പൊതുമേഖലാ സ്ഥാപനങ്ങളെ കരകയറ്റുന്നതിനായി താത്പര്യമുള്ളവരുമായി ഉപാധികളോടെ ധാരണയുണ്ടാക്കാനുള്ള നയത്തില്‍ കോളടിക്കുക ആലപ്പുഴയിലെ കരിമണല്‍ മാഫിയയ്ക്ക്; ധാതുക്കളെല്ലാം സ്വകാര്യ വ്യക്തികളിലേക്ക് എത്തിയേക്കും. കെ എസ് ആര്‍ ടി സിയില്‍ അതിവേഗ മാറ്റത്തിന് സാധ്യത; പിണറായിയുടെ 'നവകേരളം' ലക്ഷ്യമിടുന്നത്

Update: 2025-03-08 01:03 GMT

കൊല്ലം: സംസ്ഥാനത്തെ നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ കരകയറ്റുന്നതിനായി താത്പര്യമുള്ളവരുമായി ഉപാധികളോടെ ധാരണയുണ്ടാക്കാനുള്ള നയത്തിലേക്ക് സി.പി.എം കടക്കുമ്പോള്‍ ഉയരുന്നത് കരിമണല്‍ മേഖലയേയും സഹകരണത്തിന് വിധേയമാക്കുമെന്ന സൂചനകള്‍. തീര്‍ത്ത ധാതുക്കള്‍ സ്വകാര്യ വ്യക്തികളിലേക്ക് അനായായസം എത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയേക്കും. ഇത്തരം സഹകരണ ശ്രമങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പാര്‍ട്ടി നയത്തിന്റെ ഭാഗമാക്കി സ്വകാര്യ വത്കരണ താല്‍പ്പര്യം മാറ്റുന്നതിലൂടെ ഈ വിവാദങ്ങള്‍ കുറയുമെന്നാണ് ചില കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. കേരളം എന്തും തീരുമാനിച്ചാലും സിപിഎം ദേശീയ നേതൃത്വം അംഗീകരിക്കുന്ന സ്ഥിതിയാണ്. കേരളത്തിലേക്ക് മാത്രം സിപിഎം ഭരണം ഒതുങ്ങിയതു കൊണ്ട് കൂടിയാണ് ഇത്. അതിനിടെ സിപിഎം ഇരട്ടത്താപ്പും ഇതില്‍ ചര്‍ച്ചയാകുന്നുണ്ട്.

നവകേരളത്തിനായി പുതുവഴികള്‍ തേടുന്ന സംസ്ഥാനസമ്മേളനരേഖയില്‍ പൊതുമേഖലയെ സംരക്ഷിക്കാന്‍ സ്വകാര്യപങ്കാളിത്തമുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ തേടാനാണ് ആലോചിക്കുന്നത്. പിണറായി വിജയന്‍ അവതരിപ്പിച്ച ഈ നയ രേഖയുടെ ലക്ഷ്യം വികസനമാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍ക്കുന്നതിനെതിരേ ശക്തമായ നിലപാടാണ് പ്രമേയത്തിലൂടെ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത്. അതായത് സിപിഎം സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പ്രമേയവും മുഖ്യമന്ത്രിയുടെ നവകേരപുതുവഴികളും രണ്ടു വഴിക്കാണ് പോകുന്നത്. ഭരണത്തില്‍ ഹാട്രിക്കിന് പിണറായി ഇഫക്ട് വഴിയൊരുക്കിയാല്‍ കരിമണല്‍ മേഖലയില്‍ അടക്കം സ്വകാര്യ വ്യക്തികളെ എത്തിക്കുമെന്നാണ് വിലയിരുത്തല്‍.

കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്ന കോണ്‍ഗ്രസ് നയം ബി.ജെ.പി. അതിശക്തമായി പിന്തുടരുകയാണെന്നാണ് സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ പി.പി.പി. മാതൃക പൊതുമേഖലാ വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും താത്പര്യമുള്ളവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പിന്നീട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഒരുവിധത്തിലുള്ള പുനരുദ്ധാരണത്തിനും കഴിയാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ (പി.പി.പി.) പുനഃക്രമീകരിക്കുന്നതിനുള്ള സാധ്യത ആരായാവുന്നതാണെന്ന് നയരേഖ പറയുന്നു. താത്പര്യമുള്ളവര്‍ക്ക് നടത്തിക്കൊണ്ടുപോകുന്നതിന് നിബന്ധനകളോടെ കരാറില്‍ ഏര്‍പ്പെടാവുന്നതും പരിശോധിക്കാവുന്നതാണെന്നും വിശദീകരിക്കുന്നു. കെ എസ് ആര്‍ ടി സിയെ അടക്കം ഇത് ലക്ഷ്യമിടുന്നുണ്ട്.

പ്രമേയം പറയുന്നത് ഇതിന് വിരുദ്ധവും. കൊളോണിയല്‍ കാലത്തെ നാണിപ്പിക്കുന്നവിധം രാഷ്ട്രസമ്പത്ത് സ്വകാര്യകുത്തകകള്‍ക്ക് തീറെഴുതുന്ന നടപടികളാണ് മോദിസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. പൊതുമേഖലാസംരക്ഷണം എന്നത് രാജ്യസ്‌നേഹപരമായ ഒരു മുദ്രാവാക്യമായി രൂപം കൊള്ളുകയാണ്. സ്വകാര്യവത്കരണം ഉപേക്ഷിക്കുക എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത തൊഴിലാളിയൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്നും വിശദീകരിക്കുന്നുണ്ട് എളമരത്തിന്റെ പ്രമേയം.

സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 54 പൊതുമേഖലാസ്ഥാപനങ്ങളില്‍ ഇരുപതെണ്ണമാണ് ഇപ്പോള്‍ ലാഭത്തില്‍. ബാക്കി 34 എണ്ണത്തില്‍ പ്രവര്‍ത്തനം നിലച്ച സ്ഥാപനങ്ങളുമുണ്ട്. അവയുടെയെല്ലാം പുനരുജ്ജീവനത്തിനായി താത്പര്യമുള്ള വ്യക്തികളെ കണ്ടെത്തും. കെ എസ് ആര്‍ ടി സി അടക്കം ഈ നഷ്ട കമ്പനികളുടെ പട്ടികയിലുണ്ട്. നഷ്ട കമ്പനികളില്‍ നിന്നും സംസ്ഥാനത്തിന്റെ പൊതു വരുമാനം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തില്‍ ലാഭ കമ്പനികളുടെ ഓഹരികളും സ്വകാര്യ വ്യക്തികള്‍ക്ക് ഭാവിയില്‍ കൈമാറും. എല്ലാം അങ്ങനെ പിപിപി മോഡലില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്യും.

ഉന്നതവിദ്യാഭ്യാസ രംഗത്ത് രണ്ടാംഘട്ടമായി നടത്തേണ്ട ഇടപെടലെന്താവണമെന്ന് പറയുന്ന കൊല്ലം സമ്മേളനരേഖ മൂലധനനിക്ഷേപത്തിനുള്ള വഴികളാണ് അന്വേഷിക്കുന്നത്. സര്‍ക്കാര്‍, സഹകരണ മേഖലകളിലും സ്വകാര്യമേഖലയിലും വന്‍കിട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്ന 2022-ലെ നിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിന്റെ തുടര്‍ച്ചയായി പൊതു- സ്വകാര്യപങ്കാളിത്തത്തോടെ വന്‍തോതില്‍ ഉന്നതവിദ്യാഭ്യാസ - ഗവേഷണശാലകള്‍ സ്ഥാപിക്കുമെന്ന് കൊല്ലം രേഖ പ്രഖ്യാപിക്കുന്നു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാംപസ് പാര്‍ക്കുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനെ ശക്തിപ്പെടുത്തും. ഉന്നത വിദ്യാഭ്യാസത്തെ സേവന, ഉത്പാദനമേഖലകളുമായി ബന്ധിപ്പിക്കും. വിവിധ സര്‍വകലാശാലകളിലെ ഗവേഷണ സ്ഥാപനങ്ങളെ സംയോജിപ്പിക്കും. മികവിന്റെ കേന്ദ്രങ്ങള്‍ രൂപപ്പെടുത്തി കേരളം ആഗോള വിജ്ഞാനമുന്നേറ്റത്തിനൊപ്പം എത്തുമെന്നും രേഖ പറയുന്നു.

Similar News