ഇത് 'കോണി' പോയി..! വോട്ടിങ് മെഷീനിലെ തങ്ങളുടെ 'ചിഹ്നം' കണ്ട ലീഗുകാർ ഞെട്ടി; വലിപ്പം തീരെ ഇല്ലെന്ന് പരാതി; തിരഞ്ഞെടുപ്പ് കമ്മിഷനെ പോയി കാണാൻ നിർദ്ദേശം നൽകി കളക്ടർ

Update: 2025-12-06 09:49 GMT

കോഴിക്കോട്: കോഴിക്കോട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നങ്ങളുടെ വലിപ്പത്തെച്ചൊല്ലി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (IUML) പരാതിയുമായി രംഗത്ത്. മുസ്‌ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ 'കോണി' അടയാളത്തിന് മറ്റു സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങളെ അപേക്ഷിച്ച് വലിപ്പം കുറവാണെന്നാണ് പ്രധാന ആരോപണം.

വോട്ടിംഗ് മെഷീനിലെ ചിഹ്നങ്ങളുടെ ഈ വലിപ്പക്കുറവ് കാരണം വോട്ടർമാർക്ക്, പ്രത്യേകിച്ച് പ്രായമായവർക്കും കാഴ്ചക്കുറവുള്ളവർക്കും, ആശയക്കുഴപ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, ഇത് വോട്ടുകൾ മാറിപ്പോകുന്നതിന് ഇടയാക്കുമെന്നും ലീഗ് ചൂണ്ടിക്കാട്ടി. മോക്ക് പോളിംഗുകളിലാണ് ഈ പ്രശ്നം പാർട്ടി പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്.

ചിഹ്നം വ്യക്തമായി കാണാൻ കഴിയാത്തത് തിരഞ്ഞെടുപ്പിന്റെ സുതാര്യതയെയും ശരിയായ വോട്ടവകാശം രേഖപ്പെടുത്തുന്നതിനെയും ബാധിക്കുമെന്നാണ് ജില്ലാ നേതൃത്വം അഭിപ്രായപ്പെടുന്നത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

വോട്ടിംഗ് യന്ത്രങ്ങളിലെ ചിഹ്നങ്ങളുടെ വലുപ്പം അടിയന്തരമായി പരിശോധിച്ച്, പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് കമ്മീഷനോട് ആവശ്യപ്പെട്ടു. പരാതിയില്‍ ജില്ലാ കളക്ടര്‍ പ്രാഥമിക പരിശോധന നടത്തുകയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വോട്ടെടുപ്പ് സുഗമമായി നടക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്നും പാർട്ടി കൂട്ടിച്ചേർത്തു.

Tags:    

Similar News