പ്രിയങ്കയ്ക്കായി ടാര്‍ഗറ്റ് അഞ്ചു ലക്ഷം കുറയാത്ത ഭൂരിപക്ഷം; പാലക്കാട്ട് ഉജ്ജ്വല വിജയം; ചേലക്കരയില്‍ അട്ടിമറി; പ്രിയങ്കയും രാഹുലും രമ്യയും പ്രതീക്ഷയില്‍; പാലക്കാട്ടെ ചൊല്ലി ബിജെപി പോര്; സിപിഎമ്മും തീരുമാനങ്ങളുടന്‍ എടുക്കും; വയനാട്ടില്‍ സിപിഐ ചര്‍ച്ചകളിലും; ഇനി ഉപതിരഞ്ഞെടുപ്പ് മാമാങ്കം

നവംബര്‍ 13 നാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. വോട്ടെണ്ണല്‍ നവംബര്‍ 23നാണ് നടക്കുക.

Update: 2024-10-16 01:05 GMT

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര, നിയമസഭാ മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമ്പോള്‍ ഇടത്-ബിജെപി കേന്ദ്രങ്ങളില്‍ ചിത്രം അവ്യക്തം. വയനാട് മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും, ചേലക്കരയില്‍ ആലത്തൂര്‍ മുന്‍ എം.പി രമ്യ ഹരിദാസുമാണ് സ്ഥാനാര്‍ഥികള്‍. സിപിഎം ഉടന്‍ പാലക്കാട്ടേയും ചേലക്കരയിലേയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. എന്നാല്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയില്‍ സിപിഐയില്‍ വ്യക്തതയില്ല. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപിയിലും കലഹമാണ്. ബിജെപി കഴിഞ്ഞ തിരഞ്ഞെുപ്പില്‍ പാലക്കാട് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇ ശ്രീധരനായിരുന്നു സ്ഥാനാര്‍ത്ഥി.

ഈ സാഹചര്യത്തില്‍ പാലക്കാട്ട് ബിജെപിക്കായി മൂന്ന് പേര്‍ രംഗത്തുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പിന്നെ കൃഷ്ണകുമാറും. പാലക്കാട്ടെ പ്രാദേശിക നേതാവായ കൃഷ്ണകുമാറിനെ മത്സരിപ്പിക്കുന്നതില്‍ കെ സുരേന്ദ്രന് എതിര്‍പ്പില്ല. എന്നാല്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ പരിഗണിക്കാനും സാധ്യതയുണ്ട്. ചേലക്കരയില്‍ സരസുവാകും ബിജെപി സ്ഥാനാര്‍ത്ഥി. ചേലക്കരയില്‍ സിപിഎം മുന്‍ എംഎല്‍എ കൂടിയായ യു ആര്‍ പ്രദീപിനെ മത്സരിപ്പിച്ചേക്കും. എന്നാല്‍ പാലക്കാട് സര്‍വ്വത്ര ആശയക്കുഴപ്പമാണ്.

എല്‍.ഡി.എഫ്. തുടര്‍ച്ചയായി മൂന്നാംസ്ഥാനത്തേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന മണ്ഡലമാണ് പാലക്കാട്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഉയര്‍ന്ന സാധ്യത കല്‍പ്പിക്കുന്ന പേരുകളില്‍ ഒന്ന് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.ബിനുമോള്‍ക്കാണ്. സി.പി.എം. നേതാവായിരുന്ന ഇമ്പിച്ചി ബാവയുടെ മകളായ ബിനുമോള്‍ എസ്.എഫ്.ഐ. വിദ്യാര്‍ഥി രാഷ്ട്രിയത്തിലൂടെ പൊതുരംഗത്തേക്ക് എത്തിയ ഇവര്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സഫ്ദര്‍ ഷെരീഫിന്റെ പേരും പരിഗണനയിലുണ്ട്. അഭിഭാഷകന്‍ കൂടിയായ സഫ്ദര്‍ ഡി.വൈ.എഫ്.ഐ. പാലക്കാട് ബ്ലോക്ക് ജോയില്‍ സെക്രട്ടറിയുമാണ്.

വയനാട്ടില്‍ സിപിഐയ്ക്ക് വ്യക്തതയില്ല. മുന്‍ എം.എല്‍.എയും സി.പി.ഐയുടെ മുതിര്‍ന്ന നേതാവുമായ ഇ.എസ്. ബിജിമോളുടെയും മുന്‍ എം.എല്‍.എ സത്യന്‍ മൊകേരിയുടെ പേരും വയനാട് സീറ്റിലേക്കായി എല്‍.ഡി.എഫ്. പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇതിനെല്ലാം പുറമെ, പൊതുസ്വതന്ത്രനെ നിര്‍ത്തുന്നതും ഇടതുമുന്നണിയുടെ പരിഗണനയിലുണ്ടെന്നാണ് വിവരം. ശോഭാ സുരേന്ദ്രനും സന്ദീപ് വാരിയര്‍ ഉള്‍പ്പെടെയുള്ള ചില പേരുകളും ബിജെപി പരിഗണിക്കുന്നുണ്ട്. പ്രിയങ്കയുടേയും രാഹുല്‍ മാങ്കൂട്ടത്തിന്റേയും ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. നവംബര്‍ 13 നാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. വോട്ടെണ്ണല്‍ നവംബര്‍ 23നാണ് നടക്കുക.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ തന്നെ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. ഷാഫി പറമ്പില്‍ എംപിയുടേയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേയും പിന്തുണ രാഹുലിന് നേട്ടമായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട രമ്യാ ഹരിദാസിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അവസരം നല്‍കുകയായിരുന്നു. സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചത് നേട്ടമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ പാലക്കാടും ചേലക്കരയിലും കോണ്‍ഗ്രസ് പ്രചരണത്തില്‍ സജീവമാകും. വയനാട്ടില്‍ പ്രിയങ്കയ്ക്ക് വേണ്ടി വീറും വാശിയോടെയുമുള്ള പ്രവര്‍ത്തനം നടത്തും. 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രിയങ്കയ്ക്കായി കോണ്‍ഗ്രസ് മനസ്സില്‍ കാണുന്നത്.

വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട് ഒഴിയുകയായിരുന്നു. പാലക്കാട് എം.എല്‍.എ. ആയിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ചേലക്കരയിലെ എം.എല്‍.എ. ആയിരുന്ന കെ.രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. അദ്ദേഹം എം.എല്‍.എ. സ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പിനെ കളമൊരുങ്ങിയിരിക്കുന്നത്.

Tags:    

Similar News