തൃശ്ശൂരില്‍ പ്രചരണത്തില്‍ ബിജെപി അല്‍പ്പം ഹൈടെക്കാണ്! ചേര്‍പ്പ് പഞ്ചായത്തില്‍ പ്രചരണത്തിന് ഡിജിറ്റല്‍ വഴി; തിരഞ്ഞെടുപ്പ് പ്രചാരണം ക്യൂആര്‍ കോഡ് വഴി; ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ലിങ്ക് വഴി വെബ്‌സൈറ്റില്‍ കയറാം; സ്ഥാനാര്‍ഥിയെ കുറിച്ചുള്ള വിവരങ്ങള്‍ വിരല്‍തുമ്പില്‍

തൃശ്ശൂരില്‍ പ്രചരണത്തില്‍ ബിജെപി അല്‍പ്പം ഹൈടെക്കാണ്!

Update: 2025-12-06 11:31 GMT

ചേര്‍പ്പ് (തൃശ്ശൂര്‍): തൃശ്ശൂരില്‍ ബിജെപി ഡിജിറ്റല്‍ പ്രചരണത്തില്‍. ഡിജിറ്റല്‍ തിരഞ്ഞെടുപ്പ് പ്രചാരണം എന്ന ആശയത്തിന് ചേര്‍പ്പ് പഞ്ചായത്തിലാണ് ബിജെപി തുടക്കമിട്ടിരിക്കുന്നത്. ക്യുആര്‍ കോഡ് ഉള്ള പ്ലക്കാര്‍ഡുകളുമായാണ് സ്ഥാനാര്‍ഥികള്‍ പ്രചാരണം നടത്തുന്നത്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ലിങ്ക് വഴി വെബ്‌സൈറ്റില്‍ കയറാം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 29 സ്ഥാനാര്‍ഥികളുടെ ചിത്രം, മറ്റ് വിവരങ്ങള്‍, ബിജെപി അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുന്ന പദ്ധതികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ സൈറ്റില്‍ ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താവുന്ന ഇടവും ഉണ്ട്.

25,000 വോട്ടര്‍മാരില്‍ മൊബൈല്‍ ഉപയോഗിക്കുന്ന എല്ലാവരെയും നേരിട്ടുകണ്ട് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാനുള്ള ശ്രമം നടത്തുമെന്ന് ഈ ആശയം ആവിഷ്‌കരിച്ച എന്‍ഡിഎ ചേര്‍പ്പ് പഞ്ചായത്ത് ചെയര്‍മാന്‍കൂടിയായ ഒ. ഹരിപ്രസാദ് മേനോന്‍ പറഞ്ഞു. വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ട് ചെല്ലുന്നതിനു പുറമേ എല്ലാ സെന്ററുകളിലും ക്യുആര്‍ കോഡ് പതിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൈക്കിന്റെ ബഹളങ്ങളും, ഫ്‌ലെക്‌സുകളും, നോട്ടീസുകളും പരമാവധി കുറച്ചു കൊണ്ടാണ് ഇവരുടെ പ്രചരണം. ക്യൂ ആര്‍ കോഡുകളുമായാണ് ബിജെപിക്കാര്‍ വീടു കയറുന്നത്. ആളുകള്‍ക്ക് ഈ ക്യൂആര്‍ കോഡ് അവരുടെ മൊബൈലില്‍ സ്‌കാന്‍ ചെയ്ത് പാര്‍ട്ടിയുടെ 'വരത' എന്ന വികസനരേഖ, സ്ഥാനാര്‍ത്ഥികളുടെ വിശദാംശങ്ങള്‍, അടുത്ത അഞ്ചുവര്‍ഷം കൊണ്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്നിവയെല്ലാം കാണാനാകും.


Full View

വോട്ടര്‍മാര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും, വാര്‍ഡില്‍ ആവശ്യമായ മാറ്റങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും ഫോണ്‍ വഴി രേഖപ്പെടുത്താനുള്ള സംവിധാനവും ക്യൂആര്‍ കോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെലവ് വലിയ തോതില്‍ കുറയ്ക്കാന്‍ ഈ രീതി സഹായിക്കും. അനാവശ്യമായ തിരഞ്ഞെടുപ്പ് ചെലവുകളാണ് അഴിമതിയുടെ മൂലധനമെന്നാണ് പ്രവര്‍ത്തകരുടെ പക്ഷം.നോട്ടീസുകളും ബാനറുകളും ഒഴിവാക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കാനും സാധിക്കും.

ഈ ഡിജിറ്റല്‍ രേഖ അഞ്ചു വര്‍ഷം വരെ ജനങ്ങളുടെ മൊബൈലില്‍ സൂക്ഷിക്കാന്‍ കഴിയുന്നതിനാല്‍, തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ സാധിക്കും. സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായ ഹരിപ്രസാദ് മേനോനാണ് ഈ ഡിജിറ്റല്‍ പ്രചാരണ രീതിക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ഒരു പഞ്ചായത്തിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും ഇത്തരത്തില്‍ ഡിജിറ്റല്‍ പ്രചാരണം നടത്തുന്നത് ആദ്യമായാണെന്നും ഇത് രാജ്യത്തിന് തന്നെ വഴികാട്ടിയാകുമെന്നുമാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷ.

Tags:    

Similar News