നിതീഷകുമാര്‍ അഞ്ചാം വട്ടവും മുഖ്യമന്ത്രിയാകുമെന്ന് എന്‍ഡിഎ; എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഒന്നൊഴികെ എല്ലാം പ്രവചിക്കുന്നത് ബിജെപി മുന്നണി ഭരണം; ബീഹാര്‍ ആരു ഭരിക്കും എന്ന് ഇന്ന് അറിയാം; ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്; പത്ത് മണിക്ക് ചിത്രം തെളിയും; ഫലം മറുനാടനിലും തല്‍സമയം
പാറ്റ്‌ന: ബീഹാര്‍ ആരു ഭരിക്കും എന്ന് ഇന്ന് അറിയാം. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും. എട്ടരയോടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും. 46 കൗണ്ടിംഗ് കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. രാവിലെ 9 മണിയോടെ ഫല സൂചനകള്‍ വരും. പത്ത് മണിയോടെ ചിത്രം വ്യക്തമാകും. ഫലം തത്സമയം എത്തിക്കാന്‍ മറുനാടനും വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഫലവും വിശകലനവും തല്‍സമയം ഉണ്ടാകും. മറുനാടന്‍ ടിവിയിലും വിശദാംശങ്ങള്‍ അറിയാം.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ മുന്നണി. നിതീഷകുമാര്‍ അഞ്ചാം വട്ടവും മുഖ്യമന്ത്രിയാകുമെന്ന് എന്‍ഡിഎ ഉറപ്പിക്കുന്നു. 243 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122 പേരുടെ പിന്തുണയാണ്. എന്‍ഡിഎ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് എല്ലാ ഏജന്‍സികളും പ്രവചിക്കുന്നു. ഇത് മോദി മാജിക്കായി മാറുമെന്ന് ബിജെപി പറയുന്നു. അതേസമയം, ബിഹാറില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണെന്നും എന്‍ഡിഎയ്ക്കു മുന്‍തൂക്കമുണ്ടെന്നുമാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചനം. ഇന്ത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.
രണ്ടു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ 67.13 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഉയര്‍ന്ന പോളിംഗ് തങ്ങളെ തുണയ്ക്കുമെന്നാണ് ഇന്ത്യ മുന്നണിയുടെ പ്രതീക്ഷ. സ്ത്രീകളുടെ പോളിംഗ് ശതമാനം 71.78 ശതമാനമാണ്; പുരുഷന്മാരുടേത് 62.98 ശതമാനവും. സുപോള്‍ ജില്ലയില്‍ 83.69 ശതമാനം സ്ത്രീകള്‍ വോട്ട് ചെയ്തപ്പോള്‍ പുരുഷന്മാരുടെ ശതമാനം 62.98 ആണ്.
വലഭൂരിപക്ഷത്തിന് ആവശ്യം. ഇന്ത്യാ സഖ്യം 100ലേറെ സീറ്റ് കടക്കുമെന്നു പ്രവചിക്കുന്നത് നാല് എക്‌സിറ്റ് പോളുകള്‍ മാത്രമാണ്. ഏറെ അവകാശവാദവുമായി എത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി വലിയ ചലനമുണ്ടാക്കില്ലെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ചില എക്‌സിറ്റ് പോളുകള്‍ ജന്‍ സുരാജിന് പരമാവധി 5 സീറ്റ് പ്രവചിക്കുമ്പോള്‍ മറ്റു ചിലത് പൂജ്യം സീറ്റ് മാത്രമാണ് നല്‍കുന്നത്.
എന്‍ഡിഎയുടെ സ്ത്രീകള്‍ക്കായുള്ള വാഗ്ദാനങ്ങളും പദ്ധതികളും ഫലം കണ്ടെന്നാണ് വിലയിരുത്തല്‍. വിജയം ഉറപ്പെന്നും 18ന് സത്യപ്രതിജ്ഞ ചെയ്തു മുഖ്യമന്ത്രിയാകുമെന്നാണ് ഇന്ത്യ സഖ്യ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവിന്റെ മറുപടി. തേജസ്വിക്കുള്ള പിന്തുണ, ഭരണ വിരുദ്ധ വികാരം തൊഴിലില്ലായ്മ, യുവാക്കളുടെ പ്രശ്‌നങ്ങള്‍, വോട്ട് കൊള്ളക്കെതിരായ പോരാട്ടം തുടങ്ങിയവ ഫലം കണ്ടു എന്നാണ് ഇന്ത്യാസഖ്യം അവകാശപ്പെടുന്നത്.
അതേസമയം ഇവിഎമ്മുകള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഇന്ത്യാ സഖ്യം ഉന്നയിച്ചിട്ടുണ്ട്. മുസ്തഫര്‍പൂര്‍,ബാഗല്‍പൂര്‍ തുടങ്ങിയ ഇടങ്ങളിലെ സിസിടിവികള്‍ ഓഫ് ചെയ്തിരിക്കുകയാണെന്നും സസറാമില്‍ നിന്ന് ഇവിഎമ്മുകള്‍ ട്രക്കില്‍ കയറ്റി എന്നും ഇന്ത്യ സഖ്യം ആരോപിക്കുന്നു.
