ഫോണ്‍ ചോര്‍ത്തല്‍ കേസ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല; പി വി അന്‍വറിന്റെ പത്രിക തള്ളണമെന്ന ആവശ്യം നിരാകരിച്ച് വരണാധികാരി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ എല്‍ഡിഎഫ്
കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ നീക്കവുമായി എല്‍ഡിഎഫ്. അന്‍വര്‍ നല്‍കിയ സത്യമാങ്മൂലത്തില്‍ ഒരു കേസ് ഉള്‍പ്പെടുത്തിയില്ലെന്ന് പരാതി. 11 കേസുകള്‍ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം പൊലീസ് 2025 ല്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ ചോര്‍ത്തല്‍ കേസ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ആക്ഷേപം. എന്നാല്‍ പത്രിക തള്ളണമെന്ന ആവശ്യം വരണാധികാരി തള്ളുകയായിരുന്നു. ഇതിനെതിരെ രേഖാമൂലം പരാതി നല്‍കുമെന്നാണ് ഇപ്പോള്‍ എല്‍ഡിഎഫ് അറിയിച്ചിട്ടുള്ളത്.
അതേസമയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി എ മുഹമ്മദ് റിയാസിന്റെയും പത്രികള്‍ സ്വീകരിച്ചു. റിയാസിന്റെ ഒരു അപരന്റെ പത്രിക തള്ളി. അന്‍വറിന്റെ നാല് അപരന്‍മാരുടെ പത്രികകള്‍ സ്വീകരിച്ചു. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആസ്തി ആരോപണം ഏറ്റെടുക്കാനില്ലെന്ന് മന്ത്രിയും സിപിഎം സ്ഥാനാര്‍ത്ഥിയുമായ വി ശിവന്‍കുട്ടി വ്യക്തമാക്കി. തങ്ങളുടെ കയ്യില്‍ തെളിവ് ഇല്ലെന്നും സാങ്കേതികത്വം പറഞ്ഞ് പത്രിക തള്ളി വാശി തീര്‍ക്കാനില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. സ്വത്ത് വിവരം രേഖപ്പെടുത്തിയില്ല എന്ന് പരക്കെ സംസാരം ഉണ്ട്. പക്ഷേ മത്സരം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
നേമം മണ്ഡലത്തിലെ ബിജെപി പ്രചാരണത്തിലെ അഘോരി സ്വാമിമാരുടെ സാന്നിധ്യത്തിലും ശിവന്‍കുട്ടി പ്രതികരിച്ചു. നേമം മണ്ഡലത്തില്‍ 23 സ്‌കൂളുകളുണ്ട്. ഈ സ്വാമിമാര്‍ ഒരു നൂറെണ്ണം സ്‌കൂള്‍ സമയത്ത് നടന്നാല്‍ കുട്ടികള്‍ പേടിക്കും. ഈ ടൈപ്പ് സ്വാമിമാര്‍ക്ക് ഇവിടെ വോട്ട് ഉണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രചാരണത്തിലെ അഘോരി സ്വാമിമാരുടെ സാന്നിധ്യത്തെ പരിഹസിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥനും രംഗത്തെത്തി. രാജീവ് ചന്ദ്രശേഖര്‍ മലയാളികളെ കാണണം എന്നാണ് അഭ്യര്‍ത്ഥനയെന്നും സാധാരണ ജനങ്ങളെയാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വാമിമാര്‍ വന്നത് യോഗിയുടെ നാട്ടില്‍ നിന്നാണ് എന്നാണ് പറഞ്ഞത്. അതില്‍ കൂടുതലൊന്നും വേണ്ടല്ലോ എന്നും പരിഹസിച്ചു.