'കൃഷ്ണനെ കാണാന്‍ പോയ കുചേലന്‍; കൃഷ്ണനെ കണ്ടതും കുബേരനായ കുചേലന്‍; പഞ്ച നക്ഷത്ര ഹോട്ടലില്‍ കുചേലന്റെ ഭാര്യയ്ക്ക് ഓഹരി നല്‍കിയ കൃഷ്ണന്‍; 24ന്യൂസിനും റിപ്പോര്‍ട്ടര്‍ ടിവിക്കുമെതിരെ ആഞ്ഞടിക്കല്‍; തീക്കാറ്റായി ശോഭാ സുരേന്ദ്രന്‍; കൊടകരയിലെ ഗൂഡാലോചനയില്‍ ഈ പറയുന്നത് സത്യമോ?

Update: 2024-11-03 07:47 GMT

തൃശൂര്‍: കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിയ്‌ക്കെതിരെ ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തുന്നത് ഗൗരവ ആരോപണങ്ങള്‍. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മുതലാളിമാര്‍ക്ക് ഘാനയിലും മലേഷ്യയിലും ഗള്‍ഫിലും ഓഫീസുണ്ട്. പുറത്തു നിന്ന് കൊണ്ടു വന്ന പണം ഉപയോഗിച്ചാണ് റിപ്പോര്‍ട്ടര്‍ ടിവി വാങ്ങിയതെന്ന് അവര്‍ പറയുന്നു. ഈ പണം ഭീകരവാദികളുടേതാകാം എന്ന് പോലും ശോഭ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചില പരാതികള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കി. അത് റിപ്പോര്‍ട്ടര്‍ ടിവി അറിഞ്ഞു. ഇതോടെയാണ് തനിക്കെതിരെ ആ ചാനല്‍ നീക്കം തുടങ്ങിയതെന്ന് ശോഭ പറയുന്നു. ഏതായാലും കുചേലനും കൃഷ്ണനും കുബേരനുമെല്ലാം അവരുടെ വാര്‍ത്താ സമ്മേളനത്തില്‍ എത്തി. കണ്ണൂരുകാരന്‍ വട്ടപ്പലിശക്കാരനേയും കുറ്റപ്പെടുത്തുന്നുണ്ട്. അങ്ങനെ പുതിയ തലത്തിലേക്ക് ആരോപണങ്ങളെ ശോഭ എത്തിക്കുന്നു. എന്നാല്‍ പ്രധാനമെന്ന് പറഞ്ഞ് ശോഭ പറഞ്ഞതൊന്നും ജന്മഭൂമി പോലും വാര്‍ത്തയാക്കുന്നില്ല. മറ്റ് ചാനലുകളും ആ പേരുകളിലേക്ക് ചര്‍ച്ച എത്തിക്കുന്നില്ലെന്നതാണ് വസ്തുത. ഏഷ്യാനെറ്റ് ന്യൂസ് പറഞ്ഞു പോയി എന്നതൊഴിച്ചാല്‍ ആ വാക്കുകള്‍ ചര്‍ച്ചകളിലേ വരുന്നില്ല.

ഘാനയില്‍ ബിസിനസ്സുള്ള എമ്രാജ്. അവര്‍ക്ക് ജിസിസിയില്‍ അടക്കം ഓഫീസുണ്ട്. ഇവര്‍ക്ക് കേരളത്തില്‍ ചാനല്‍ വാങ്ങാന്‍ പണം കൊടുത്തത് ആരാണ്. അതിലേക്ക് അന്വേഷണം പോണം. ഈ ചാനലിലെ കുബേരന്‍ ഒരു ദിവസം കൃഷ്ണനെ കാണാന്‍ പോയി. ഇതോടെ കുചേലന്‍, കുബേരനായി. അടുത്ത ദിവസം കൃഷ്ണന് മുഖ്യമന്ത്രി അവാര്‍ഡ് കൊടുത്തു. കൃഷ്ണനെ മഹാത്മാ ഗാന്ധിയോട് ഉപമിച്ചു. ആളുകള്‍ക്ക് വട്ടപലിശയ്ക്ക് പണം കൊടുക്കുന്ന ആളാണ് കൃഷ്ണന്‍. പണം തിരിച്ചു കിട്ടിയില്ലെങ്കില്‍ അരിഞ്ഞ് അരിഞ്ഞ് ഇല്ലായമ ചെയ്യും. കൃഷ്ണാവതാരം പൂണ്ട ഈ വ്യക്തിയുമായി ചേര്‍ന്ന് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വാങ്ങുന്നു. കുചേലന്റെ ഭാര്യയുടെ പേരില്‍ ഓഹരി നല്‍കുന്നു. എന്തിനാണ് കൃഷ്ണന്‍ കുചേലന്റെ ഭാര്യയുടെ പേരില്‍ ഓഹരി നല്‍കിയത്-ഇങ്ങനെ പോകുന്നു ഉപമകളിലൂടെയൂള്ള ശോഭാ സുരേന്ദ്രന്റെ കടന്നാക്രമണം. ആലപ്പുഴ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച വ്യാജ കൃഷ്ണന്റെ പിറകേ ഞാന്‍ പോയി. അപ്പോള്‍ അറിഞ്ഞതാണ് ഇതെല്ലാം-ശോഭ പറയുന്നു. ഏതായാലും ഗുരുതര ആരോപണമാണ് ശോഭ ഉയര്‍ത്തുന്നത്. കൊടകര കേസില്‍ സിപിഎമ്മും എകെജി സെന്ററും കൃഷ്ണനും കുബേരനുമാണെന്ന് ശോഭ പറയുന്നു. തന്റെ യുദ്ധം എമ്രാജ് കമ്പനിക്കെതിരെയാണെന്നും പറയുന്നു.

24 ന്യൂസും റിപ്പോര്‍ട്ടര്‍ ടിവിയുമാണ് കൊടകരയിലെ വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീശിന് പിന്നിലെന്ന് ശോഭ പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവി മുതലാളിമാര്‍ക്കെതിരെ പോരാട്ടം തുടരുമെന്നും വിശദീകരിച്ചു. തിരൂര്‍ സതീശ് മുഖ്യമന്ത്രി പിണറായി വിജയന്റെ ടൂള്‍ ആണെന്ന് ശോഭാ സുരേന്ദ്രന്‍ പറയുന്നു. നാവ് സതീശന്റേതാണെങ്കിലും പ്രവര്‍ത്തിക്കുന്നത് എകെജി സെന്ററില്‍ നിന്നാണെന്നും ശോഭ തുറന്നടിച്ചു. കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട ഒരു വിവരവും സതീഷന്‍ തന്നോട് പറഞ്ഞിട്ടില്ല. തനിക്കെതിരെ പറഞ്ഞ കാര്യങ്ങളുടെ തിരക്കഥ എകെജി സെന്ററില്‍നിന്നും എഴുതിക്കൊടുത്തതാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സതീശന്‍ എന്ന ഉപകരണത്തെ ഉപയോഗിച്ചുകൊണ്ട് ബിജെപിയെന്ന പ്രസ്ഥാനത്തെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അതുവഴി ഒരുവെടിക്ക് രണ്ടുപക്ഷികളെ തീര്‍ക്കാന്‍ സാധിക്കുമോ എന്ന് ഗവേഷണം നടത്തുകയാണെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കുഴല്‍പ്പണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് ശേഷം പല നേതാക്കളും വിളിച്ചുവെന്നാണ് സതീശന്‍ പറയുന്നത്. എന്തുകൊണ്ടാണ് അവരുടെ പേരുവിവരം വെളിപ്പെടുത്താത്തത്. ഏത് നമ്പറില്‍ നിന്നാണ് സതീശന്‍ തന്നെ വിളിച്ചത്. അതിന്റെ കോള്‍ലിസ്റ്റ് ഹാജരാക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സതീശനെ വിലയ്ക്കെടുത്തിട്ട് ഒരുവര്‍ഷത്തിലേറെയായി. ബി.ജെ.പിയില്‍ സംസ്ഥാന പ്രസിഡന്റാവുന്നതിനായി താന്‍ സതീശനെക്കൊണ്ട് ഇക്കാര്യം പറയിപ്പിക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ഈ തിരക്കഥ ആരാണ് സൃഷ്ടിക്കുന്നത്? ശോഭാ സുരേന്ദ്രന് സംസ്ഥാന പ്രസിഡന്റാവാന്‍ എന്താണ് അയോഗ്യത. നൂലില്‍ കെട്ടി ഇറങ്ങി വന്നയാളല്ല ഞാന്‍. ഗൗരിയമ്മയ്ക്കും അജിതയ്ക്കും ശേഷം ഏറ്റവും ബ്രൂട്ടലായ ലാത്തി ചാര്‍ജ് ഏറ്റുവാങ്ങിയ ഓപ്പറേഷനുവരെ വിധേയമാക്കപ്പെട്ട സ്ത്രീയാണ്. എന്താണ് എന്റെ അയോഗ്യത', ശോഭ ചോദിച്ചു. സതീശനെക്കൊണ്ട് സംസ്ഥാന നേതൃത്വത്തിനെതിരെ പറയിപ്പിച്ച് എനിക്ക് സംസ്ഥാന പ്രസിഡന്റാവാന്‍ ആരാണ് സതീശന്‍. കൈയില്‍ രാഖി കെട്ടി ഞാന്‍ ആര്‍.എസ്.എസ്. ആണെന്ന് സതീശന്‍ പറയുന്നു. ഇതാണോ ആര്‍എസ്എസിന്റെ പണി. ആര്‍എസ്എസ് പ്രവര്‍ത്തകനാണെങ്കില്‍, ഇത്തരത്തില്‍ എന്തെങ്കിലും സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ സതീശന്‍ പോകേണ്ടത് ആര്‍.എസ്.എസിന്റെ സംസ്ഥാന കാര്യാലയത്തിലേക്കാണ്. ഈ ഉപകരണത്തെ ഉപയോഗിച്ച് ചുളുവില്‍ ശോഭാ സുരേന്ദ്രനെ കേരള രാഷ്ട്രീയത്തില്‍ ഇല്ലായ്മ ചെയ്യാന്‍ കഴിയുമോയെന്ന് ഗവേഷണം നടത്തുകയാണ്', അവര്‍ ആരോപിച്ചു.


Full View

സതീശനെ വിലയ്ക്കുവാങ്ങിയത് ആരാണെന്നും സതീശന് ആരുമായിട്ടാണ് ബന്ധമെന്നും കേരള പൊതുസമൂഹത്തിന് മുന്നില്‍ സതീശനെക്കൊണ്ട് പറയിപ്പിക്കും. സതീശന്‍ കേരളം വിട്ട് എവിടെയാണ് യാത്രചെയ്തത്. നാലുമാസം എവിടെയായിരുന്നു സതീശന്‍. തന്റെ ചെലവില്‍ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ സതീശനല്ല, മുത്തുപ്പട്ടരായാലും അനുവദിക്കില്ല. സതീശന്‍ വെറും നാവാണ്. സതീശന് മറുപടിയില്ലെന്നും അവര്‍ വ്യക്തമാക്കി. തന്റെ യുദ്ധം മുഖ്യമന്ത്രിക്കെതിരെയും ഇ പി ജയരാജനെതിരെയുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലും ദല്‍ഹിയിലും രാമനിലയത്തിലും ഇ.പി ജയരാജനെ കണ്ടു. ജയരാജനും താനും തന്റെ മുറിയില്‍വെച്ച് കൂടിക്കാഴ്ച നടത്തി. ദല്‍ഹി ലളിത് ഹോട്ടലിലാണ് ജയരാജനുമായി കൂടിക്കാഴ്ച നടത്തിയത്. ഇത്ര നിലവാരം കുറഞ്ഞ ആളാണെങ്കില്‍ തന്നെ കാണാന്‍ എന്തിന് ജയരാജന്‍ വന്നുവെന്ന് ചോദിച്ച ശോഭ ഇപിയുടെയും തന്റെയും ഫോണ്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പറഞ്ഞു. എകെജി സെന്ററിനുള്ള മറുപടിയാണ് ഈ പത്രസമ്മേളനമെന്നും അവര്‍ പറഞ്ഞു.

Tags:    

Similar News