പിണറായിയെ പുകഴ്ത്തിയുള്ള പാട്ട് അവതരിപ്പിക്കുന്ന സമയത്ത് 'ചങ്കിലെ ചെങ്കൊടി'യെന്ന വിപ്ലവഗാനം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പിജെ; 'ചെമ്പടക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍' എന്ന വാഴ്ത്തു പാട്ടില്‍ പി ജയരാജന് അമര്‍ഷമോ? ഒന്നുമില്ലെന്ന് 'ചെന്താരകം' വിശദീകരിക്കുമ്പോഴും ചര്‍ച്ച സജീവം; വ്യക്തിപൂജയില്‍ ട്രോളുകള്‍ സജീവം; പുതു നിര്‍വ്വചനം വന്നേക്കും

Update: 2025-01-17 05:31 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള പാട്ട് പിജെയ്ക്ക് പിടിച്ചില്ല. പിണറായി സ്തൂതി അവതരിപ്പിക്കുന്ന സമയത്ത് 'ചങ്കിലെ ചെങ്കൊടി'യെന്ന വിപ്ലവഗാനം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പി ജയരാജന്‍ പ്രകടിപ്പിച്ചത് അമര്‍ഷമോ? പാട്ട് ഷെയര്‍ ചെയ്തു എന്നത് യാഥാര്‍ഥ്യമാണെന്നും വിശകലനങ്ങളില്‍ കാര്യമില്ലെന്നും പി ജയരാജന്‍ ചോദ്യത്തിന് മറുപടിയായി പറയുമ്പോഴും സോഷ്യല്‍ മീഡിയയില്‍ പിജെയുടെ നടപടിയില്‍ ചര്‍ച്ച സജീവമാണ്. മുഖ്യമന്ത്രിക്ക് വ്യക്തമായ സന്ദേശമാണ് പിജെ നല്‍കിയതെന്ന് തന്നെയാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സമ്മേളനത്തില്‍ വ്യക്തിപൂജയ്ക്ക് പുതിയ വ്യാഖ്യാനം നല്‍കുമെന്നും സൂചനയുണ്ട്. മാറുന്ന രാഷ്ട്രീയ കാലത്ത് നേതാക്കളെ ഉയര്‍ത്തിക്കാട്ടേണ്ടത് അനിവാര്യതയാണ്. അതിന് വേണ്ടി ചെറിയ പുകഴ്ത്തലുകള്‍ ആകാമെന്ന നിലപാടിലേക്ക് സിപിഎം എത്തിയേക്കും.

ജില്ലാ സമ്മേളനം നടക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പാട്ട് ഷെയര്‍ ചെയ്തു എന്നതും യാഥാര്‍ത്ഥ്യമാണ്. ഇത്തരം വിശകലനങ്ങളില്‍ എന്ത് കാര്യം? പിണറായിയേക്കുറിച്ചുള്ള സ്തുതിഗീതത്തേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ജയരാജന്‍ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പാട്ടിനെ പി ജയരാജന്‍ ട്രോളിയെന്നും പാട്ട് ഇഷ്ടമായില്ലെന്നും എല്ലാം പ്രതികരണങ്ങള്‍ വരുന്നുണ്ടല്ലോ എന്ന ചോദ്യത്തോട് 'ചെന്താരകം' പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള പാട്ട് അവതരിപ്പിക്കുന്ന സമയത്ത് 'ചങ്കിലെ ചെങ്കൊടി'യെന്ന വിപ്ലവഗാനം ഫെയ്‌സ്ബുക്കില്‍ പി.ജയരാജന്‍ പങ്കുവെച്ചിരുന്നു. രണ്ടുദിവസം മുന്‍പ് എം.സ്വരാജ് പ്രകാശനം ചെയ്ത ശേഷം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ഗാനമാണ് ജയരാജന്‍ തന്റെ പേജില്‍ പങ്കുവെച്ചത്.

പാര്‍ട്ടി സമരവീര്യത്തിന്റെ ചരിത്രവും വര്‍ത്തമാനവും പങ്കുവെക്കുന്നതാണ് ചങ്കിലെ ചെങ്കൊടിയിലെ വരികള്‍. കണ്ണൂര്‍ ജില്ലാസമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ഈ ഗാനം തയ്യാറാക്കിയത്. അണികള്‍ വ്യാപകമായി ഇത് പ്രചരിപ്പിച്ചപ്പോഴും പി.ജയരാജന്‍ പങ്കുവെച്ചിരുന്നില്ല. മുഖ്യമന്ത്രിയെ വാഴ്ത്തിയുള്ള 'ചെമ്പടക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍' എന്ന ഗാനം സെക്രട്ടേറിയറ്റ് പരിസരത്ത് എംപ്ലോയീസ് അസോസിയേഷന്‍ കെട്ടിടോദ്ഘാടനച്ചടങ്ങിലാണ് ആലപിച്ചത്. ഇത് സ്തുതി ഗാനമെന്ന വാദമെത്തി. എന്നാല്‍ സ്വാഗത ഗാനമെന്നായിരുന്നു സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ സംഘടനാ നിലപാട്.

2017-ല്‍ ജയരാജനെ പുകഴ്ത്തി പുറച്ചേരി ഗ്രാമീണ കലാസമിതി പുറത്തിറക്കിയ 'കണ്ണൂരിന്റെ ഉദയസൂര്യന്‍' എന്ന സംഗീത ആല്‍ബത്തിനെതിരേ പാര്‍ട്ടി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. 'കണ്ണൂരിന്‍ താരകമല്ലോ, ചെഞ്ചോരപ്പൊന്‍ കതിരല്ലോ, നാടിന്‍ നെടുനായകനല്ലോ, പി.ജയരാജന്‍ ധീരസഖാവ്' എന്നു തുടങ്ങുന്നതായിരുന്നു ഗാനം. ഇതേ തുര്‍ന്ന് സിപിഎം ജയരാജനെ ശാസിച്ചു. വ്യക്തി പൂജയ്‌ക്കെതിരെ നിലപാടും അറിയിച്ചു. എന്നാല്‍ ഇത് തള്ളുന്ന തരത്തില്‍ പിണറായിയ്ക്ക് വേണ്ടി നിരവധി ഇടപെടല്‍ നടന്നു. സോഷ്യല്‍ മീഡയിയില്‍ അടക്കം ചര്‍ച്ചകളുണ്ടായി. പക്ഷേ പിണറായിയെ ആരെങ്കിലും ഉയര്‍ത്തികാട്ടിയാല്‍ അത് ചര്‍ച്ചയായതുമില്ല. സെക്രട്ടറിയേറ്റിലെ ഇടത് ആഭിമുഖ്യമുള്ളവരുടെ സംഘടനയും പിണറായിയെ പുകഴ്ത്തി. ചെറിയ പുകഴ്ത്തല്‍ കുഴപ്പമില്ലെന്നായിരുന്നു പിണറായിയുടെ പരസ്യ പ്രതികരണം.

സി.പി.എം അനുകൂല സംഘടനായായ കേരള സെക്രട്ടേറിയറ്റ് എംപ്‌ളോയിസ് അസോസിയേഷന്‍ സുവര്‍ണ്ണജൂബിലി മന്ദിര ഉദ്ഘാടന ചടങ്ങ് പാടിയ സ്തുതി ഗീതം എഴുതിയ പൂവത്തൂര്‍ ചിത്രസേനന്‍ പൊതുഭരണ വകുപ്പില്‍ ക്‌ളറിക്കല്‍ അസിസ്റ്റന്റായി 2023 ഏപ്രില്‍ 31 ന് വിരമിച്ചയാളാണ്. വിരമിച്ച ശേഷം ഇദ്ദേഹം നല്‍കിയ അപേക്ഷയില്‍ 2024 ഏപ്രില്‍ 24 നാണ് ധനകാര്യ വകുപ്പില്‍ സ്‌പെഷ്യല്‍ മെസഞ്ചറായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിച്ചത്.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ജോലി സമയത്ത് ജീവനക്കാര്‍ കൂട്ടത്തോടെ എത്തി.. സെക്രട്ടേറിയറ്റിലെ മിക്ക സെക്ഷനുകളിലെയും നല്ലൊരു ശതമാനം കസേരകളും ഇന്നലെ ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെ ഒഴിഞ്ഞു കിടന്നു. ഊറ്റുകുഴിക്ക് സമീപം നിര്‍മ്മിച്ച മന്ദിരം നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷമാണ് 12.30 ഓടെ മുഖ്യമന്ത്രി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സമ്മേളന വേദിയിലെത്തിയത്. അതിനും മുമ്പേ ജീവനക്കാര്‍ വേദിക്ക് മുന്നില്‍ ഇരിപ്പുറപ്പിച്ചിരുന്നു. വേദിക്ക് സമീപത്തായി 100 ജീവനക്കാര്‍ നിരന്നു നിന്നാണ് സ്തുതി ഗാനം ആലപിച്ചത്.

Similar News