'കെഎസ്യു പ്രവര്‍ത്തകര്‍ വീണാ ജോര്‍ജിന്റെ കഴുത്ത് ഞെരിച്ചെന്ന് വരെ പറഞ്ഞു; കേരളത്തില്‍ ഏറ്റവും വലിയ നുണയന്‍ എം വി ഗോവിന്ദനാണ്; രാജീവ് ചന്ദ്രശേഖറിന് കേരളത്തെക്കുറിച്ച് എന്തറിയാം? ഡെപ്യൂട്ടേഷനില്‍ വന്ന ആള്‍'; പാലക്കാട് സിപിഎം ബിജെപി ഡീല്‍ ആവര്‍ത്തിച്ച് വി ഡി സതീശന്‍; മുഖ്യമന്ത്രി അവളോടൊപ്പമല്ല, അവനോടൊപ്പമെന്നും പ്രതിപക്ഷ നേതാവ്

Update: 2026-03-22 08:41 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ച് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണവുമായി മുന്നേറുന്നതിനിടെ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി ഭരണ-പ്രതിപക്ഷ നേതാക്കള്‍ തമ്മിലുള്ള വാക്‌പോര്. പത്ത് മണ്ഡലങ്ങളില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണമാണ് പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്. പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫ് വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് വി ഡി സതീശന്‍ ഇന്ന് ആവര്‍ത്തിച്ചു. പരാജയഭീതി മൂലം സതീശന്‍ നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും തിരിച്ചടിച്ചതോടെ പോര് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്.

കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ എം.വി. ഗോവിന്ദനാണെന്ന കടുത്ത പരിഹാസവുമായാണ് വി.ഡി. സതീശന്‍ ഇതിനോട് പ്രതികരിച്ചത്. കെഎസ്യു പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കഴുത്ത് ഞെരിച്ചുവെന്ന് വരെ തട്ടിവിട്ട ഗോവിന്ദന്റെ പ്രസ്താവന നോബേല്‍ സമ്മാനത്തിന് അയക്കാമെന്ന് സതീശന്‍ പരിഹസിച്ചു. രാവിലെ മുതല്‍ രാത്രി വരെ കള്ളം പറയുന്ന ഗോവിന്ദന്‍ തന്നെ നുണയന്‍ എന്ന് വിളിക്കുന്നത് തമാശയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ മര്യാദകള്‍ ലംഘിക്കുന്നതില്‍ സിപിഎം നേതാക്കള്‍ മത്സരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെയും രൂക്ഷമായ ഭാഷയിലാണ് സതീശന്‍ പ്രതികരിച്ചത്. കേരള രാഷ്ട്രീയത്തിലേക്ക് നൂലില്‍ കെട്ടിയിറക്കിയ വെറുമൊരു ബിസിനസുകാരന്‍ മാത്രമാണ് രാജീവ് ചന്ദ്രശേഖറെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്നലെ പെയ്ത മഴയില്‍ കുരുത്ത തകരയായ രാജീവ്, കോണ്‍ഗ്രസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ടതില്ല. മുന്‍പ് ബിജെപി ടിക്കറ്റിലല്ലാതെ രാജ്യസഭയിലെത്തിയ അദ്ദേഹത്തിന് രാഷ്ട്രീയ സംസ്‌കാരത്തെക്കുറിച്ച് സംസാരിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും സതീശന്‍ ചോദിച്ചു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണ് രാജീവ് ചന്ദ്രശേഖര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെയും സതീശന്‍ ശക്തമായി ചോദ്യം ചെയ്തു. കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച സീറ്റില്‍ ബിജെപിയെ രണ്ടാമത്തെ വലിയ ശക്തിയാക്കി മാറ്റാനും യുഡിഎഫിനെ തോല്‍പ്പിക്കാനുമാണ് സിപിഎം ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്. ഇതിനുപുറമെ, ട്വന്റി-20 മത്സരിക്കുന്ന സീറ്റുകളിലും ബിജെപിയുടെ ഇടപെടലുകളിലും ദുരൂഹതയുണ്ട്. എന്‍ഡിഎയിലെ ദുര്‍ബലരായ ഘടകകക്ഷികള്‍ക്ക് പലയിടത്തും സീറ്റ് നല്‍കിയത് സിപിഎമ്മിന് ഗുണകരമാകാനാണെന്നും ഇത് ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് കൈമാറ്റത്തിന്റെ തെളിവാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. കേന്ദ്ര ഏജന്‍സികളെ ഭയപ്പെടുന്ന മുഖ്യമന്ത്രി മോദിയും അമിത് ഷായും പറയുന്നിടത്തെല്ലാം ഒപ്പിടുകയാണ്. ദേശീയപാത തകര്‍ന്നു വീണിട്ടും കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടാത്ത മുഖ്യമന്ത്രി, ദേശീയപാതാ അതോറിറ്റിയെ കാണാന്‍ പോകുന്നത് സമ്മാനങ്ങളുമായാണ്. രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിനെ ബിജെപിയുടെ ബി ടീം എന്ന് വിളിക്കാന്‍ പിണറായിക്ക് മാത്രമേ സാധിക്കൂവെന്നും, ബിജെപിയെ നേരിടാന്‍ ഭയമുള്ള ഏക മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

മുന്‍പ് 'അവളോടൊപ്പം' എന്ന് പ്രഖ്യാപിച്ച് ചായക്കപ്പ് ഉയര്‍ത്തിപ്പിടിച്ച മുഖ്യമന്ത്രി, ഇപ്പോള്‍ ഗണേഷ് കുമാര്‍ വിഷയത്തില്‍ 'അവനോടൊപ്പം' ആയി മാറിയെന്നും സതീശന്‍ പരിഹസിച്ചു. പണ്ട് പുറത്താക്കണമെന്ന് പറഞ്ഞ അതേ ആളെ ഇപ്പോള്‍ കുടുംബപ്രശ്‌നത്തിന്റെ പേരില്‍ സംരക്ഷിക്കുന്നത് ഇരട്ടത്താപ്പാണ്. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചെടുത്തത് വഴി ഇരയെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. പിആര്‍ വര്‍ക്കിന്റെ ഭാഗമായി അന്ന് കപ്പ് പിടിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ അത് തമാശയായി മാറിയെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Tags:    

Similar News