വി എം വിനുവിന് സ്ഥാനാര്‍ഥിയാകാന്‍ കഴിയില്ല; വോട്ടര്‍പട്ടികയില്‍ പേരില്ലാത്തത് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി; വോട്ടര്‍പട്ടികയില്‍ പേര് നോക്കിയില്ലേ? സെലിബ്രിറ്റിക്ക് പ്രത്യേക നിയമം ഇല്ലെന്ന് വിനുവിന് കോടതിയുടെ രൂക്ഷ വിമര്‍ശനം; വൈഷ്ണയുടെ കേസ് വ്യത്യസ്തമെന്നും കോടതി; കല്ലായിയില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ തേടി കോണ്‍ഗ്രസ്
വി എം വിനുവിന് സ്ഥാനാര്‍ഥിയാകാന്‍ കഴിയില്ല
കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്ത സംഭവത്തില്‍ കോര്‍പറേഷനിലെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി വി.എം.വിനുവിന്റെ പത്രിക തള്ളി ഹൈക്കോടതി. സെലിബ്രറ്റിയായതുകൊണ്ട് യാതൊരു പ്രത്യേകതയുമില്ലെന്നും വിഷയത്തില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ഹര്‍ജി തള്ളിയതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വി.എം. വിനുവിന് മത്സരിക്കാനാകില്ല.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സെലിബ്രറ്റികള്‍ക്കും സാധാരണ പൗരന്മാര്‍ക്കും ഒരേനിയമമാണ്. സെലിബ്രറ്റിയായതുകൊണ്ട് യാതൊരു പ്രത്യേകതയുമില്ലെന്നും കോടതി പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വൈഷ്ണ സുരേഷിന്റെ കേസ് വ്യത്യസ്തമാണ്. കരട് വോട്ടര്‍പട്ടികയില്‍ വൈഷ്ണയുടെ പേരുണ്ടായിരുന്നു. പിന്നീടാണ് വെട്ടിയത്. എന്നാല്‍, ഈ കേസില്‍ അങ്ങനെ പറയാന്‍ പറ്റില്ല.
2020-ലെ വോട്ടര്‍പട്ടികയിലും വിനുവിന്റെ പേരില്ലായിരുന്നു. അതിനാല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. സെലിബ്രറ്റികള്‍ നാട്ടിലെ കാര്യങ്ങളൊന്നും അറിയാറില്ലേയെന്നും പത്രം വായിക്കാറില്ലേയെന്നും കോടതി ചോദിച്ചു. താന്‍ മേയര്‍ സ്ഥാനാര്‍ഥിയാണെന്നും താന്‍ ജയിക്കുമെന്ന് കണ്ട് ഭരിക്കുന്ന പാര്‍ട്ടി പേര് വെട്ടിയതാണെന്നുമാണ് വി.എം. വിനു കോടതിയില്‍ വാദിച്ചത്. എന്നാല്‍, വോട്ടര്‍പട്ടികയില്‍ പേരുണ്ടോ ഇല്ലയോ എന്ന് നോക്കാതെയാണോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്നതെന്നും ഇതൊക്കെ ശ്രദ്ധിക്കേണ്ടെയെന്നും കോടതി ചോദിച്ചു.
കോഴിക്കോട് കോര്‍പ്പറേഷനിലെ കല്ലായി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് വി.എം. വിനുവിനെയാണ്. എന്നാല്‍, കഴിഞ്ഞദിവസമാണ് വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന് കണ്ടെത്തിയത്. 2020-ലെ വോട്ടര്‍പട്ടികയിലും വിനുവിന്റെ പേരുണ്ടായിരുന്നില്ല. അതേസമയം, 2020-ലെ തിരഞ്ഞെടുപ്പില്‍ മലാപ്പറമ്പ് ഡിവിഷനില്‍ താന്‍ വോട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു വിനുവിന്റെ വാദം. എന്നാല്‍, രേഖകള്‍വെച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇത് പൂര്‍ണമായും തള്ളിക്കളഞ്ഞിരുന്നു.
കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ഥിയായി കോഴിക്കോട് കോര്‍പറേഷന്‍ കല്ലായി വാര്‍ഡില്‍ പ്രഖ്യാപിച്ച ചലച്ചിത്ര സംവിധായകന്‍ വി.എം.വിനുവിന് കോര്‍പറേഷന്‍ പരിധിയില്‍ വോട്ടില്ല എന്ന കാര്യം കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. അപ്പോഴേക്കും പ്രചാരണം തുടങ്ങിയിരുന്നു. വോട്ട് ബോധപൂര്‍വം സിപിഎം വെട്ടിക്കളഞ്ഞതാണെന്നാണു കോണ്‍ഗ്രസും വിനുവും ആരോപിക്കുന്നത്. വോട്ട് ഇല്ലാത്തതു ചൂണ്ടിക്കാട്ടി വിനുവും കോണ്‍ഗ്രസ് നേതൃത്വവും കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ കോര്‍പറേഷന്‍ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസറോട് റിപ്പോര്‍ട്ട് തേടുകയും ഇആര്‍ഒ കോര്‍പറേഷനില്‍ വി.എം.വിനുവിനെ ഹിയറിങ് നടത്തുകയും ചെയ്തു.
എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും അതു പരിശോധിക്കാത്തതു വോട്ടറുടെ വീഴ്ചയാണെന്നും അതിനാല്‍ വോട്ട് അവകാശം നല്‍കരുതെന്നും എല്‍ഡിഎഫ് നേതൃത്വം കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. 2020ല്‍ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്ന വ്യക്തിയുടെ പേര് 2025 ല്‍ അകാരണമായി വെട്ടിപ്പോയിട്ടുണ്ടെങ്കില്‍ മാത്രമേ കലക്ടര്‍ക്ക് പ്രത്യേക അധികാരം ഉപയോഗപ്പെടുത്താനാകൂ. വിനുവിന് വോട്ടില്ലെന്ന് കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന് നേരത്തെ അറിയാമായിരുന്നെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനന്‍ കുറ്റപ്പെടുത്തി.
രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ വിഎം വിനുവിന്റെ വീട്ടില്‍ പോയി സമ്മര്‍ദം ചെലുത്തി സ്ഥാനാര്‍ത്ഥിയാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. വിഎം വിനു അറിയപ്പെടുന്ന സിനിമാ പ്രവര്‍ത്തകനാണ്. അദ്ദേഹം ഇന്നുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടികളോടൊപ്പവും നിന്നിട്ടില്ല. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി സമ്മര്‍ദം ചെലുത്തി സ്ഥാനാര്‍ത്ഥിയാക്കിയതാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന് നേരത്തെ തന്നെ അറിയാം അദ്ദേഹത്തിന് വോട്ടില്ലെന്ന്. ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്.
