശ്രീധരന് വ്യക്തിപരമായി ലഭിച്ച വോട്ടുകളും പാര്‍ട്ടിക്ക് നഷ്ടമായി. അങ്ങനെ തോല്‍വിയുടെ പടു കുഴിയില്‍ ബിജെപി വീഴുകയായിരുന്നു.

Tags:    

Similar News