വിഡി സതീശന്‍ വടിയെടുത്തു! അന്‍വറിന്റെ വനയാത്രയില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുത്തില്ല; കുഞ്ഞാലിക്കുട്ടി കണ്ണുരുട്ടിയപ്പോള്‍ ലീഗുകാരും വിട്ടു നിന്നു; ഇടിയും സമാപനത്തിന് വരില്ല; നിരാശ മാറ്റാന്‍ ഇടുക്കിയിലേക്ക് പാഞ്ഞടുത്ത് അന്‍വര്‍; എസ് രാജേന്ദ്രനെ കൂടെ നിര്‍ത്തും; 'ഡിഎംകെ' ക്ലച്ച് പിടിക്കുമോ?
കല്‍പറ്റ: പിവി അന്‍വറിനെ തല്‍കാലം യുഡിഎഫ് അംഗീകരിക്കില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത നിലപാടാമ് ഇതിന് കാരണം. വനനിയമ ഭേദഗതിക്കെതിരെ പി.വി.അന്‍വര്‍ എംഎല്‍എ നടത്തുന്ന ജനകീയ യാത്രയില്‍ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കള്‍ പങ്കെടുക്കാത്തതിന് പിന്നില്‍ സതീശന്റെ ശക്തമായ നിലപാടാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഡിഎംകെയില്‍ ചേരാനുള്ള അന്‍വറിന്റെ ശ്രമം നടന്നിരുന്നില്ല. പിന്നീട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂലായി ലക്ഷ്യം. അതും നടന്നില്ല. പിന്നീടാണ് കോണ്‍ഗ്രസുമായി യുഡിഎഫുമായി അടുക്കാന്‍ ശ്രമം തുടങ്ങിയത്. ഇതിനെ വിഡി സതീശന്‍ അതിശക്തമായി എതിര്‍ത്തു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രമേശ് ചെന്നിത്തലയും അന്‍വറിന് അനുകലൂമാണ്. എന്നാല്‍ പ്രതിപക്ഷ നേതാവിനെ പരസ്യമായി അപമാനിച്ച അന്‍വറിനെ ഈ ഘട്ടത്തില്‍ പരസ്യമായി പിന്തുണയ്ക്കാന്‍ അവര്‍ക്കും കഴിയുന്നില്ല. ഇതെല്ലാം വനയാത്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് പിന്മാറ്റത്തിനും കാരണമായി.
ജനകീയ യാത്രയ്ക്കു തുടക്കം കുറിച്ചുകൊണ്ട് പനമരത്ത് നടക്കുന്ന പൊതുയോഗം വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് പി.വി.അന്‍വര്‍ അറിയിച്ചത്. എന്‍.ഡി.അപ്പച്ചന്റെയും പി.വി.അന്‍വറിന്റെയും ചിത്രമുള്ള പോസ്റ്ററുകളും സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ അപ്പച്ചനും യുഡിഎഫിലെ മറ്റ് നേതാക്കളും എത്തിയില്ല. ഇതോടെ മറു രാഷ്ട്രീയ നീക്കങ്ങളും അന്‍വര്‍ ശക്തമാക്കി. ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. ഇടതുവിമതരെ ഒപ്പം ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ)യ്ക്ക് ഇടുക്കിയില്‍ അനൗദ്യോഗിക ജില്ലാ കമ്മിറ്റി രൂപീകരിച്ചുവെന്നാണ് വിവരം. തൊടുപുഴയിലും കട്ടപ്പനയിലും അന്‍വര്‍ പങ്കെടുത്ത യോഗങ്ങള്‍ നടക്കും.
സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപി പ്രവേശനം പൂര്‍ണ്ണമായും തള്ളാതെയാണ് നേരത്തെ പ്രതികരിച്ചത്. ഇതിനിടെയാണ് പി വി അന്‍വറുമായുള്ള കൂടിക്കാഴ്ച. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. കോണ്‍ഗ്രസ് അടുപ്പിക്കാത്ത സാഹചര്യത്തില്‍ ഡിഎംകെയെ സജീവമാക്കാനാണ് തീരുമാനം. വനനിയമ ഭേദഗതിക്കെതിരെ പി വി അന്‍വര്‍ എംഎല്‍എ നടത്തുന്ന യാത്രയില്‍ നിന്ന് വയനാട്ടിലെ കോണ്‍ഗ്രസ് മുസ്ലിംലീഗ് നേതാക്കള്‍ വിട്ടുനിന്നത് അന്‍വറിന് തിരിച്ചടിയാണ്. തന്റെ അനുവാദമില്ലാതെയാണ് ചിത്രം വച്ച് പോസ്റ്റര്‍ അടിച്ചതെന്ന് ഡിസിസി പ്രസിഡണ്ട് എന്‍ഡി അപ്പച്ചന്‍ പറഞ്ഞു.
മറ്റാരെങ്കിലും തടഞ്ഞതുകൊണ്ടാകാം അപ്പച്ചന്‍ പരിപാടിയില്‍ നിന്ന് വിട്ടു നിന്നതെന്ന് പി വി അന്‍വര്‍ പ്രതികരിച്ചു. മാനന്തവാടി മുതല്‍ വഴിക്കടവ് വരെയാണ് അന്‍വറിന്റെ ജനകീയ യാത്ര. പി വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറും എന്ന അഭ്യൂഹങ്ങള്‍ക്ക് ഇടയിലാണ് വനനിയമ ഭേദഗതിക്കെതിരെ പ്രതിഷേധയാത്രയും നടക്കുന്നത്. ഇതില്‍ ക്ഷണിക്കപ്പെട്ടത് കോണ്‍ഗ്രസ് മുസ്ലിംലീഗ് നേതാക്കള്‍. വയനാട് പനമരത്ത് ജനകീയ യാത്ര ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഡിസിസി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന്‍. അപ്പച്ചന്റെ ചിത്രം സഹിതം പോസ്റ്ററും പി വി അന്‍വറിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടു. ഇത് വിവാദമായതോടെ എന്‍ഡി അപ്പച്ചന്‍ തന്നെ രംഗത്തുവന്നു. അനുവാദമില്ലാതെയാണ് പോസ്റ്റര്‍ അടിച്ചതെന്ന് തുറന്നടിച്ചു.
യാത്രയില്‍ പങ്കെടുക്കരുതെന്ന് കെപിസിസി നേതൃത്വം അപ്പച്ചനു നിര്‍ദേശം നല്‍കിയെന്നാണു വിവരം. ജനകീയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ ആണെന്നും അറിയിച്ചിരുന്നു. ഇടിയും പങ്കെടുക്കാന#് സാധ്യതയില്ല. വയനാട് ലോക്സഭ മണ്ഡലത്തിലെ മാനന്തവാടി മുതല്‍ വഴിക്കടവ് വരെയാണ് പി.വി.അന്‍വര്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യത്ര നടത്തുന്നത്. ഞായറാഴ്ച വൈകിട്ട് എടക്കരയിലാണു സമാപന സമ്മേളനം. കേരള വനനിയമ ഭേദഗതി ബില്ലിനു മന്ത്രിസഭ അംഗീകാരം നല്‍കിയ സാഹചര്യത്തിലാണു യാത്ര സംഘടിപ്പിക്കുന്നത്.
നിയമം പ്രാബല്യത്തില്‍ വന്നാല്‍ കര്‍ഷകരുള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്കു നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാകും പര്യടനമെന്നും അന്‍വര്‍ അറിയിച്ചു. യുഡിഎഫുമായി അടുക്കാന്‍ അന്‍വര്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് ഡിസിസി പ്രസിഡന്റിനെക്കൊണ്ടു യാത്ര ഉദ്ഘാടനം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ തത്കാലം അന്‍വറിനെ അടുപ്പിക്കേണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിനിടെ മുസ്ലിം ലീഗിലേക്കു ചേക്കേറാനും അന്‍വര്‍ നീക്കം നടത്തുന്നുണ്ടെങ്കിലും ഒരു വിഭാഗം ലീഗ് നേതാക്കളും അന്‍വറിനെതിരാണ്. പികെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും.
പാര്‍ട്ടി തീരുമാനം വരും വരെ അന്‍വറുമായി ആരും സഹകരിക്കരുതെന്നാണ് പാണക്കാട് നിന്നും നേതാക്കള്‍ക്കെല്ലാം കിട്ടിയ നിര്‍ദ്ദേശമെന്നാണ് സൂചന. ഇത് അവഗണിച്ച് ഇടി വനയാത്രയുടെ സമാപനത്തിന് എത്തുമെന്ന് ആരും കരുതുന്നില്ല.