'വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി? അതോ ഭാര്യയെയും മകളേയും അമേരിക്കയില്‍ താമസിപ്പിച്ച് നാട്ടില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി?'; പിഷാരടിയെ കോമാളിയെന്ന് പരിഹസിച്ച തോമസ് ഐസക്കിനെതിരേ ജോയ് മാത്യു
പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ രമേഷ് പിഷാരടിയെ കോമാളിയെന്ന് പരിഹസിച്ച തോമസ് ഐസക്കിനെതിരേ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ രൂക്ഷപരാമര്‍ശമാണ് ജോയ് മാത്യു തോമസ് ഐസക്കിനെതിരേ നടത്തിയത്. കുടുംബത്തെ അമേരിക്കയിലേക്കയച്ച് നാട്ടില്‍ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി എന്നായിരുന്നു ജോയ് മാത്യുവിന്റെ ചോദ്യം. 'വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി? അതോ ഭാര്യയെയും മകളേയും അമേരിക്കയില്‍ താമസിപ്പിച്ച് നാട്ടില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി?', എന്നായിരുന്നു ജോയ് മാത്യുവിന്റെ ചോദ്യം.
കോമാളി വേഷം കെട്ടിനടക്കുന്ന നടന്മാരെ ഒരുദിവസം കൊണ്ടുപോയിവച്ചിട്ട് 'അയ്യോ ഞങ്ങള്‍ക്ക് വോട്ടുകിട്ടുന്നില്ല, ഞങ്ങടെ വോട്ട് എല്‍ഡിഎഫ് ഭിന്നിപ്പിക്കാന്‍ പോകുന്നു' എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ', എന്നായിരുന്നു തോമസ് ഐസക്കിന്റെ പരാമര്‍ശം. ഇതിന് മറുപടിയുമായി രമേഷ് പിഷാരടി എത്തിയതിന് പിന്നാലെ തോമസ് ഐസക് ഖേദം പ്രകടിപ്പിച്ചിരുന്നു. സംസ്‌കാരം സമരംചെയ്താല്‍ കിട്ടില്ലെന്നും തോമസ് ഐസക്കിന് മറുപടി നല്‍കാനില്ലെന്നുമായിരുന്നു പിഷാരടിയുടെ മറുപടി. അവനവനൊപ്പമല്ലാത്തവരെല്ലാം വെറുക്കപ്പെടേണ്ടവരാണ് എന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും പിഷാരടി ചോദിച്ചിരുന്നു. സംസ്‌കാരം സമരം ചെയ്താല്‍ കിട്ടില്ലെന്നും തോമസ് ഐസക്കിന് മറുപടി നല്‍കാനില്ലെന്നുമായിരുന്നു പിഷാരടിയുടെ മറുപടി.
''അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണ് നമ്മുടേത് അതുകൊണ്ട് തന്നെ ആ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് അദ്ദേഹം പറഞ്ഞോട്ടെ എന്നാണ് എനിക്ക് തോന്നുന്നത്, കുഴപ്പമൊന്നുമില്ല. എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം മാത്രമല്ല സംസ്‌കാരം കൂടി ഉണ്ട്. ഈ സംസ്‌കാരം സമരം ചെയ്താല്‍ കിട്ടുന്ന ഒരു കാര്യമല്ല. അത് എളുപ്പത്തില്‍ കിട്ടില്ല. ഇത്രയും നാടക കലാകാരന്മാരെ , കെപിഎസ്സി പോലെ ഗ്രൂപ്പുകളിലെ കലാകാരന്മാരെ, മൈക്ക് പോലും ഇല്ലാത്ത ഒരു കാലത്ത് ഒരുപാട് ഉത്സവപ്പറമ്പുകളില്‍ പരിപാടികള്‍ അവതരിപ്പിച്ച് നാടകം നടത്തിയും എല്ലാം ആ പ്രസ്ഥാനത്തെ അത്രയും മുന്നിലേക്ക് കൊണ്ടുവന്ന ശേഷം ഇവര്‍ക്ക് എന്നു മുതലാണ് കലയും കലാകാരനും ഒക്കെ ഇത്രയും കാണാന്‍ വയ്യാത്ത ആളാകുന്നത്? അവനവനോടൊപ്പം നില്‍ക്കാത്ത എല്ലാവരും വെറുക്കപ്പെടേണ്ടതാണ് എന്നുള്ള ഒരു പ്രത്യേകശാസ്ത്രം ഇങ്ങനെ പ്രചരിപ്പിക്കുന്നത് എന്തുകൊണ്ടാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.''-ഇങ്ങനെയായിരുന്നു പിഷാരടിയുടെ മറുപടി.
പരാമര്‍ശം വിവാദമായതോടെ തോമസ് ഐസക് ഖേദം പ്രകടിപ്പിച്ചിരുന്നു. രമേഷ് പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയെങ്കില്‍ ഖേദം അറിയിക്കുന്നുവെന്നും പിഷാരടിയുടെ അഭിനയ മികവിനേക്കുറിച്ച് മോശമായി ഒന്നും പറയാനല്ല താന്‍ ഉദ്ദേശിച്ചതെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വാക്കുകള്‍.
