മേഹത്തില്‍ ഇത്തവണ താമര വിരിയുമെന്ന് വെല്ലുവിളിച്ച് പോരാട്ടം; കബഡിയിലെ കരുത്ത് രാഷ്ട്രീയഗോദയില്‍ ഏശിയില്ല; സ്വതന്ത്രന്റെയും പിന്നില്‍ നാലാമനായി മുന്‍ ഇന്ത്യന്‍ കബഡി നായകന്‍; ദീപക് ഹൂഡ നേരിട്ടത് കനത്ത തിരിച്ചടി
മണ്ഡലത്തില്‍ ബിജെപി നേരിട്ടത് ഏറ്റവും ദയനീയമായ പരാജയം
മേഹം: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മേഹം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ മുന്‍ ഇന്ത്യന്‍ കബഡി നായകന്‍ ദീപക് ഹൂഡ നേരിട്ടത് കനത്ത തിരിച്ചടി. മേഹത്തില്‍ താമര വിരിയുന്നത് ആര്‍ക്കും തടയാനാവില്ലെന്ന് വെല്ലുവിളിച്ച് മത്സര രംഗത്ത് ഇറങ്ങിയ ദീപക് ഹൂഡ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രാധ അഹ്ലവാത്തിനും പിന്നില്‍ നാലാമനായാണ് വോട്ടെണ്ണിയപ്പോള്‍ പട്ടികയില്‍ ഇടംപിടിച്ചത്.
കബഡിയില്‍ എതിരാളികളെ വീഴ്ത്തുന്നതില്‍ മുന്‍ ഇന്ത്യന്‍ നായകന്റെ മികവ് രാഷ്ട്രീയ ഗോദയില്‍ ഏശിയില്ല. എതിരാളികളെ പലകുറി ഞെട്ടിച്ചിട്ടുള്ള ദീപക് ഇത്തവണ ജനവിധിയില്‍ കനത്ത തിരിച്ചടി നേരിട്ടു. കബഡിയിലെ വൈഭവം രാഷ്ട്രീയഗോദയിലും പുറത്തെടുക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് നിര്‍ണായകമായ ഹരിയാന തിരഞ്ഞെടുപ്പില്‍ ദീപക്കിന് ബി.ജെ.പി ടിക്കറ്റ് നല്‍കിയത്. മേഹം മണ്ഡലം പിടിച്ചെടുക്കുകയെന്നതായിരുന്നു ദൗത്യം. എന്നാല്‍, ജനം വിധിയെഴുതിയപ്പോള്‍ ദീപക്കിന് അടിതെറ്റി. കളിക്കളത്തിലെ ഹീറോ തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു.
മേഹം മണ്ഡലത്തില്‍ ദീപക് ഹൂഡ നാലാമതായി. കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങിയ ബല്‍റാം ദംഗിയാണ് മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചത്. ഹരിയാന ജന്‍ സേവക് പാര്‍ട്ടിയുടെ ബല്‍രാജ് കുണ്ഡു രണ്ടാമതെത്തി. ആം ആദ്മി പാര്‍ട്ടിയുടെ വികാശ് നെഹ്റയും സ്വതന്ത്രനായ രാധ അഹ്ലവാത്തും ദീപക് ഹൂഡയേക്കാളും മുന്നിലെത്തി. സംസ്ഥാനത്തൊട്ടാകെ ബി.ജെ.പി മുന്നേറ്റം നടത്തിയപ്പോള്‍ മണ്ഡലത്തില്‍ ആദ്യ മൂന്നില്‍പ്പോലും എത്താനാവാത്തത് മുന്‍ ഇന്ത്യന്‍ നായകനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.
മേഹത്തില്‍ താമര വിരിയുന്നത് ആര്‍ക്കും തടയാനാവില്ലെന്ന ആത്മവിശ്വാസമായിരുന്നു തിരഞ്ഞെടുപ്പിലുടനീളം ദീപക് പ്രകടിപ്പിച്ചത്. താമര വിരിഞ്ഞില്ലെന്ന് മാത്രമല്ല, സംസ്ഥാനത്തെ തന്നെ ഏറ്റവും ദയനീയമായ പരാജയങ്ങളിലൊന്ന് പാര്‍ട്ടിക്ക് ഏറ്റുവാങ്ങേണ്ടിവന്നു. കബഡിയിലെതുപോലെ എതിരാളികളെ തറപറ്റിക്കാന്‍ തന്ത്രങ്ങളൊരുക്കിയാണ് ദീപക് ഹൂഡ കളത്തിലിറങ്ങിയത്. പ്രചാരണത്തിലുടനീളം നിരവധി വിഷയങ്ങള്‍ അദ്ദേഹമുയര്‍ത്തി. മണ്ഡലത്തില്‍നിന്ന് വിജയിച്ച ജനപ്രതിനിധികള്‍ ഒന്നും ചെയ്തില്ലെന്ന വിമര്‍ശനം ദീപക് ശക്തമായി ഉന്നയിച്ചു. റോഡുകളുടെ ശോച്യാവസ്ഥയുള്‍പ്പെടെ പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് പ്രചാരണം നടത്തിയത്. അതൊന്നും ജനങ്ങള്‍ കേട്ടില്ല. ഒരു തന്ത്രവും നടപ്പിലായതുമില്ല.
2019-ല്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു ബി.ജെ.പി. പാര്‍ട്ടി കളത്തിലിറക്കിയ ഷംഷെര്‍ സിങ് ഖര്‍ക്കറെ 36,000-ലധികം വോട്ടുകളും (25.86%) നേടി. 2014-ല്‍ ഖര്‍ക്കറെ രണ്ടാമതെത്തിയിരുന്നു. അന്ന് 41,000-ലധികം വോട്ടുകളാണ് അദ്ദേഹം മണ്ഡലത്തില്‍ നിന്ന് നേടിയിരുന്നത്. 2024-ലെത്തുമ്പോഴേക്കും വോട്ടുകള്‍ കുത്തനെ താഴ്ന്നു. വന്‍ തോല്‍വിയാണ് ദീപക്ക് ഹൂഡയ്ക്ക് ജനം വിധിച്ചത്.
മുന്‍ ഉപപ്രധാനമന്ത്രിയായിരുന്ന ചൗധരി ദേവിലാലിന്റെ തട്ടകമായിരുന്നു മേഹം മണ്ഡലം. 1982,1985, 1987 വര്‍ഷങ്ങളില്‍ ദേവിലാല്‍ മണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് ടിക്കറ്റില്‍ ആനന്ദ് സിങ് ദംഗി നാല് തവണയും തിരഞ്ഞെടുക്കപ്പെട്ടു. 2019-ല്‍ ദംഗിയെ പരാജയപ്പെടുത്തി ബൈരാജ് കുണ്ഡു എന്ന സ്വതന്ത്രസ്ഥാനാര്‍ഥി എം.എല്‍.എയായി. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മണ്ഡലത്തില്‍ നാല് തവണ എം.എല്‍.എയായിരുന്ന ആനന്ദ് സിങ് ദംഗിയുടെ മകനായ ബല്‍റാം ദംഗിയേയാണ് കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിക്കാന്‍ കളത്തിലിറക്കിയത്.
ബി.ജെ.പിയുമായി തെറ്റിയ ഷംഷെര്‍ സിങ് ഖര്‍ക്കറെയുടെ ഭാര്യ രാധ അഹ്ലാവത്തും സ്വതന്ത്രസ്ഥാനാര്‍ഥിയായി രംഗത്തെത്തി. കബഡി ടീമിലെ മുന്‍ ഇന്ത്യന്‍ നായകനിലൂടെ മണ്ഡലം പിടിക്കാമെന്ന് ബി.ജെ.പി ക്യാമ്പിന്റെ കണക്കുക്കൂട്ടല്‍ പാളി. ദീപക് നാലാം സ്ഥാനത്ത് പിന്തള്ളപ്പെട്ടതോടെ രാഷ്ട്രീയമായി നേരിട്ട കനത്ത പരാജയം കൂടിയായി ബി.ജെ.പിക്കിത്.