എംഎ ബേബി എടുത്തത് അതിശക്തമായ നിലപാട്; കേന്ദ്ര കമ്മറ്റി അംഗത്തെ സെക്രട്ടറിയേറ്റില്‍ പങ്കെടുപ്പിച്ചേ മതിയാകൂവെന്ന് കടുപ്പിക്കാന്‍ ഒരുങ്ങിയ ബംഗാള്‍-മഹാരാഷ്ട്ര ഘടകങ്ങള്‍; ഒടുവില്‍ കേന്ദ്ര നേതൃത്വത്തിന് വഴങ്ങിയ മുഖ്യമന്ത്രിയും; ശ്രീമതിയ്ക്ക് ഇനി എകെജി സെന്ററിലെ സെക്രട്ടറിയേറ്റില്‍ ധൈര്യമായി പോകാം; പ്രായ പരിധി ഇളവില്‍ പിണറായി നയം സമവായത്തിന്റേത്
തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി നിലപാട് കടുപ്പിച്ചത് പികെ ശ്രീമതിയ്ക്ക് തുണയായി എന്ന് വിലയിരുത്തല്‍. പി.കെ. ശ്രീമതിയെ സെക്രട്ടേറിയറ്റില്‍ വിലക്കിയെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നപ്പോള്‍ കേരളാ സിപിഎമ്മും കേന്ദ്ര കമ്മറ്റിയ്ക്ക് വഴങ്ങുകയാണെന്ന് വ്യക്തമായി. പി.കെ. ശ്രീമതിക്ക് കേരളത്തിന്റെ ചുമതല നിര്‍വഹണത്തില്‍ ബാധ്യതയില്ലെന്നും കേന്ദ്രകമ്മിറ്റി ചുമതല നല്‍കിയിരിക്കുന്നത് മഹിളാ രംഗത്താണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലുള്ളപ്പോള്‍ സംസ്ഥാനകമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ശ്രീമതിക്ക് പങ്കെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ ആരും ശ്രീമതിയെ വിലക്കില്ലെന്ന് വ്യക്തമായി. ഈ വിവാദം കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. മികച്ചപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് അവര്‍ക്ക് ഇളവ് നല്‍കി കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. പ്രായം കഴിഞ്ഞാല്‍ ആര്‍ക്കും സംഘടനാ ചുമതല നല്‍കാറില്ലെന്നും പിണറായി പറഞ്ഞു. ഇതിനിടെയിലും സംസ്ഥാനകമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും പങ്കെടുക്കാമെന്ന നിലപാട് വിശദീകരണം പ്രശ്‌നം പരിഹരിക്കുന്നതിന്റെ സൂചനയാണ്. ഈ പ്രസ്താവനയോടെ ഇനി ശ്രീമതി വിഷയത്തില്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് കഴിയില്ല. സിപിഎമ്മില്‍ ഈ വിഷയത്തില്‍ സമവായം ഉറപ്പാക്കുകയാണ് മുഖ്യമന്ത്രി.
'പാര്‍ട്ടി സെക്രട്ടറിയും ടീച്ചറും തന്നെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 75 വയസുവരേയാണ് പൊതുവില്‍ സഖാക്കളുടെ പ്രവര്‍ത്തനകാലയളവ്. രാജ്യത്താകെ ഞങ്ങള്‍ എടുത്ത നിലപാടാണിത്. എന്നാല്‍, അതില്‍ ചില ഇളവ് നല്‍കിയിട്ടുണ്ട്. അതില്‍ ഒരാളാണ് ഞാന്‍. എകെ ബാലന്‍, ശ്രീമതി ടീച്ചര്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ക്ക് ഇതിന്റെ ഭാഗമായി ഒഴിയേണ്ടിവന്നു. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ഘട്ടത്തില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ പരിശോധിച്ചു. മഹിളാ രംഗത്ത് നല്ല പ്രവര്‍ത്തനമാണ് ശ്രീമതി ടീച്ചര്‍ കാഴ്ചവെച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ അവര്‍ പോകുന്നു. പൊതുവെ നല്ല അംഗീകാരം അതിന്റെ ഭാഗമായി അവര്‍ക്കുണ്ട്. അത് തുടര്‍ന്നും നടത്തേണ്ടതുണ്ട്. അതിന് കേന്ദ്രകമ്മിറ്റിയില്‍ അവര്‍ ഉണ്ടാകുന്നത് നല്ലതാണെന്ന് പൊതുവായ അഭിപ്രായം വന്നുവെന്നും പിണറായി പറഞ്ഞു.
കേരളത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി പികെ ശ്രീമതി കേന്ദ്ര കമ്മറ്റിയില്‍ എത്തിയതെന്നതാണ് വസ്തുത. ഇതു കാരണം ഒരാളെ പുതുതായി കേന്ദ്ര കമ്മറ്റിയില്‍ എത്തിക്കാന്‍ കഴിയാതെ പോയി. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവര്‍ക്ക് ഇത് വിനയായി. ഈ സാഹചര്യത്തിലാണ് പികെ ശ്രീമതിയെ സെക്രട്ടറിയേറ്റില്‍ പങ്കെടുപ്പിക്കില്ലെന്ന വിവാദം ആളി കത്തിയത്. ഇതില്‍ വ്യക്തമായ മറുപടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നല്‍കിയില്ല. എന്നാല്‍ കേന്ദ്ര കമ്മറ്റി അംഗത്തിന് സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാമെന്ന് എംഎ ബേബി തുറന്നു പറഞ്ഞു. മഹാരാഷ്ട്ര-ബംഗാള്‍ ഘടകങ്ങളും എതിര്‍പ്പിലായി. ഇത് മനസ്സിലാക്കിയാണ് പിണറായി തന്നെ വിവാദത്തിന് അവസാനമിടുന്നത്.
കേന്ദ്രക്വാട്ടയില്‍ ഉള്‍പ്പെടുത്തിയാണ് അവര്‍ക്ക് ഇളവ് നല്‍കിയത്. അത് സംസ്ഥാനത്തിന്റെ ഭാഗമായിട്ടല്ല. സാധാരണഗതിയില്‍ അവര്‍ പ്രവര്‍ത്തിക്കുന്നത് രാജ്യത്താകെയാണ്, കേരളത്തിലല്ല. കേരളത്തിലാണ് അവര്‍ ജീവിക്കുന്നത്. അങ്ങനെയാകുമ്പോള്‍ കേരളത്തില്‍ ഉണ്ടാകുന്ന ഘട്ടത്തില്‍ സംസ്ഥാന കമ്മിറ്റി യോഗം നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ ഭാഗമായി നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തെന്ന് വരും. ഇതാണ് സാധാരണ നിലക്ക് സംഭവിക്കുക. ഇവരുടെ കൂടെ ഒഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്ന എ.കെ. ബാലന്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മാത്രമാണ് പങ്കെടുക്കുന്നത്. പ്രായം കഴിഞ്ഞാല്‍ സംഘടനാ ചുമതല നല്‍കാറില്ല. മഹിളാരംഗത്താണ് ശ്രീമതി ടീച്ചര്‍ക്ക് നല്‍കിയത്. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിന് ഒരു തടസവുമില്ല. ആ ഘട്ടത്തില്‍ ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിലും അവരുണ്ടാകും. നേരത്തെ എല്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും അതിന്റെ ഭാഗമായി വരുന്ന ചുമതലനിര്‍വഹിക്കുന്ന കാര്യത്തിലും അവരുണ്ടാകും. ആ ഭാഗങ്ങളൊന്നും ഇപ്പോള്‍ അവരുടെ ചുമതലയില്‍ വരുന്നില്ലെന്ന എന്ന് അര്‍ത്ഥം', മുഖ്യമന്ത്രി വിശദീകരിച്ചു.
സിപിഐം സംസ്ഥാന സെക്രട്ടറിയറ്റുമായി ബന്ധപ്പെടുത്തി തന്നെക്കുറിച്ച് വന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമെന്ന് ശ്രീമതിയും പ്രതികരിച്ചിരുന്നു. മാതൃഭൂമി വാര്‍ത്ത പിന്‍വലിക്കണമെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'പാര്‍ടി കോണ്‍?ഗ്രസ് കഴിഞ്ഞതിന് ശേഷം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ പി കെ ശ്രീമതിക്ക് അസാധാരണ വിലക്കേര്‍പ്പെടുത്തി' എന്ന് ആരോപിച്ച് മാതൃഭൂമിയാണ് ആദ്യം വാര്‍ത്ത നല്‍കിയത്. പിന്നാലെ മറ്റ് മാധ്യമങ്ങളും ഇത് ഏറ്റുപിടിക്കുകയായിരുന്നു. ഇതില്‍ ചില വസ്തുതകള്‍ ഉണ്ടെന്ന തരത്തിലായിരുന്നു എംവി ഗോവിന്ദന്റേയും പ്രതികരണം. ഇതോടെ എംഎ ബേബി പരസ്യമായി നിലപാട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.