രാഹുലിന്റെ ഈഗോയില്‍ വിശ്വപൗരന്‍ കോണ്‍ഗ്രസിന് പുറത്തേക്ക് പോകേണ്ട അവസ്ഥയില്‍; യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി അടക്കം ഒട്ടേറെ സാധ്യതകള്‍ മുന്നില്‍; സമ്മതം മൂളിയാല്‍ കേരളത്തിലെ ബിജെപിയെ നയിക്കാന്‍ തരൂരിനെ നിയോഗിക്കാന്‍ മോദിയും റെഡി; സ്വതന്ത്ര രാഷ്ട്രീയ നിലപാടുമായി പുതിയ വഴി തേടാനും സാധ്യത; തരൂരിന്റേത് ഇനി ഞെട്ടിക്കുന്ന നീക്കങ്ങള്‍!

Update: 2025-05-21 09:31 GMT

തിരുവനന്തപുരം: പാക്കിസ്ഥാനെതിരായ അമേരിക്കന്‍ ദൗത്യം വിജയിച്ച ശേഷം തിരുവനന്തപുരം എംപി ശശി തരൂര്‍ നിര്‍ണ്ണായകമായ രാഷ്ട്രീയ തീരുമാനങ്ങളെടുക്കാന്‍സാധ്യത. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഈഗോ അതിരു കടക്കുന്ന സാഹചര്യത്തിലാണ് ഇത്. പാക്കിസ്ഥാനെതിരായി നിലപാട് വിശദീകരിക്കാനുള്ള പ്രതിനിധി സംഘത്തിലേക്ക് തന്റെ പേര് കോണ്‍ഗ്രസ് വെട്ടിയത് ശശി തരൂരിന് വേദനയായി മാറിയിട്ടുണ്ട്. നിരന്തര അവഗണന പാര്‍ട്ടിയില്‍ നിന്നുണ്ടാകുന്നു. കേരളത്തില്‍ തനിക്കുള്ള ജനപിന്തുണ അറിയാമായിരുന്നിട്ടും ഈഗോ തുടരുന്നതാണ് തരൂരിനെ വേദനിപ്പിക്കുന്നത്. ബിജെപിയില്‍ പോകില്ലെന്ന നിലപാടിലാണ് തരൂര്‍ ഇപ്പോള്‍. എന്നാല്‍ രാജ്യ സേവനത്തിന് വേണ്ടി എന്തു പദവിയും ഏറ്റെടുക്കുമെന്നും പറഞ്ഞു കഴിഞ്ഞു. ഇതോടെ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധിയായി തരൂര്‍ മാറുമെന്ന സൂചനകള്‍ സജീവമാണ്. ജനീവ കേന്ദ്രമാക്കി പ്രവര്‍ത്തിച്ച് അമേരിക്കയുടെ അടക്കം പിന്തുണയില്‍ ഐക്യരാഷ്ട്ര സഭയുടെ ഭാവി സെക്രട്ടറി ജനറല്‍ തിരഞ്ഞെടുപ്പില്‍ തരൂര്‍ മത്സരിക്കുമെന്നും സൂചനകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് പ്രത്യേക താല്‍പ്പര്യം കാട്ടുമെന്നാണ് സൂചന.

ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി മുതിര്‍ന്ന ഐഎഫ് എസ് ഉദ്യോഗസ്ഥരാണ്. രാജ്യ താല്‍പ്പര്യം അവരിലൂടെ ലോകം അറിയുന്നുണ്ട്. എന്നാല്‍ പാക്കിസ്ഥാനുമായുള്ള നയതന്ത്ര പോരില്‍ ശശി തരൂരിനെ പോലൊരു നേതാവിനെ ഐക്യ രാഷ്ട്ര സഭയില്‍ നിയോഗിക്കാന്‍ മോദിക്ക് താല്‍പ്പര്യമുണ്ട്. ഇതിലൂടെ കൂടുതല്‍ ഉച്ചത്തില്‍ ഇന്ത്യന്‍ ശബ്ദം യുഎന്നില്‍ മുഴങ്ങും. ഐക്യരാഷ്ട്രയ സഭയുടെ മുന്‍ അണ്ടര്‍ സെക്രട്ടറി കൂടിയായ തരൂരിന് മികച്ച വിദേശ ബന്ധങ്ങളുമുണ്ട്. ഇതെല്ലാം രാജ്യത്തിന് അനുകൂലമാക്കാനാണ് നീക്കം. ഇതിനൊപ്പം മറ്റ് ചില പദ്ധതികളും തരൂരിനുണ്ട്. കേരളത്തില്‍ കേന്ദ്രീകരിച്ച് സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനമാണ് മനസ്സിലെ ലക്ഷ്യം. വികസനത്തില്‍ ഊന്നയുള്ള നിലപാട് വിശദീകരണത്തിലൂടെ കേരളത്തില്‍ നിറയുകയാണ് ലക്ഷ്യം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായിട്ടും കേരളത്തിലെ കോണ്‍ഗ്രസിലും ആരും തരൂരിനെ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഒന്നും കൂടിയാലോചിക്കാറുമില്ല. പുതിയ കെപിസിസി അധ്യക്ഷനെ തിരിഞ്ഞെടുക്കുന്നതില്‍ പോലും അഭിപ്രായം തേടിയില്ല. ഉയര്‍ത്തിക്കാട്ടിയാല്‍ തരൂര്‍ മുഖ്യമന്ത്രിയായി മാറുമോ എന്ന ആശങ്കയാണ് ഇതിന് കാരണം. ഈ സാഹചര്യത്തിലാണ് തരൂര്‍ മറുവഴികള്‍ ആലോചിക്കുന്നത്. പാക്കിസ്ഥാന്‍ വിഷയത്തിലെ ഭിന്നതകള്‍ കാരണം കോണ്‍ഗ്രസില്‍ ഈഗോ ശക്തമാണ്. തനിക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാണ്ട് നടപടി എടുക്കുമെന്നാണ് തരൂരിന്റെ പ്രതീക്ഷ. അതിന് ശേഷമാകും രാഷ്ട്രീയത്തിലെ ഭാവി കാര്യങ്ങളില്‍ പ്രഖ്യാപനം നടത്തുക.

കേരളത്തില്‍ മുസ്ലീം ലീഗ് അടക്കം തരൂരിനെ പ്രതീക്ഷയായി കാണുന്നുണ്ട്. ഇതെല്ലാം കോണ്‍ഗ്രസിലെ ചില നേതാക്കളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതിനിടെ തരൂരിന് അമേരിക്കയിലെ ഇന്ത്യയുടെ സ്ഥാനപതി അടക്കമുള്ള പദവികള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറാണെന്നും സൂചനകളുണ്ട്. ഭാവി രാഷ്ട്രപതി, ഉപരാഷ്ട്രപതി പദങ്ങളിലേക്കും പരിഗണിച്ചേക്കാം. കേരളത്തില്‍ തരൂരിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുന്നതും പരിഗണനകളിലുണ്ട്. എന്നാല്‍ ബിജെപി പാളയത്തിലേക്ക് പോയാല്‍ ആഗോള തലത്തില്‍ ഉയര്‍ത്തി പിടിക്കുന്ന തന്റെ മതേതര മുഖത്തിന് എന്തു സംഭവിക്കുമെന്ന ആശങ്ക തരൂരിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടാണ് ബിജെപിയില്‍ പോകാതെയുള്ള മറ്റ് രാഷ്ട്രീയ വഴികളും സാധ്യതകളും തരൂര്‍ നോക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലാകാന്‍ തനിക്കുപ്പോഴും സാധ്യതയുണ്ടെന്ന് തരൂരിന് അറിയാം. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിന് അപ്പുറം നയതന്ത്ര മികവിലൂടെ രാജ്യ താല്‍പ്പര്യം ഉയര്‍ത്തി പിടിക്കാനാണ് തരൂരിന് ആഗ്രഹം.

യുദ്ധമോ യുദ്ധ സമാന സാഹചര്യമോ ഉണ്ടായാല്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം ഇനിയും അടിയുറച്ച് നില്‍ക്കും. അതിന്റെ പേരില്‍ കോണ്‍ഗ്രസിന് എന്ത് നടപടിയും എടുക്കാമെന്നതാണ് തരൂരിന്റെ പക്ഷം. തിരുവനന്തപുരം ലോക്‌സഭയില്‍ നിന്നും അഞ്ചാമതൊരു മത്സരത്തിനില്ലെന്ന് തരൂര്‍ പ്രഖ്യാപിച്ചതുമാണ്. അതുകൊണ്ട് തന്നെ ഇനി ലോക്‌സഭാ മത്സരത്തിനും തരൂര്‍ ഉണ്ടാകില്ല.

തരൂരിന്റെ ഞെട്ടിക്കുന്ന രാഷ്ട്രീയ നീക്കങ്ങളുമായി ബന്ധപ്പെട്ട വിശദ വീഡിയോ സ്‌റ്റോറി ചുവടെ


Full View

ഐക്യരാഷ്ട്ര പ്രതിനിധിയായി പോകേണ്ട സാഹചര്യം വന്നാല്‍ എംപി സ്ഥാനം തരൂര്‍ രാജിവയ്ക്കും. എംപി സ്ഥാനം നിലനിര്‍ത്തി ആ പദവിയില്‍ തുടരാനുകമെങ്കില്‍ അങ്ങനേയും ചെയ്‌തേയ്ക്കാം. ബിജെപിയിലേക്ക് തരൂര്‍ എത്തിയാല്‍ എംപി പദ രാജി ഉറപ്പ്. അങ്ങനെ വന്നാല്‍ ബിജെപിയുടെ കേരളത്തിലെ മുഖമായി തരൂര്‍ മാറും. ആര്‍ എസ് എസിനോടും തരൂരിനോട് എതിര്‍പ്പില്ല. എംപി സ്ഥാനം രാജിവച്ചാല്‍ തിരുവനന്തപുരത്ത് നിന്നും പകരം രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കും. ജയിച്ചാല്‍ രാജീവ് കേന്ദ്രമന്ത്രിയുമാകും. ഇതെല്ലാമാണ് തരൂര്‍ ബിജെപിയില്‍ എത്തിയാല്‍ സംഭവിക്കുക. പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നിലപാട് വ്യക്തമാക്കാന്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള പ്രതിനിധി സംഘത്തിലേക്ക് കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ പേരില്ലാത്ത ശശിതരൂരിനെ നിയോഗിച്ച സര്‍ക്കാര്‍ നടപടിയും പ്രതിനിധി സംഘത്തെ നയിക്കാനുള്ള തരൂരിന്റെ തീരുമാനവും സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ഉരുത്തിരിഞ്ഞ അസ്വസ്ഥത മൂര്‍ച്ഛിക്കുന്നു. ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികളിലും ഇതിനെച്ചൊല്ലി അതൃപ്തി പുകയുകയാണ്. ബിജെപി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിനും തരൂരിന്റെ കര്‍ശന നിലപാടിനും മുന്നില്‍ ഒടുവില്‍, ഹൈക്കമാന്‍ഡ് വഴങ്ങിയെങ്കിലും, വിഷയത്തില്‍ പാര്‍ട്ടി പോംവഴികള്‍ തേടുന്നുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിനെ ഉള്‍പ്പെടുത്തിയത് മാത്രമല്ല, കോണ്‍ഗ്രസ് നല്‍കിയ പട്ടികയിലെ നാലില്‍ മൂന്ന് പേരെയും ഒഴിവാക്കിയ സര്‍ക്കാരിന്റെ നടപടിയും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും വലിയ ക്ഷീണമായിയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തരൂരിനെ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചേക്കുമെന്ന് സൂചനയുണ്ട്. നടപടിക്രമമനുസരിച്ച്, ഒരു പാര്‍ട്ടിക്ക് നിലവില്‍ ആ സ്ഥാനത്തുള്ള എംപിയെ മാറ്റി മറ്റൊരാളെ നാമനിര്‍ദ്ദേശം ചെയ്യാം. അല്ലെങ്കില്‍ എംപിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടാം. ഇതിലേതെങ്കിലും ഒന്ന് ചെയ്‌തേക്കുമെന്നാണ് ഹൈക്കമാന്‍ഡുമായി അടുപ്പമുള്ള വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിദേശകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനത്ത് നിന്ന് തരൂരിനെ നീക്കാനുള്ള ശ്രമം വേഗത്തില്‍ വിജയിക്കാനുള്ള സാധ്യതയില്ല. കാരണം, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ വഴങ്ങാനുള്ള സാധ്യത കുറവാണ്. തരൂര്‍ വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം സംബന്ധിച്ച് പ്രസ്താവനകള്‍ നടത്താന്‍ തുടങ്ങിയിട്ടുണ്ട്.

തരൂരിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാര്‍ട്ടി ചെയ്യില്ലെന്ന സന്ദേശം ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, തരൂര്‍ ക്യാമ്പ് ഏത് പ്രതികാര നടപടിയെയും നേരിടാന്‍ തയ്യാറെടുക്കുകയാണ് എന്നതാണ് വസ്തുത. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തന രീതിയിലും ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ഏകപക്ഷീയമായ തീരുമാനങ്ങളിലും നീരസം പുലര്‍ത്തുന്ന കേരളത്തിലെ നിരവധി നേതാക്കള്‍ തരൂരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

Tags:    

Similar News