അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി; പനിയും തൊണ്ടവേദനയുമെന്ന് സ്പീക്കര്‍; ബഹളം വെച്ച ഭരണപക്ഷ എംഎല്‍എമാരെ ശാസിച്ചു ഷംസീര്‍; 'അസുഖം ആര്‍ക്കും വരാം, കളിയാക്കല്‍ വേണ്ടെ'ന്ന് താക്കീത്
അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: ആര്‍ എസ് എസ് - എ ഡി ജി പി ബന്ധവുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാവിലെ നിയമസഭയില്‍ ഉണ്ടായിരുന്നെങ്കിലും പനിയും തൊണ്ടവേദനയും മൂര്‍ച്ഛിച്ചതോടെ അദ്ദേഹം മടങ്ങുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രി ഇല്ലെന്ന് സ്പീക്കറാണ് സഭയെ അറിയിച്ചത്.
മുഖ്യമന്ത്രിയ്ക്ക് പനിയും തൊണ്ടവേദനയുമാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ സഭയില്‍ പറഞ്ഞിരുന്നു.അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ എന്‍ ഷംസുദ്ദീന്‍ മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തെപ്പറ്റി പരാമര്‍ശിച്ചു. ഇതോടെ ഭരണപക്ഷ എം എല്‍ എമാര്‍ ബഹളം വച്ചു. ഇതുകേട്ട് സ്പീക്കര്‍ ദേഷ്യപ്പെട്ടു.
മുഖ്യമന്ത്രിയ്ക്ക് യാദൃശ്ചികമായിട്ടാണ് അസുഖം വന്നതെന്നും ആര്‍ക്കും അസുഖം വരാമെന്നും അതിനാല്‍ ഇത്തരം സംസാരം വേണ്ടെന്നും സ്പീക്കര്‍ താക്കീത് നല്‍കി.മുഖ്യമന്ത്രിയുടെ അസുഖത്തെ കളിയാക്കിയതല്ലെന്നും ഇത്രയും പ്രധാനപ്പെട്ട ഒരു ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും ഷംസുദ്ദീന്‍ മറുപടി നല്‍കി.
നിയമസഭാ സമ്മേളനം ആരംഭിച്ച സമയത്ത് 12 മണിമുതല്‍ രണ്ട് മണിവരെ അടിയന്തര പ്രമേയ ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു. ഇന്നലത്തെ പോലെയാകരുതെന്ന് പ്രതിപക്ഷത്തെ പ്രത്യേകം ഓര്‍മപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ 12 മണിക്ക് ചര്‍ച്ച ആരംഭിച്ചപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കാത്ത കാര്യം സ്പീക്കര്‍ പറഞ്ഞത്. അതേസമയം, അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. സാധാരണ സ്ഥാനമാറ്റമല്ലാതെ എന്ത് ചെയ്തെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ഇടതുപക്ഷത്തിനെതിരായി വലിയൊരു യുദ്ധം പുറത്തഴിച്ചു വിട്ടിരിക്കുകയാണ് പ്രതിപക്ഷമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അസത്യങ്ങള്‍ ആയുധമായി ഒരുക്കിക്കൊണ്ടാണ് വിപുലമായ യുദ്ധ സന്നാഹം ഇടതുപക്ഷത്തിനെതിരെ ഒരുക്കിയിരിക്കുന്നതെന്നും പ്രതിപക്ഷത്തിന് സത്യങ്ങളെ നേരിടാന്‍ ആവില്ലെന്നുമ രാജേഷ് കുറ്റപ്പെടുത്തി. മാധ്യമങ്ങളുടെ മടിത്തട്ടില്‍ ഉറങ്ങുന്നവരാണ് പ്രതിപക്ഷമെന്നും അവര്‍ക്ക് ജയിക്കാന്‍ മാധ്യമ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ സാധിക്കുകയുള്ളുവെന്നും അദ്ദേ?ഹം കൂട്ടിച്ചേര്‍ത്തു. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്ക് പകരം മറുപടി നല്‍കികുകയായിരുന്നു മന്ത്രി.
സ്വന്തം അടിയന്തര പ്രമേയത്തിന്റെ നോട്ടീസിനോട് ഒരു ഉത്തരവാദിത്വവും കാണിക്കാതെ ഇന്നലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി. ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍ മറ്റൊരു അടിയന്തര പ്രമേയവുമായി വരികയല്ലാതെ മറ്റൊരു വഴി പ്രതിപക്ഷത്തിന് ഇല്ലായിരുന്നു. പക്ഷെ ഒന്നും മറക്കാനില്ലാത്ത സര്‍ക്കാര്‍ അതിന് അനുമതി നല്‍കി. അതിന്റെ ആത്മവിശ്വാസമാണ് ഇന്നലെയും ഇന്നും കണ്ടത്. രാജേഷ് പറഞ്ഞു.
അസത്യങ്ങളുടെ വ്യാജ ബോംബുകള്‍ നിര്‍മ്മിക്കുകയാണ് അവര്‍. ചിരിച്ചാലും ഗൗരവത്തില്‍ പറഞ്ഞാലും പ്രതിപക്ഷത്തിന് കുറ്റമാണ്. ഇത്രയും കാലം ഞങ്ങള്‍ ചിരിക്കുന്നില്ല എന്നായിരുന്നു പരാതി. എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ ആരോപണം ഉയര്‍ന്നുവന്നു. അതില്‍ ഡിജിപി ഉള്‍പ്പെടെ അന്വേഷണം നടത്തി. അതില്‍ സര്‍ക്കാര്‍ അനുയോജ്യമായ നടപടി സ്വീകരിച്ചിട്ട് ഉണ്ട്. അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണക്കടത്തും ഹവാലയും രാജ്യത്തിനെതിരായ കുറ്റമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചു. കുറ്റത്തിനെതിരെ നടപടി സ്വീകരിക്കുമ്പോള്‍ ജില്ലയെയും മതത്തെയും കൊണ്ട് വരുന്നു. തെറ്റായ പ്രവണതകളെ അംഗീകരിക്കില്ല എന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏത് ജില്ലയുമായി താരതമ്യം ചെയ്തു നോക്കിയാലും മലപ്പുറം ജില്ലയില്‍ കേസുകളുടെ എണ്ണം കുറവാണ്. മന്ത്രി പറഞ്ഞു.