മലബാറില്‍ 'കൈ' വെക്കാന്‍ വന്‍നിര; ധര്‍മ്മടത്ത് ഷാഫി? കോഴിക്കോട്ടെ 'നാണക്കേട്' മാറ്റാന്‍ മുരളീധരനും എത്തിയേക്കും; മുല്ലപ്പള്ളിയും സുധാകരനും മത്സരിക്കാന്‍ എത്തുമോ? മലബാര്‍ പിടിക്കാന്‍ 'ഹെവി വെയ്റ്റ്' പടയൊരുക്കവുമായി കോണ്‍ഗ്രസ്
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗോദയില്‍ മലബാര്‍ പിടിക്കാന്‍ 'ഹെവി വെയ്റ്റ്' പടയൊരുക്കവുമായി കോണ്‍ഗ്രസ് ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് യുവതുര്‍ക്കി ഷാഫി പറമ്പിലിനെ ഇറക്കി പോരാട്ടം കടുപ്പിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണ്. 2011 മുതല്‍ ജില്ലയില്‍ ഒരു എംഎല്‍എ പോലുമില്ലാത്ത കോഴിക്കോട്ടെ 'നാണക്കേട്' മാറ്റാന്‍ കെ. മുരളീധരനെ തന്നെ കളത്തിലിറക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. മുരളി എത്തുന്നതോടെ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും വലിയ തരംഗമുണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
കെപിസിസി മുന്‍ പ്രസിഡന്റുമാരായ കെ. സുധാകരനും മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് കൈക്കൊള്ളുന്ന തീരുമാനം മലബാറിലെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിര്‍ണായകമാകും. ഈ മേഖലയിലെ സ്ഥാനാര്‍ത്ഥികളെ എല്ലാം ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചേക്കും. സിപിഎമ്മിന് വലിയ വെല്ലുവിളികള്‍ ഈ മേഖലയിലുണ്ട്. തദ്ദേശത്തിലെ വിജയം കോണ്‍ഗ്രസിന് ആത്മവിശ്വാസമുണ്ട്.
എംപിമാര്‍ മത്സരിക്കുന്നതിന് കര്‍ശന വിലക്കുണ്ടെങ്കിലും കണ്ണൂരില്‍ കെ. സുധാകരന് ഇളവ് നല്‍കിയേക്കുമെന്നാണ് സൂചന. ഒരുവേള സുധാകരന്‍ എത്തിയില്ലെങ്കില്‍ ടി.ഒ. മോഹനന്‍, അമൃതാ രാമകൃഷ്ണന്‍ എന്നിവര്‍ക്കാണ് കണ്ണൂരില്‍ സാധ്യത. മത്സരിക്കണമെന്ന സന്ദേശം ദേശീയ നേതൃത്വം നല്‍കിയതോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടിയിലോ നാദാപുരത്തോ ജനവിധി തേടിയേക്കും. ധര്‍മ്മടത്ത് പിണറായിയ്‌ക്കെതിരെ ഷാഫി പറമ്പിലിനെയാണ് പരിഗണിക്കുന്നത്.
മന്ത്രിസഭ രൂപീകരണത്തിലെ സാമുദായിക സന്തുലനം കൂടി പരിഗണിച്ചാണ് ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണ്ണയം പുരോഗമിക്കുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂരില്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇരിക്കൂറില്‍ സിറ്റിങ് എംഎല്‍എ സജീവ് ജോസഫ് വീണ്ടും ജനവിധി തേടും. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാറിനെ കൊയിലാണ്ടിയിലാണ് പരിഗണിക്കുന്നത്. എന്നാല്‍ മുല്ലപ്പള്ളിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകുന്നതിനനുസരിച്ച് ഇതില്‍ മാറ്റമുണ്ടാകും.
ബാലുശ്ശേരിയില്‍ കെപിസിസി വൈസ് പ്രസിഡന്റ് രമ്യാ ഹരിദാസും കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജും പട്ടികയിലുണ്ട്. രാഷ്ട്രീയകാര്യ സമിതിയംഗം എന്‍. സുബ്രഹ്‌മണ്യന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. ജയന്ത്, വിദ്യാ ബാലകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത്ത് എന്നിവരെ കോഴിക്കോട് നോര്‍ത്ത്, എലത്തൂര്‍, നാദാപുരം മണ്ഡലങ്ങളിലേക്കാണ് പരിഗണിക്കുന്നത്.
മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം യുവാക്കളും വനിതകളും അണിനിരക്കുന്നതോടെ മലബാറില്‍ കോണ്‍ഗ്രസ് പട്ടികയ്ക്ക് മുമ്പെങ്ങുമില്ലാത്ത ഗരിമയുണ്ടാകുമെന്ന് ഉറപ്പാണ്.
