ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി; നവംബര്‍ 6 നും, 11നും വോട്ടെടുപ്പ്; വോട്ടെണ്ണല്‍ നവംബര്‍ 14ന്; ആകെ വോട്ടര്‍മാര്‍ 7.43 കോടി; 14 ലക്ഷം കന്നി വോട്ടര്‍മാര്‍; 90,712 പോളിങ് സ്‌റ്റേഷനുകള്‍; എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ്; മുതിര്‍ന്ന പൗര സൗഹൃദ ബൂത്തുകള്‍
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറാണ് വാര്‍ത്താസമ്മേളനത്തില്‍ വോട്ടെടുപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിച്ചത്. വോട്ടെടുപ്പ് രണ്ടുഘട്ടങ്ങളിലായി നടക്കും. നവംബര്‍ ആറിനും, 11 നുമാണ് വോട്ടെടുപ്പ്. എട്ട് അസംബ്ലി സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 11 നാണ്. വോട്ടെണ്ണല്‍ നവംബര്‍ 14 ന് നടക്കും.121 മണ്ഡലങ്ങളില്‍ ആദ്യ ഘട്ടത്തിലും, 122 മണ്ഡലങ്ങളില്‍ രണ്ടാം ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും.
243 അംഗ നിയമസഭയുടെ കാലാവധി നവംബറില്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ബിഹാറില്‍ ആകെ വോട്ടര്‍മാര്‍ 7.43 കോടിയാണ്. പുരുഷന്മാര്‍, 3.92 കോടിയും, സ്ത്രീകള്‍ 3.50 കോടിയും. 14 ലക്ഷം കന്നി വോട്ടര്‍മാരാണുള്ളത്. സംസ്ഥാനത്താകെ, 90,712 പോളിങ് സ്‌റ്റേഷനുകളുണ്ട്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തും.
പ്രതിപക്ഷം വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളായി നടത്തണമെന്നും, ബിജെപി ഒറ്റ ഘട്ടമായി നടത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ ജൂണ്‍ 24ന് ആരംഭിച്ചു, ഓഗസ്റ്റ് 1ന് കരട് പട്ടിക പ്രസിദ്ധീകരിച്ചു. സെപ്റ്റംബര്‍ 1 വരെ അവകാശവാദങ്ങള്‍ ഉന്നയിക്കാനും എതിര്‍പ്പുകള്‍ അറിയിക്കാനും അവസരം നല്‍കിയിരുന്നു. സെപ്റ്റംബര്‍ 30നാണ് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കിയത്. തുടര്‍ന്നും പട്ടികയിലെ പിഴവുകള്‍ പരിഹരിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിക്കാവുന്നതാണ്. അന്തിമ പട്ടികയില്‍ നിന്ന് 3.66 ലക്ഷം വോട്ടര്‍മാരെ നീക്കം ചെയ്തിട്ടുണ്ട്.
പോളിങ് ബൂത്തുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി വീല്‍ചെയര്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് അക്രമസംഭവങ്ങള്‍ വച്ചുപൊറുപ്പിക്കരുതെന്ന് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും പോലീസ് സൂപ്രണ്ടുമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2020ലെ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായാണ് നടന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3, 7 തീയതികളിലായിരുന്നു വോട്ടെടുപ്പ്. നവംബര്‍ 10ന് ഫലം പ്രഖ്യാപിച്ചു. 2015ലെ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി നടന്നിരുന്നു. ഇത്തവണ എന്‍ഡിഎയും 'ഇന്ത്യ' മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. എന്‍ഡിഎ സഖ്യത്തില്‍ ബിജെപി, ജനതാദള്‍ (യുനൈറ്റഡ്), ലോക് ജന്‍ശക്തി പാര്‍ട്ടി എന്നിവയാണുള്ളത്. ആര്‍ജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്നു. നിലവില്‍ ബിജെപിക്ക് 80, ജെഡിയുവിന് 45, ആര്‍ജെഡിക്ക് 77, കോണ്‍ഗ്രസിന് 19 എന്നിങ്ങനെയാണ് നിയമസഭയിലെ കക്ഷിനില.
പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ വോട്ടര്‍പട്ടിക സമഗ്ര പരിഷ്‌കരണം (എസ്ഐആര്‍) പൂര്‍ത്തിയാക്കിയ ശേഷമാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പോടെ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.
ഒരു ബൂത്തില്‍ വോട്ടര്‍മാരുടെ എണ്ണം 1200ല്‍ കൂടില്ല, വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം കളറിലാക്കും. സ്ഥാനാര്‍ഥികളെ വേഗം തിരിച്ചറിയാനാണിത്. ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ബിഹാറിലാണ് ആദ്യമായി നടപ്പാക്കുന്നത്. പിന്നീട് ഇത് രാജ്യവ്യാപകമാക്കും.
അന്തിമ വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതുക്കിയ കരട് വോട്ടര്‍ പട്ടികയിലെ പരാതികള്‍ പരിശോധിച്ച ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. ഈ പുതുക്കിയ വോട്ടര്‍ പട്ടികയായിരിക്കും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുക. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തോടെ ബിഹാറിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണ രംഗത്ത് സജീവമാകും.