ഒരു ഘട്ടത്തില്‍ 60 സീറ്റില്‍ വരെ ലീഡ് നില; പെട്ടെന്ന സാഹചര്യം മാറി; ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപണം; വോട്ടിങ് മെഷീന്റെ ബാറ്ററി മാറ്റിയതിലും വോട്ടെണ്ണല്‍ വൈകിയതിലും സംശയം; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്
ആദ്യ ഒന്നര രണ്ടു മണിക്കൂറുകളില്‍ കോണ്‍ഗ്രസ് മുന്നില്‍
ഛണ്ഡീഗഡ്: എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പോലെ ഹരിയാനയില്‍ വോട്ടെണ്ണലിനിടെ ആധിപത്യ വിജയത്തിന്റെ സൂചന വന്നശേഷം വലിയ ട്വിസ്റ്റുകളോടെ മൂന്നാമതും ബിജെപി അധികാരം ഉറപ്പിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ജയ്‌റാം രമേശും പവന്‍ ഖേരയും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹരിയാനയിലെ തോല്‍വി കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി.
വോട്ടിങ് മെഷീന്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണല്‍ വൈകിയതിലും സംശയങ്ങളുന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍, ഹരിയാനയിലെ ജനവിധിയല്ല ഇതെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പോലെ ഹരിയാനയില്‍ ആധിപത്യ വിജയമെന്ന് ഉറപ്പിച്ചു പുലര്‍ച്ചെ ആറു മുതല്‍ ഡല്‍ഹി എഐസിസി ആസ്ഥാനത്തിനു പുറത്ത് ആഘോഷങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാത്തുനിന്നു. ആദ്യ മണിക്കൂറിലെ മുന്നേറ്റത്തിനു പിന്നാലെ കോണ്‍ഗ്രസിനു തിരിച്ചടി നല്‍കി ബിജെപി മുന്നേറിത്തുടങ്ങി. ഒടുവിലെ കണക്കുകള്‍ പ്രകാരം 49 സീറ്റുകളില്‍ ബിജെപി മുന്നേറുമ്പോള്‍ കോണ്‍ഗ്രസിന്റെ ലീഡ് 36 ലേക്കു ചുരുങ്ങി.
ആദ്യ ഒന്നര രണ്ടു മണിക്കൂറുകളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തിയപ്പോള്‍ പാര്‍ട്ടി ആസ്ഥാനത്ത് മധുരപലഹാരങ്ങള്‍ വിതരണം ചെയ്താണ് പ്രവര്‍ത്തകര്‍ ആഘോഷമാക്കയത്. ഒരു ഘട്ടത്തില്‍ 60 സീറ്റില്‍ വരെ ലീഡ് നിലയെത്തി. ഭരണം പിടിച്ചാല്‍ അനന്തര നടപടികള്‍ക്കായി ഡല്‍ഹിയില്‍നിന്നു നേതാക്കള്‍ ഹരിയാനയിലേക്കു പറന്നു.
പെട്ടെന്നാണ് സാഹചര്യം മാറിയത്. കോണ്‍ഗ്രസ് ലീഡ് കുറഞ്ഞ് ബിജെപി മുന്നേറിത്തുടങ്ങി. അതോടെ, പാര്‍ട്ടി ആസ്ഥാനത്തിനു പുറത്ത് പ്രവര്‍ത്തകര്‍ക്കിടയില്‍ നിശബ്ദത പടര്‍ന്നു. വോട്ടെണ്ണല്‍ ഫലം വൈകിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കി. ഗ്രാമീണ മേഖലകളില്‍ കോണ്‍ഗ്രസ് മുന്നിലെത്തിയതാണ് ആദ്യ ഫല സൂചനകളില്‍ കണ്ടത്.
പക്ഷേ, നഗര മേഖലകളിലേക്കു വന്നപ്പോള്‍ ആ നേട്ടം തുടരാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. അതേസമയം, വോട്ടെണ്ണല്‍ തുടങ്ങി മൂന്നു മണിക്കൂര്‍ ആയപ്പോള്‍ വ്യക്തമായ ലീഡ് നില വന്നതോടെ ബിജെപി മൂന്നാം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ തുടങ്ങി. ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചു.
ജാട്ട് സമുദായത്തിന് മുന്‍തൂക്കമുള്ള മേഖലകളിലടക്കം അട്ടിമറി മുന്നേറ്റം നടത്തിയ ബിജെപി 49 സീറ്റാണ് നേടിയത്. ദുഷ്യന്ത് ചൗതാലയുടെ ജെജെപി തകര്‍ന്നടിഞ്ഞ സംസ്ഥാനത്ത് ഐഎന്‍എല്‍ഡി ഒരു സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസ് 36 സീറ്റിലാണ് വിജയിച്ചത്. ഹരിയാനയില്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ ആഘോഷം കോണ്‍ഗ്രസിന്റെ കേന്ദ്രങ്ങളിലായിരുന്നു. എല്ലാ മാധ്യമങ്ങളും കോണ്‍ഗ്രസിന് 70ലധികം സീറ്റ് ലഭിക്കുമെന്നാണ് പ്രവചിച്ചത്. എന്നാല്‍ ഒമ്പതരയോടെ വോട്ടിങ് മെഷീനുകളിലെ കണക്ക് വന്നു തുടങ്ങിയതോടെ കോണ്‍ഗ്രസ് പെട്ടെന്ന് താഴേക്ക് പോയി.
ബിജെപി വ്യക്തമായ മേധാവിത്വം ഉറപ്പിച്ചു. തെക്കന്‍ ഹരിയാനയും രാജസ്ഥാനുമായി ചേര്‍ന്നു കിടക്കുന്ന ആഹിര്‍വാള്‍ മേഖലയും ബിജെപി തൂത്തു വാരി. ദില്ലിക്കു ചുറ്റും കിടക്കുന്ന പത്തില്‍ എട്ടു സീറ്റിലും ബിജെപിയാണ് ജയിച്ചത്. യുപിയുമായി ചേര്‍ന്നു കിടക്കുന്നു ജാട്ട് സ്വാധീന മേഖലകളില്‍ പകുതി സീറ്റുകളില്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ബിജെപിക്ക് സാധിച്ചത് അവരെ വന്‍ വിജയത്തിലേക്ക് നയിച്ചു.
പഞ്ചാബുമായി ചേര്‍ന്നു കിടക്കുന്ന ജാട്ട്-സിഖ് മേഖലകളിലും മധ്യ ഹരിയാനയിലുമാണ് കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ജയിക്കാനായത്. കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിച്ച സിപിഎമ്മിന്റെ ഓംപ്രകാശിന് ഭിവാനി സീറ്റീല്‍ ജയിക്കാനായില്ല. ദേവിലാലിന്റെ കുടുംബം നിയന്ത്രിക്കുന്ന രണ്ടു പാര്‍ട്ടികളില്‍ ഐ.എന്‍.എല്‍.ഡി രണ്ടു സീറ്റുകളുമായി പിടിച്ചു നിന്നു. ദുഷ്യന്തിന് ഇത്തവണ കനത്ത തിരിച്ചടിയേറ്റു.
ഉച്ചാന കലാന്‍ സീറ്റില്‍ ദുഷ്യന്ത് അഞ്ചാം സ്ഥാനത്തേക്ക് പോയി. ദുഷ്യന്തിന്റെ അനുജന്‍ ദ്വിഗ്വിജയ് ചൗതാലയും തോറ്റു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ ഭജന്‍ലാലിന്റെ ചെറുമകന്‍ ഭവ്യ ബിഷ്‌ണോയിയും ബന്‍സിലാലിന്റെ ചെറുമകള്‍ ശ്രുതി ചൗധരിയും ബിജെപി ടിക്കറ്റില്‍ വിജയം കണ്ടു. രോതക് അടക്കമുള്ള ശക്തികേന്ദ്രങ്ങള്‍ നിലനിര്‍ത്തിയത് മാത്രമാണ് ഭുപീന്ദര്‍ ഹൂഡയ്ക്ക് ആശ്വാസം.