വോട്ടര്‍പട്ടികയില്‍ ഇനി പേര് ചേര്‍ക്കാനാവില്ല; 15ന് മുമ്പ് അപേക്ഷിച്ചവര്‍ക്ക് മാത്രം വോട്ട്; ജെന്‍സി വോട്ടര്‍മാരുടെ എണ്ണം കൂടി; പോലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അപേക്ഷ തിയതി നീട്ടിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍
വോട്ടര്‍പട്ടികയില്‍ ഇനി പേര് ചേര്‍ക്കാനാവില്ല
തിരുവനന്തപുരം: നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാമെങ്കിലും മാര്‍ച്ച് 15ന് മുമ്പ് നല്‍കിയ അപേക്ഷകള്‍ മാത്രമേ ഇത്തവണ പട്ടികയില്‍ വോട്ട് ചേര്‍ക്കാന്‍ പരിഗണിക്കുകയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇനി അപേക്ഷ നല്‍കുന്നവര്‍ക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല. 10 ദിവസം മുമ്പുവരെ സമര്‍പ്പിച്ച അപേക്ഷകളാണ് നിലവില്‍ പ്രോസസ് ചെയ്ത് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു.
കമീഷന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസം വരെ പുതിയ വോട്ടര്‍മാരെ ചേര്‍ക്കാന്‍ അവസരമുണ്ടെന്ന ചീഫ് ഇലക്ടറല്‍ ഓഫിസറുടെ ഉറപ്പ് പാലിക്കണമെന്നാണ് ആവശ്യം. അപേക്ഷ സ്വീകരിച്ച് വോട്ടര്‍ പട്ടികയില്‍ ഇടംപിടിക്കുന്നതുവരെ നീളുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പരമാവധി 10 ദിവസം വേണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിപ്പില്‍ പറഞ്ഞു. അതിനാല്‍, മാര്‍ച്ച് 15 വരെ സമര്‍പ്പിച്ച അപേക്ഷകളാണ് നിലവില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹമാകുന്നത്. ഇനി ലഭിക്കുന്ന പുതിയ അപേക്ഷകള്‍ സ്വീകരിക്കുകയോ മാര്‍ച്ച് 15നു ശേഷം ലഭിച്ച അപേക്ഷകളില്‍ നടപടി സ്വീകരിക്കുകയോ ചെയ്യുക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനശേഷമാണ്.
ചീഫ് ഇലക്ടറല്‍ ഓഫിസര്‍ വിളിച്ചുചേര്‍ത്ത അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ നിരവധി യോഗങ്ങളില്‍ പത്രിക സമര്‍പ്പണത്തിന്റെ അവസാന തീയതിവരെ പുതിയ വോട്ടര്‍മാരെ ചേര്‍ക്കാന്‍ അവസരമുണ്ടെന്ന് ഉറപ്പ് നല്‍കിയിരുന്നു. 16ന് നടന്ന യോഗത്തിലും ഇക്കാര്യം ആവര്‍ത്തിച്ചു. ഇതനുസരിച്ച് പുതിയ വോട്ടര്‍മാരെ ചേര്‍ക്കാന്‍ 23വരെ അവസരമുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും അറിയിപ്പ് നല്‍കി. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് സി.ഇ.ഒ നല്‍കിയ ഉറപ്പിന്റെ നഗ്‌നമായ ലംഘനമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇത്തവണ 'ജെന്‍ സി' വോട്ടര്‍മാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. 18 നും 19 നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണത്തിലെ വര്‍ധനവ് ജനാധിപത്യ പ്രകീയയില്‍ സന്തോഷം നല്‍കുന്നതാണ്. അതേസമയം പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി ഏഴ് ദിവസം വരെ നീട്ടി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. വെറും രണ്ട് ദിവസം മാത്രം അനുവദിച്ചതിനാല്‍ നിരവധി പൊലീസുകാര്‍ക്ക് അവസരം നഷ്ടമായെന്ന പരാതി പരിഗണിച്ചാണ് ഈ നടപടിയെന്നും അദ്ദേഹം വിവരിച്ചു.
