സംസ്ഥാനത്തിന്റെ ധന സ്ഥിതി മെച്ചപ്പെട്ടതിന് കാരണം തനത് നികുതി വര്‍ദ്ധന; 47660 കോടിയില്‍ നിന്ന് 81000 കോടിയിലേക്ക് നാല് വര്‍ഷം കൊണ്ട് ഉയര്‍ന്നു; ധന കമ്മി 2.9 ശതമാനമായി; സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് ധനമന്ത്രി; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ 'പിന്നോക്ക' പരാമര്‍ശത്തിനും ബജറ്റില്‍ മറുപടി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധന സ്ഥിതി മെച്ചപ്പെട്ടതിന് കാരണം തനത് നികുതി വര്‍ദ്ധനയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 47660 കോടിയില്‍ നിന്ന് 81000 കോടിയിലേക്ക് നാല് വര്‍ഷം കൊണ്ട് വര്‍ധിപ്പിക്കാനായി. ധനകമ്മി 2.9% ആയി കുറഞ്ഞു. അനാവശ്യ ചെലവ് ഒഴിവാക്കിയും ചെലവിന് മുന്‍ഗണന തീരുമാനിച്ചുമാണ് പിടിച്ച് നിന്നത്. റവന്യു കമ്മി 1.58% ആയി കുറക്കാന്‍ സാധിച്ചു. സര്‍ക്കാരിന്റെ ചെലവുകള്‍ കൂടി. മുന്‍കാല ബാധ്യതകള്‍ കൊടുത്തുതീര്‍ക്കാനായത് കൊണ്ടാണ് ധനസ്ഥിതി മെച്ചപ്പെടുമെന്ന് പറയുന്നത്. കിഫ്ബിയോട് കേന്ദ്രം എതിര്‍പ്പ് ഉയര്‍ത്തുന്നു. മുഴുവന്‍ കിഫ്ബി പദ്ധതികളുടെയും ഭാരം സംസ്ഥാന ബജറ്റിന് മേലായി. സംസ്ഥാന ബജറ്റില്‍ നിന്നാണ് ഇപ്പോള്‍ പണം കണ്ടെത്തുന്നതെന്നും വിമര്‍ശിച്ചു.
സംസ്ഥാനത്തിന്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണ്. ധനകമ്മീഷന്‍ ഗ്രാന്റ് തുടര്‍ച്ചയായി വെട്ടിക്കുറക്കുന്നു. പദ്ധതി വിഹിതം വെട്ടികുറക്കുന്നു. കടമെടുക്കാന്‍ അനുവദനീയമായ പരിധിപോലും അനുവദിക്കുന്നില്ല. കിഫ്ബി വായ്പ കടമായി കണക്കാക്കുന്നു. കിഫ്ബി വായ്പ മുന്‍കാല പ്രാബല്യത്തോടെയാണ് കടപരിധിയില്‍പെടുത്തിയത്. 14ാം ധനക്കമ്മീഷനില്‍ ഗ്രാന്റ് കൂടുമെന്ന് കരുതുന്നു. ഏതെങ്കിലും സംസ്ഥാനത്തിന് ഇനിയും ഗ്രാന്റ് കുറയ്ക്കാന്‍ ധനക്കമ്മീഷന് സാധിക്കാത്ത സ്ഥിതിയാണെന്നും ധനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കേരളത്തിലെ സാമ്പത്തിക സ്ഥിതി മുമ്പോട്ട് കൊണ്ടു പോകാനാണ് പദ്ധതികള്‍. സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ബജറ്റ് അവതരണം തുടങ്ങിയതെന്നതും ശ്രദ്ധേയമാണ്. കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ തുക കേന്ദ്രം നല്‍കുമെന്ന തരത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞിരുന്നു. അത് കൂടി മനസ്സില്‍ വച്ചാണ് സാമ്പത്തിക പ്രതിസന്ധിയേയും കേരളം അതിജീവിച്ചെന്ന് ധനമന്ത്രി പറഞ്ഞു വയ്ക്കുന്നത്.
കേന്ദ്രാവഗണന മറയ്ക്കാന്‍ കേരളത്തിനുനേരെ നിരന്തരം പരിഹാസവുമായിറങ്ങുകയാണ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എന്ന പ്രതിഷേധം സിപിഎം ഉയര്‍ത്തിയിരുന്നു. ശമ്പളം കൊടുക്കാന്‍ പണമില്ലെങ്കില്‍ കേരളം ധനകാര്യ കമീഷനോട് കെഞ്ചണമെന്നാണ് ചൊവ്വാഴ്ച കേന്ദ്ര മന്ത്രി പറഞ്ഞത്. കേരളം അര്‍ഹതപ്പെട്ട വിഹിതം ചോദിക്കുമ്പോഴാണ് മന്ത്രിയുടെ ഈ ധിക്കാരമെന്നായിരുന്നു സിപിഎം നിലപാട്. കേരളം ഒരു ഘട്ടത്തിലും ശമ്പളം നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് പറഞ്ഞിട്ടില്ല. ഇത് നന്നായി അറിയാവുന്ന ആളാണ് ജോര്‍ജ് കുര്യന്‍. അതുകൊണ്ടാണ് ബജറ്റിലും റെയില്‍ പദ്ധതികളിലും കേരളമെന്ന പേരുപോലും പറയാത്ത അവഗണിച്ചതിലുള്ള ജാള്യത മറയ്ക്കാന്‍ പരിഹാസവുമായിറങ്ങുന്നതെന്ന നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് കേരളം സാമ്പത്തിക പ്രതിസന്ധിയേയും അതിജീവിച്ചെന്ന് ധനമന്ത്രി ബജറ്റില്‍ വിശദീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വികസനത്തിന് പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്.
കണ്ണൂര്‍ ഐടി പാര്‍ക്കിന് 293.22 കോടി കിഫ്ബിയില്‍ നിന്ന് ബജറ്റിലൂടെ നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയോ സര്‍ക്കാരിന്റെയോ സ്ഥലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ സാധിക്കും. വിഴിഞ്ഞം കൊല്ലം പുനലൂര്‍ വികസന തൃകോണപദ്ധതി നടപ്പാക്കും. കിഫ്ബിക്ക് വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഐടി പാര്‍ക്കുകള്‍ ആരംഭിക്കുന്നത്. സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂര്‍ത്തിയാക്കും. തിരുവനന്തപുരം ഔട്ടര്‍ ഏര്യാ ഗ്രോത്ത് കൊറിഡോറിന് അംഗീകാരം നല്‍കി. ഒഎന്‍ജിസിയെ ചുറ്റി എട്ട് പ്രത്യേക സാമ്പത്തിക മേഖലകള്‍ രൂപീകരിക്കും. ലാന്റ് പൂളിംഗ് വഴി സ്ഥലം ഏറ്റെടുക്കും. വിഴിഞ്ഞത്തെ പ്രധാന ട്രാന്‍ന്‍ഷിപ്‌മെന്റ് തുറമുഖമാക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതിനായി ബൃഹദ് പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റും. കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ വളര്‍ത്തും. കോവളം ബേക്കല്‍ ഉള്‍നാടന്‍ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. ഉള്‍നാടന്‍ ജലഗതാഗത വികസനത്തിന് കിഫ്ബി 500 കോടി നല്‍കും. എന്‍എച്ച് 66, പുതിയ ഗ്രീന്‍ ഫീല്‍ഡ് ദേശീയപാത എന്നിവ വിഴിഞ്ഞം വികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.
വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ നടപടി എടുക്കും. കേരളം സാമ്പത്തിക വികസനത്തിലേക്ക് കടക്കുന്നു. പുതിയ കര്‍മ്മ പദ്ധതി ഇതിനായി ആവിഷ്‌കരിച്ചു. പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടുള്ള നിക്ഷേപം സമാഹരിക്കും. സര്‍ക്കാര്‍ ഭൂമി നിക്ഷേപത്തിന് പ്രയോജനപ്പെടുത്തും. ഭൂമി ഇല്ലാത്തതിന്റെ പേരില്‍ ഒരു നിക്ഷേപകനും പിന്മാറേണ്ടിവരില്ല. നിക്ഷേപ സഹായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും. 3061 കോടി സംസ്ഥാനത്ത് റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി അനുവദിച്ചു. കിഫ്ബി പദ്ധതികള്‍ക്ക് പുറമെയാണ് ഇതെല്ലാം.
ഹോട്ടലുകള്‍ നിര്‍മിക്കാന്‍ 50 കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ആവിഷ്‌കരിക്കും. കൊല്ലത്ത് കിഫ്ബി, കിന്‍ഫ്രാ സഹകരണത്തില്‍ ഐ.ടി. പാര്‍ക്ക് ഒരുങ്ങും. മൈസ് ടൂറിസത്തിന്റെ ഭാഗമായി വന്‍കിട കണ്‍വെന്‍ഷന്‍ സെന്ററുകളും ഡെസ്റ്റിനേഷന്‍ ടൂറിസം സെന്ററുകളും വികസിപ്പിക്കും. ഡെസ്റ്റിനേഷന്‍ ടൂറിസ് സെന്ററുകള്‍ ഒരുക്കും. കൊച്ചി മുസിരീസ് ബിനാലെയ്ക്കായി ഏഴ് കോടി രൂപ അനുവദിച്ചിട്ടുണ്ട്.