മോദിക്കൊപ്പം പ്രവര്‍ത്തിച്ച പ്രചാരകന്‍; നിതീഷിന്റെ സര്‍വ്വകലാശാല നയത്തെ ചോദ്യം ചെയ്ത ഗവര്‍ണ്ണര്‍; ഗോവയിലെ ക്രൈസ്തവ രാഷ്ട്രീയം ബിജെപിക്ക് അനുകൂലമാക്കിയവരില്‍ പ്രധാനി; ആര്‍ലേക്കറിനെ കേരള രാജ്ഭവനില്‍ എത്തിക്കുന്നത് ക്രൈസ്തവ സഭകളെ ബിജെപിയുമായി അടുപ്പിക്കാനോ? ആദ്യം നിരീക്ഷണം; പിന്നീട് പ്രതികരിക്കാന്‍ സിപിഎമ്മും

Update: 2024-12-26 03:19 GMT

തിരുവനന്തപുരം: നിലവില്‍ ബിഹാര്‍ ഗവര്‍ണറായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതിയ കേരളാ ഗവര്‍ണറാകുമ്പോള്‍ ചര്‍ച്ചകള്‍ പലവിധം. സംസ്ഥാനസര്‍ക്കാരുമായി ഭിന്നത നിലനില്‍ക്കെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം. ആരിഫ് മുഹമ്മദ് ഖാന് പകരമെത്തുന്നത് ആര്‍ എസ് എസുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ പരിവാര്‍ ഇടപെടലുകള്‍ കൂടുതല്‍ കേരളത്തില്‍ സജീവമാകും. ഗോവ മുന്‍മന്ത്രിയും നിയമസഭാ മുന്‍ സ്പീക്കറുമാണ് ആര്‍ലേകര്‍. ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ 2014-ല്‍ കേന്ദ്ര പ്രതിരോധമന്ത്രിയായപ്പോള്‍ അടുത്ത മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചത് അര്‍ലേകറെയായിരുന്നു. അടുത്തവര്‍ഷം മധ്യത്തോടെ ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അവിടേക്ക് ആരിഫ് മുഹമ്മദ് ഖാന്‍ എത്തുന്നത്.

കേരളത്തിലെ ഗവര്‍ണര്‍ ആകുന്നതിന് മുമ്പ് രണ്ട് കൊല്ലത്തില്‍ താഴെ ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ച ബന്ധം മാത്രമേ ആരിഫ് ഖാന് ഉണ്ടായിരുന്നുളളു. ചെറുപ്പത്തിലെ ആര്‍.എസ്.എസ് ശിക്ഷണം കിട്ടി വളര്‍ന്ന ഗോവക്കാരാനായ ആര്‍ലേക്കറിന് കേരളം നന്നായി അറിയാം. അതുകൊണ്ടുതന്നെ രാജ് ഭവനുമായുളള ബന്ധം ഊഷ്മളമാകുമെന്ന വലിയ പ്രതീക്ഷ ഒന്നും ഭരണ നേതൃത്വം വെച്ചുപുലര്‍ത്തുന്നില്ല. എങ്കിലും കടുകിട വിട്ടുവീഴ്ചചെയ്യാത്ത പ്രകൃതമുളള ആരിഫ് മുഹമ്മദ് ഖാന്റെ അത്ര പോരാട്ട വീര്യം കാണില്ലെന്ന പ്രതീക്ഷയിലാണ് സിപിഎം. മലയാളിയായ പി എസ് ശ്രീധരന്‍ പിള്ളയാണ് നിലവില്‍ ഗോവ ഗവര്‍ണര്‍. ഇപ്പോള്‍ കേരളത്തില്‍ ഗവര്‍ണറായി ഗോവാക്കാരന്‍ എത്തുന്നു എന്നതും ശ്രദ്ധേയമാണ്. തുടക്കത്തില്‍ ഗവര്‍ണറുമായി ഏറ്റുമുട്ടാന്‍ സിപിഎമ്മോ സര്‍ക്കാരോ ശ്രമിക്കില്ല. രാജ്ഭവനിലെ നീക്കങ്ങള്‍ നിരീക്ഷിച്ചാകും സമീപനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമ തീരുമാനം എടുക്കൂ.

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സംഘത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന പ്രചാരകനാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഗോവയില്‍ ബിജെപിയെ അധികാരത്തിലെത്തിച്ച നേതാക്കളില്‍ പ്രധാനിയാണ് അദ്ദേഹം. 2002 ല്‍ പാര്‍ട്ടിക്ക് വേണ്ടി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നത് ആര്‍ലേക്കറുടെ ത്രസിപ്പിക്കുന്ന വിജയത്തിലൂടെയായിരുന്നു. പിന്നീട് പാര്‍ട്ടിക്ക് ഗോവയില്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കേരളത്തിലും ക്രൈസ്തവര കൂടെ നിര്‍ത്തിയുള്ള മുന്നേറ്റമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് ക്രൈസ്തവ സഭകളുമായി ഏറെ അടുപ്പമുള്ള വ്യ്ക്തി കേരളത്തിലെ രാജ്ഭവനിലെത്തുന്നത്. കേരളത്തിലെ രാഷ്ട്രീയത്തില്‍ അത് ചലനമുണ്ടാക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍.

എന്നും വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിച്ച നേതാവ് കൂടിയാണ് ആര്‍ലെക്കര്‍. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടത് സത്യഗ്രഹ സമരം നടത്തിയതുകൊണ്ടല്ല, ജനങ്ങള്‍ ആയുധമെടുത്തതുകൊണ്ടാണ് എന്നായിരുന്നു ആര്‍ലെക്കറുടെ വിവാദമായ അവസാനത്തെ പ്രസ്താവന.ജെഎന്‍യു വിദ്യാര്‍ഥി നേതാവായിരുന്ന കനയ്യ കുമാറുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്കിടിയെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും പറയാനാവില്ല എന്ന പരാമര്‍ശവും ആര്‍ലെക്കര്‍ നടത്തിയിരുന്നു. ബിഹാര്‍ ഗവര്‍ണറായിരിക്കുമ്പോള്‍ സര്‍വകലാശാല ഭരണവുമായി ബന്ധപ്പെട്ട് നിതീഷ് കുമാര്‍ സര്‍ക്കാരുമായും ആര്‍ലെക്കര്‍ കൊമ്പുകോര്‍ത്തിരുന്നു. ഒരു വര്‍ഷത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യം മുന്‍നിര്‍ത്തി തന്നെയാണ് ആര്‍ലെക്കര്‍ എത്തുന്നത്. കേരളത്തിലെ സര്‍വ്വകലാശാലകളിലും ആര്‍ലെക്കര്‍ ഇടപെടുമെന്ന് ഉറപ്പാണ്.

ഗവര്‍ണര്‍മാരെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ കേരളം, തമിഴ്നാട്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ തുറന്ന ഏറ്റുമുട്ടലിലാണ് കലാശിച്ചത്. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് പുതിയ ഗവര്‍ണര്‍ എത്തുന്നത്. ഗോവ സ്വദേശിയായ ആര്‍ലെക്കര്‍ ആര്‍എസ്എസിലൂടെ വളര്‍ന്നുവന്ന നേതാവാണ്. ദീര്‍ഘകാലം ആര്‍എസ്എസ് പ്രചാരക് ആയി പ്രവര്‍ത്തിച്ചിരുന്ന ആര്‍ലെക്കര്‍ 1989ലാണ് ബിജെപി അംഗത്വം എടുക്കുന്നത്. ഗോവ ബിജെപി ജനറല്‍ സെക്രട്ടറി, ഗോവ വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ഗോവ പട്ടിക ജാതി പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

2002ല്‍ ഗോവ നിയമസഭാംഗമായി. 2014ല്‍ മനോഹര്‍ പരീക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായപ്പോള്‍ ആര്‍ലെക്കറുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു. ഒടുവില്‍ അപ്രതീക്ഷിതമായി ലക്ഷ്മികാന്ത് പര്‍സേക്കര്‍ മുഖ്യമന്ത്രിയായി. ആര്‍ലെക്കര്‍ സ്പീക്കറായിരിക്കുമ്പോഴാണ് ഗോവ നിയമസഭയെ രാജ്യത്തെ ആദ്യ കടലാസ്രഹിത നിയമസഭയായി പ്രഖ്യാപിച്ചത്. 2015ല്‍ മന്ത്രിസഭാ പുനഃസംഘടനയില്‍ ഗോവയില്‍ വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2021 ജൂലൈയില്‍ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി. 2023 ഫെബ്രുവരിയില്‍ ബിഹാര്‍ ഗവര്‍ണറായി നിയമിക്കപ്പെട്ടു. ആര്‍ലെക്കര്‍ മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനാണ്. അതിലുപരി ആര്‍ എസ് എസുകാരനും. 2023 ഫെബ്രുവരി മുതല്‍ ബിഹാറിന്റെ ഗവര്‍ണറായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് കേരളത്തിലേക്ക് മാറ്റി നിയമിച്ചത്.

സംഭവബഹുലമായ അഞ്ചുവര്‍ഷങ്ങള്‍ക്കൊടുവിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള രാജ്ഭവന്റെ പടിയിറങ്ങുന്നത്. പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ അദ്ദേഹം പരസ്യമായി തന്നെ ചോദ്യം ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇടപെടലുകള്‍, പിന്‍വാതില്‍ നിയമനങ്ങള്‍, അഴിമതി, അക്രമരാഷ്ട്രീയം, ധൂര്‍ത്ത് എന്നിവയെ ചോദ്യം ചെയ്തു. എസ് എഫ് ഐയുടെ നയങ്ങളെ തെരുവില്‍ ഇറങ്ങിത്തന്നെ നേരിട്ടു. കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷ നേതാവായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ എന്ന് പോലും വിലയിരുത്തിയ സന്ദര്‍ഭമുണ്ടായി.

Tags:    

Similar News