തരൂരിന്റെ 'പിടിവാശികള്‍' കണ്ടില്ലെന്ന് നടിക്കും; സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പാടേ അവഗണിക്കും; സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ പാര്‍ട്ടി ഒറ്റക്കെട്ടായി നീങ്ങണമെന്ന സൂത്രവാക്യം നടപ്പാക്കാന്‍ ഹൈക്കമാന്‍ഡ്; എടുത്തുചാട്ടം അരുതെന്ന് എംപിയെ ഉപദേശിച്ച് കെ സുധാകരന്‍; 'നോ കമന്റ്‌സുമായി' അകല്‍ച്ച പാലിച്ച് വി ഡി സതീശനും; കൊള്ളാനും തള്ളാനും വയ്യാതെ കോണ്‍ഗ്രസ്
തരൂരിനെ കൊള്ളാനും തള്ളാനും വയ്യാതെ കോണ്‍ഗ്രസ്
തിരുവനന്തപുരം: ശശി തരൂരിനെ കൊള്ളണോ, തള്ളണോ? തിരുവനന്തപുരം എം പിയോടുള്ള സമീപനത്തില്‍, കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും രണ്ടുവഴിക്കാണ് നീങ്ങുന്നത്. തരൂരിനെ പരമാവധി ചേര്‍ത്തുനിര്‍ത്തുന്ന സമീപനമാണ് സുധാകരന്റേത്. എന്നാല്‍, തരൂരിനോട് അകലം പാലിക്കുകയാണ് സതീശന്‍. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ തരൂര്‍ കോണ്‍ഗ്രസ് വിട്ടു പോകുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് വേറെ പണിയുണ്ടെന്ന ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ അഭിമുഖമാണ് ചര്‍ച്ചകള്‍ക്ക് ആധാരം. എന്നാല്‍, ഈ അഭിമുഖം തരൂര്‍ രാഹുല്‍ ഗാന്ധിയെ കാണുന്നതിന് മുമ്പ് നല്‍കിയതാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം നേതാക്കള്‍ അനുനയ മാര്‍ഗ്ഗം നോക്കുന്നു.
എടുത്ത് ചാട്ടം അരുതെന്ന് ഉപദേശിച്ച് സുധാകരന്‍
തരൂരിനോട് എന്നും പ്രിയം കാട്ടിയിട്ടുള്ള കെ സുധാകരന്‍ കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ എംപിയെ വിളിച്ചു. പാര്‍ട്ടിയില്‍ അവഗണന നേരിടുന്നു എന്ന പരാതി ചര്‍ച്ച ചെയ്ത് തീര്‍ക്കാമെന്ന് അറിയിച്ചു. എടുത്ത് ചാടി പ്രതികരിക്കുതെന്ന് തരൂരിനോട് സുധാകരന്‍ ആവശ്യപ്പെട്ടു. രണ്ടുവട്ടം അധികാരത്തിന് പുറത്തിരുന്ന കോണ്‍ഗ്രസ് മടങ്ങി വരുന്നതിനിടെ ഉണ്ടാകുന്ന 'മുഖ്യമന്ത്രി സ്ഥാന' അവകാശവാദ വിവാദങ്ങള്‍ തരൂരിന് തന്നെ കോട്ടം ചെയ്യും. പാര്‍ട്ടിക്കെതിരെ പറഞ്ഞാല്‍ അണികളും എതിരാകുമെന്ന് തരൂരിനെ സുധാകരന്‍ ധരിപ്പിച്ചു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായാകാന്‍ താനാണ് പരമയോഗ്യനെന്ന മട്ടിലുള്ള തരൂരിന്റെ പരാമര്‍ശം നേതാക്കളെ ആകെ ഈര്‍ഷ്യയിലാക്കി. ഇടക്കാലത്ത് രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന തരത്തില്‍ വ്യാഖ്യാനങ്ങള്‍ ഉണ്ടായപ്പോള്‍, ചെന്നിത്തല തന്നെ അത് തണുപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍, തരൂര്‍, സ്വമേധയാ വിവാദങ്ങള്‍ തണുപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, പാര്‍ട്ടിയിലെ തന്റെ എതിരാളികളോടുള്ള അതൃപ്തി മറച്ചുവയ്്ക്കുന്നുമില്ല.
പ്രതികരിക്കാതെ വി ഡി സതീശന്‍
പ്രതിപക്ഷ നേതാവിനോടുള്ള ചോദ്യത്തിന് നോ കമന്റ്‌സ് ആവര്‍ത്തിക്കുകയായിരുന്നു. ഒറ്റക്കെട്ടായി നീങ്ങണമെന്ന് രമേശ് ചെന്നിത്തലയും ഗൗരവമുള്ള വിഷയമല്ലെന്ന്് കെ മുരളീധരനും വിവാദത്തെ തണുപ്പിക്കാന്‍ ശ്രമിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ ഉയര്‍ത്തിക്കാട്ടണമെന്ന അഭിപ്രായം ഘടകക്ഷികള്‍ക്കുമുണ്ടെന്ന് തരൂര്‍ പറയുമ്പോള്‍ അദ്ദേഹത്തിന് വീഴ്ച പറ്റിയെന്നാണ് ആര്‍എസ്പി വിമര്‍ശനം. ദേശീയ തലത്തില്‍ തരൂരിന് കൂടുതല്‍ റോള്‍ കൊടുക്കണമെന്ന് അഭിപ്രായമുള്ള നേതാക്കളും കോണ്‍ഗ്രസിലുണ്ട്.
കേന്ദ്രമന്ത്രി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം, പ്രൊഫഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം എന്നിവ പാര്‍ട്ടി തരൂരിന് നല്‍കി. എന്നിട്ടും തരൂര്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നു. അതിനാല്‍ തരൂരിന്റെ കാര്യത്തില്‍ പ്രതികരണം വേണ്ടെന്നും തത്കാലം അവഗണിക്കാമെന്നുമുള്ള നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ മുന്നില്‍ നിര്‍ത്തിയാലേ യുഡിഎഫ് വിജയിക്കൂ എന്ന അവകാശവാദവും വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നു. സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തരൂര്‍ മുന്നോട്ട് വരികയാണ്. പ്രവര്‍ത്തകസമിതി അംഗം എന്ന നിലയിലും സ്വീകാര്യത കണക്കിലെടുത്തും മുഖ്യമന്ത്രിസ്ഥാനം തരൂര്‍ ആഗ്രഹിക്കുന്നു. ലോക്സഭാംഗവും പ്രവര്‍ത്തകസമിതി അംഗവും പാര്‍ലമെന്റിലെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയിലും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സംസ്ഥാന നേതൃത്വം തരൂരിനെ കാണുന്നത്. ഈ പദവികളെല്ലാം ഉണ്ടെങ്കിലും അര്‍ഹമായ റോള്‍ ഇല്ലെന്ന് തരൂര്‍ വിലയിരുത്തുന്നുണ്ട്.
ആ ആഗ്രഹം പറയുക മാത്രമല്ല അദ്ദേഹം ചെയ്തത്; അതു നിറവേറ്റപ്പെട്ടില്ലെങ്കില്‍ വേറെ വഴി നോക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നു. അതു മറ്റൊരു പാര്‍ട്ടിയില്‍ ചേരാനുള്ള പുറപ്പാടല്ലെന്നും എഴുത്തിന്റെയും വായനയുടെയും വഴിയാണെന്നും വിശദീകരിച്ചെങ്കിലും അങ്ങനെ സ്വതന്ത്രനായി തുടരുക എളുപ്പമല്ലെന്നും പാര്‍ട്ടി പിന്തുണ ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്ത് ആശയക്കുഴപ്പം നിലനിര്‍ത്തുന്നുമുണ്ട്.
സമ്മര്‍ദ്ദ തന്ത്രത്തിന് വഴങ്ങേണ്ടെന്ന് ഹൈക്കമാന്‍ഡ്
ഇതെല്ലാം അവഗണിക്കാനാണു കോണ്‍ഗ്രസിന്റെ തീരുമാനം. കേന്ദ്ര-സംസ്ഥാന നേതാക്കള്‍ സംസാരിച്ച് ഇക്കാര്യത്തില്‍ ധാരണയായി. കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാകാനിടയില്ല. കഴിഞ്ഞ ദിവസം ചര്‍ച്ചയായത് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്‍പു നല്‍കിയ അഭിമുഖമാണെന്ന് പറയുന്നുണ്ടെങ്കിലും കൂടിക്കാഴ്ചയ്ക്കു ശേഷവും തരൂര്‍ അയഞ്ഞു എന്ന് ആരും കരുതുന്നില്ല. തന്നെ കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ വേറെ വഴിയുണ്ടെന്ന ശശി തരൂരിന്റെ പ്രതികരണത്തിലുള്ളത് രാഷ്ട്രീയ വിരമിക്കലിന് തയ്യാറാകുമെന്ന സൂചനയമുണ്ട്. തരൂരിനെ പരമാവധി അവഗണിക്കുന്ന സമീപനം സ്വീകരിക്കാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ ഉണ്ടായിരിക്കുന്ന ധാരണ. തരൂരിന്റെ നിലപാട് സമ്മര്‍ദ്ദ തന്ത്രമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.
കേരളത്തിലും തരൂര്‍ പാര്‍ട്ടിയെ വെട്ടിലാക്കിയെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. എതിരാളികള്‍ക്ക് തരൂര്‍ രാഷ്ട്രീയ ആയുധം നല്‍കിയെന്നും ഹൈക്കമാന്‍ഡ് കണക്കാക്കുന്നു. തരൂരിന്റെ അഭിപ്രായങ്ങളില്‍ ഹൈക്കമാന്‍ഡ് പരസ്യ പ്രതികരണം വിലക്കിയിട്ടുണ്ട്.
തരൂരിന്റെ വിമര്‍ശനങ്ങളെ പൂര്‍ണ്ണമായും അവഗണിക്കാനും തരൂരിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. കോണ്‍ഗ്രസ് സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടെന്നും, ഒറ്റക്കെട്ടായി നീങ്ങാനുമാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം.
സജീവ രാഷ്ട്രീയത്തില്‍ നിന്നും തരൂര്‍ പിന്‍വാങ്ങിയാലും അത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കനത്ത തിരിച്ചടിയാകും. പാര്‍ട്ടി മാറുന്നതിനെ താന്‍ അനുകൂലിക്കുന്നില്ലെന്ന് പറയുന്ന തരൂര്‍ മറ്റ് വഴികളായി ഉയര്‍ത്തിക്കാട്ടുന്നത് എഴുത്തിനേയും പ്രസംഗത്തിനേയുമാണ്. അതായത് തരൂര്‍ എപ്പോള്‍ വേണമെങ്കിലും തിരുവനന്തപുരം എംപി സ്ഥാനം രാജിവയ്ക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.
തരൂരിന്റെ ഈ പരസ്യ പ്രതികരണവും ഇരുതല മൂര്‍ച്ചയുള്ള ആയുധമാണെന്ന് കോണ്‍ഗ്രസിനും അറിയാം. വികസന നായകന്‍ എന്ന പ്രതിച്ഛായയുമായി കോണ്‍ഗ്രസിന് തരൂര്‍ കൈവിട്ടാല്‍ അത് കേരളാ രാഷ്ട്രീയത്തില്‍ ചലനമുണ്ടാക്കുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് തരൂരിനെ മഹത്വ വല്‍ക്കരിച്ച് സിപിഎം നേതാക്കളെത്തുന്നത്.