പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കാര്യങ്ങള്‍ പൊതുമധ്യത്തില്‍ ചര്‍ച്ചയാക്കുന്നവര്‍ എത്ര മുതിര്‍ന്നവരായാലും വച്ചുപൊറുപ്പിക്കില്ല; അച്ചടക്കത്തിന് മുന്‍തൂക്കം; വിമതസ്വരങ്ങള്‍ക്ക് സിപിഎമ്മില്‍ സ്ഥാനമില്ല, വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയത് കൃത്യമായ മുന്നറിയിപ്പ്; കണ്ണൂരില്‍ ഒന്നും മിണ്ടാതെ 'പിജെ ഫാന്‍സ്'; പ്രതിസന്ധി മറികടക്കാന്‍ പി ജയരാജന് സീറ്റ് നല്‍കിയേക്കും; പയ്യന്നൂരില്‍ സ്ഥാനാര്‍ത്ഥി ആര്?

Update: 2026-01-27 03:52 GMT

കണ്ണൂര്‍: പയ്യന്നൂരിലെ ഫണ്ട് തിരിമറി ആരോപണങ്ങളില്‍ ഉറച്ചുനിന്ന മുതിര്‍ന്ന നേതാവ് വി. കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടിയിലൂടെ സിപിഎം നല്‍കുന്നത് കര്‍ശനമായ അച്ചടക്ക സന്ദേശം. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കാര്യങ്ങള്‍ പൊതുമധ്യത്തില്‍ ചര്‍ച്ചയാക്കുന്നവര്‍ എത്ര മുതിര്‍ന്നവരായാലും വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് നേതൃത്വം. രക്തസാക്ഷി ഫണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടി നടത്തിയ അന്വേഷണവും തീരുമാനവും അന്തിമമാണെന്നും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുറത്തുപോകേണ്ടി വരുമെന്നുമാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനം വ്യക്തമാക്കുന്നത്.

പാര്‍ട്ടി ശത്രുക്കളുടെ കയ്യിലെ കോടാലിക്കൈയായി കുഞ്ഞികൃഷ്ണന്‍ മാറിയെന്നും വ്യക്തിപരമായ പക തീര്‍ക്കാന്‍ നുണപ്രചാരണം നടത്തുകയാണെന്നുമാണ് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വ്യക്തമാക്കിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാര്‍ട്ടിയെ തകര്‍ക്കാനാണ് കുഞ്ഞികൃഷ്ണന്‍ ശ്രമിച്ചതെന്നും നേതൃത്വം വിലയിരുത്തുന്നു. അമ്പത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവിനെതിരെ പോലും വിട്ടുവീഴ്ചയില്ലാതെ നടപടിയെടുത്തത് താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കുള്ള താക്കീത് കൂടിയാണ്. കണ്ണൂരിലെ പിജെ ഫാന്‍സ് വിഷയങ്ങളില്‍ പ്രതികരിച്ചിട്ടില്ല. പി ജയരാജനും മൗനത്തിലാണ്. ഈ സാഹചര്യത്തില്‍ പി ജയരാജന് നിയമസഭാ സീറ്റ് നല്‍കുമെന്നും സൂചനയുണ്ട്. തലശ്ശേരിയും പിജെയ്ക്ക് വേണ്ടി പരിഗണിക്കും. പയ്യന്നൂരില്‍ പിജെയെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. പാര്‍ട്ടിയിലെ എതിര്‍പ്പുകള്‍ അതിശക്തമാകാതിരിക്കാനാണ് ഈ നീക്കം.

പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കപ്പെടാത്ത നീതികേടുകള്‍ക്ക് എതിരെയാണ് താന്‍ ശബ്ദമുയര്‍ത്തിയതെന്ന കുഞ്ഞികൃഷ്ണന്റെ വാദത്തിന് അച്ചടക്കത്തിന്റെ ചട്ടക്കൂടില്‍ സിപിഎം വിലനല്‍കുന്നില്ല. പരാതി ഉന്നയിച്ച ആളെ പുറത്താക്കുകയും ആരോപണവിധേയനായ എംഎല്‍എയെ സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ പാര്‍ട്ടി സംവിധാനത്തിന് മുകളില്‍ ആരും വളരേണ്ടതില്ലെന്ന സന്ദേശമാണ് സിപിഎം ഇതിലൂടെ ഊട്ടിയുറപ്പിക്കുന്നത്. ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ പാര്‍ട്ടി, ഇനി ഇത്തരം കാര്യങ്ങളില്‍ പരസ്യമായ ചര്‍ച്ചകള്‍ക്ക് ഇടമില്ലെന്നും വ്യക്തമാക്കിക്കഴിഞ്ഞു.

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് കുഞ്ഞികൃഷ്ണനെ പുറത്താക്കിയതായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അറിയിച്ചു. തിങ്കളാഴ്ച ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. രക്തസാക്ഷി ഫണ്ട്, പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ട്, 2021-ലെ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനന്റെ നേതൃത്വത്തില്‍ സാമ്പത്തികാപഹരണം നടന്നെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം. കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി ശത്രുക്കളുടെ കോടാലിയായി മാറിയെന്നും പ്രചരിപ്പിച്ചത് നുണകളെന്നും കെ.കെ. രാഗേഷ് പറഞ്ഞു. പാര്‍ട്ടി തീരുമാനമെടുത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണന്‍ ഇപ്പോള്‍ ആരോപിക്കുന്നത്. പാര്‍ട്ടിക്കകത്തുനിന്ന് പാര്‍ട്ടിയെ വഞ്ചിച്ച് വാര്‍ത്തകള്‍ ചോര്‍ത്തി. ഇപ്പോള്‍ പറയുന്നതില്‍ കൃത്യമായ ലക്ഷ്യമുണ്ട്. തിരഞ്ഞെടുപ്പ് വരാന്‍ പോകുകയാണ്. മധുസൂദനനോടുള്ള പകയാണ് ആരോപണത്തിന് പിന്നിലെന്നും രാഗേഷ് വ്യക്തമാക്കി.

ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചതാണ്. പാര്‍ട്ടിക്ക് പണം നഷ്ടപ്പെട്ടിട്ടില്ല. വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയതായി കണ്ടെത്തിയിട്ടുമില്ല. പാര്‍ട്ടി അന്വേഷിച്ച് തീര്‍പ്പാക്കിയ കാര്യം വീണ്ടും ഉന്നയിക്കുകയായിരുന്നുവെന്നും പാര്‍ട്ടിയെ കടന്നാക്രമിക്കുന്നവരുടെ കൈയിലെ കോടാലിക്കൈയായി അധഃപതിച്ചെന്നും രാഗേഷ് വിമര്‍ശിച്ചു. പാര്‍ട്ടി നടപടിയെടുത്ത കാര്യം പരസ്യമായി ഉന്നയിച്ച് കടുത്ത അച്ചടക്കലംഘനമാണ് കുഞ്ഞികൃഷ്ണന്‍ നടത്തിയതെന്ന് കഴിഞ്ഞദിവസം ജില്ലാസെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നു, 2016 ജൂലായ് 11-ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരില്‍ പിരിച്ച ഫണ്ട് ചെലവഴിക്കുന്നതിലും വരവ് കാണിക്കുന്നതിലും കൃത്രിമം കാണിച്ചെന്നടക്കമുള്ള ആരോപണങ്ങളാണ് കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ചത്.പാര്‍ട്ടിയില്‍ പലതവണ പറഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് പരസ്യമായി താന്‍ പറയാന്‍ തയ്യാറായതെന്നാണ് കുഞ്ഞികൃഷ്ണന്‍ പറയുന്നത്. പ്രതീക്ഷിച്ച നടപടിയാണെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും പോകാനില്ലെന്നും വി.കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചിരുന്നു.

50 വര്‍ഷത്തിലധികമായി പാര്‍ട്ടിയോടൊപ്പമുള്ള നേതാവാണ് 74-കാരനായ കുഞ്ഞികൃഷ്ണന്‍. 24-ാം വയസ്സില്‍ പാര്‍ട്ടി അംഗത്വമെടുത്ത അദ്ദേഹം ബ്രാഞ്ച് സെക്രട്ടറി, പയ്യന്നൂര്‍ ഏരിയാസെക്രട്ടറി എന്നീ പദവികള്‍ വഹിച്ചാണ് ജില്ലാകമ്മിറ്റി അംഗമായത്. പയ്യന്നൂരിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട അച്ചടക്കനടപടിയുടെ സമയത്താണ് ഏരിയാസെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കിയത്. ഇതോടെ പ്രവര്‍ത്തനരംഗത്തുനിന്ന് വിട്ടുനിന്ന അദ്ദേഹം സമ്മര്‍ദത്തിന് വഴങ്ങി തിരിച്ചെത്തുകയും ജില്ലാകമ്മിറ്റിയിലെ ക്ഷണിതാവുകയും ചെയ്തു. കഴിഞ്ഞ സമ്മേളനത്തില്‍ ജില്ലാകമ്മിറ്റി അംഗമായി.

Similar News