താക്കറെ കോട്ടയില്‍ വിള്ളലല്ല, വന്‍ വീഴ്ച! 74,000 കോടിയുടെ 'ലോട്ടറി' അടിച്ചത് ബിജെപിക്ക്; മുംബൈ നഗരസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-ഷിന്‍ഡെ മഹായുതി സഖ്യത്തിന് കേവല ഭൂരിപക്ഷം; ശരദ് പവാറിന്റെ തട്ടകമായ പുണെയിലും വന്‍ ദുരന്തം; തോറ്റപ്പോള്‍ മഷിയെ കുറ്റം പറഞ്ഞ് ഉദ്ധവ്; ബിഎംസി ഫലം നല്‍കുന്ന സൂചനകള്‍ ഇങ്ങനെ!
മുംബൈ നഗരസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-ഷിന്‍ഡെ മഹായുതി സഖ്യത്തിന് കേവല ഭൂരിപക്ഷം
മുംബൈ: മുംബൈ നഗരസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം അധികാരത്തിലേക്ക്. ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ (BMC) പതിറ്റാണ്ടുകളായുള്ള ഉദ്ധവ് താക്കറെയുടെ ആധിപത്യം ഇത്തവണ തകരുമെന്ന സൂചനകളാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് വരുന്നത്.
ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) തിരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യം (മഹാസഖ്യം) കേവലഭൂരിപക്ഷം കടന്നു. ആകെ 227 സീറ്റുകളില്‍ 115-ലും മുന്നേറിക്കൊണ്ടാണ് ബിജെപി-ശിവസേന സഖ്യം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഈ നഗരസഭയുടെ ഭരണം ഉറപ്പിച്ചത്. ജനുവരി 15-ന് പോളിംഗ് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് ആരംഭിച്ചത്.
മഹാരാഷ്ട്രയിലെ 28 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇതിനൊപ്പം പുരോഗമിക്കുകയാണ്. ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്), ശരദ് പവാറിന്റെ എന്‍സിപി എന്നിവരടങ്ങുന്ന പ്രതിപക്ഷ സഖ്യം 68 വാര്‍ഡുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് 10 സീറ്റുകളില്‍ നേരിയ ലീഡ് നേടി മൂന്നാം സ്ഥാനത്താണ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ മഹാസഖ്യത്തിന് വ്യക്തമായ വിജയം പ്രവചിച്ചിരുന്നു.
മുന്‍ ബിഎംസി കൗണ്‍സിലിലെ പ്രതിപക്ഷ നേതാവായിരുന്ന ബിജെപി സ്ഥാനാര്‍ത്ഥി രവി രാജയ്ക്ക് വാര്‍ഡ് 185-ല്‍ പരാജയം നേരിട്ടു. ശിവസേന (യുബിടി) സ്ഥാനാര്‍ത്ഥിയോടാണ് അദ്ദേഹം തോറ്റത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാവായിരുന്നു രവി രാജ. എന്‍സിപി നേതാവ് നവാബ് മാലിക്കിന്റെ സഹോദരന്‍ കപ്താന്‍ മാലിക് കുര്‍ള വെസ്റ്റ് സീറ്റില്‍ നിന്ന് പരാജയപ്പെട്ടു.
ജല്‍ഗാവിലെ വാര്‍ഡ് 11-ല്‍ കോള്‍ഹെ കുടുംബത്തിന് വന്‍ വിജയം നേടാനായി. മുന്‍ മേയര്‍ ലളിത് കോള്‍ഹെ (ജയിലില്‍ നിന്നാണ് മത്സരിച്ചത്), സിന്ധുതായ് കോള്‍ഹെ, പീയൂഷ് ലളിത് കോള്‍ഹെ എന്നിവരാണ് ഇവിടെ വിജയിച്ചത്. ദക്ഷിണ മുംബൈയിലെ വാര്‍ഡ് നമ്പര്‍ 214, 215 എന്നിവിടങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. വാര്‍ഡ് നമ്പര്‍ 216, 217 എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. മഹാരാഷ്ട്ര തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപിയുടെ മുന്നേറ്റം പ്രകടമാണെന്ന് ബിജെപി എംപി അനുരാഗ് ഠാക്കൂര്‍ അഭിപ്രായപ്പെട്ടു. ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് കരയുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈയുടെ 'മഹാരാജാവ്' ആര്?
ഏഷ്യയിലെ ഏറ്റവും ധനികമായ നഗരസഭയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ കോര്‍പ്പറേഷനില്‍ 227 സീറ്റുകളിലായാണ് പോരാട്ടം നടന്നത്. ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ പ്രകാരം:
മഹായുതി സഖ്യം (BJP+Shinde): 119 സീറ്റുകളില്‍ മുന്നിലാണ് (ബിജെപി 88, ഷിന്‍ഡെ 31).
എം.വി.എ (Thackeray+MNS): ഉദ്ധവ് താക്കറെയും രാജ് താക്കറെയും കൈകോര്‍ത്തിട്ടും 70 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റം.
കോണ്‍ഗ്രസ്: മുംബൈയില്‍ തീര്‍ത്തും നിഷ്പ്രഭമായി മാറിയിരിക്കുന്നു.
74,400 കോടി രൂപയുടെ വാര്‍ഷിക ബജറ്റുള്ള ബിഎംസി പിടിച്ചെടുക്കുക എന്നത് ബിജെപിയുടെയും ദേവേന്ദ്ര ഫഡ്നാവിസിന്റെയും അഭിമാനപ്രശ്‌നമായിരുന്നു. ഉദ്ധവ് താക്കറെയുടെ ശിവസേനയെ പിളര്‍ത്തിയ ശേഷം നടന്ന ആദ്യ നഗരസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഷിന്‍ഡെ-ബിജെപി സഖ്യത്തിന് അനുകൂലമായി വിധിയെഴുതി എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
പുണെയിലും കാവി തരംഗം; പവാര്‍ കുടുംബത്തിന് തിരിച്ചടി
പവാര്‍ കുടുംബത്തിന്റെ തട്ടകമായ പുണെയിലും ബിജെപി കുതിക്കുകയാണ്. ശരദ് പവാറും അജിത് പവാറും കൈകോര്‍ത്ത് മത്സരിച്ചിട്ടും ബിജെപിയെ തടയാന്‍ കഴിഞ്ഞില്ല. പുണെയില്‍ 52 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ എന്‍സിപി സഖ്യത്തിന് വെറും 7 സീറ്റുകളില്‍ മാത്രമാണ് മുന്‍തൂക്കം. നാഗ്പൂര്‍, നാസിക് തുടങ്ങിയ പ്രധാന നഗരങ്ങളിലും ബിജെപി വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു.
മഹാരാഷ്ട്ര തൂത്തുവാരി മഹായുതി
29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലായി നടന്ന പോരാട്ടത്തില്‍ മൊത്തം കണക്കുകള്‍ ബിജെപിയെ ആവേശത്തിലാക്കുന്നതാണ്:
ബിജെപി: 909 വാര്‍ഡുകളില്‍ മുന്നില്‍.
ഷിന്‍ഡെ ശിവസേന: 237 വാര്‍ഡുകള്‍.
കോണ്‍ഗ്രസ്: 179 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ശിവസേന (UBT): 118 സീറ്റുകള്‍ മാത്രം.
തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍
അതേസമയം, വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു കഴിഞ്ഞു. വോട്ടര്‍മാരുടെ വിരലില്‍ പുരട്ടുന്ന മഷി മായ്ക്കാനാവുമെന്നും വ്യാജ വോട്ടുകള്‍ രേഖപ്പെടുത്തിയെന്നും ഉദ്ധവ് താക്കറെയും രാജ് താക്കറെയും ആരോപിച്ചു. എന്നാല്‍ ഇത് ജനവിധി അംഗീകരിക്കാനുള്ള മടിയാണെന്ന് ബിജെപി തിരിച്ചടിച്ചു.
