'വിജയ് രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നില്ല; നേതൃഗുണം ഇല്ല; ടിവികെ ഓഫീസില്‍ വരുന്നത് അത്യപൂര്‍വമായി മാത്രം; ചുറ്റുമുള്ളത് 'ടോക്‌സിക്' ആളുകള്‍; യുവാക്കള്‍ വിജയ്‌യെ അന്ധമായി വിശ്വസിക്കുന്നു; അവര്‍ നിരാശരാകുമെന്ന് ഭയപ്പെടുന്നു'; വിജയ്‌ക്കെതിരെ തുറന്നടിച്ച് രഞ്ജന നാച്ചിയാര്‍

Update: 2026-03-22 10:29 GMT

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം തുടരുന്നതിനിടെ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍ പാര്‍ട്ടി നേതാവും നടിയുമായ രഞ്ജന നാച്ചിയാര്‍. ഡിഎംകെയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് വിജയ്യുടെ രാഷ്ട്രീയ ശൈലിയെയും നേതൃഗുണത്തെയും രൂക്ഷമായി വിമര്‍ശിച്ച് രഞ്ജന സംസാരിച്ചത്. വിജയ് രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹത്തിന് ചുറ്റുമുള്ളത് 'ടോക്‌സിക്' ആയ ആളുകളാണെന്നുമാണ് രഞ്ജനയുടെ പ്രധാന ആരോപണം.

വിജയ്യുടെ നിസ്സംഗതയാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണമായതെന്ന് രഞ്ജന വ്യക്തമാക്കുന്നു. രാവിലെ 11 മണിക്ക് മാത്രം എഴുന്നേല്‍ക്കുന്ന വിജയ്, ഒരു ദിവസം ഏഴു മണിക്കൂര്‍ പോലും പാര്‍ട്ടിക്കാര്യങ്ങള്‍ക്കായി മാറ്റിവെക്കുന്നില്ല. ടിവികെ ഓഫീസില്‍ വരുന്നത് അത്യപൂര്‍വമായാണെന്നും സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് പോലും അദ്ദേഹത്തെ കാണാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും രഞ്ജന കുറ്റപ്പെടുത്തി. ടിവികെയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ പലതവണ ശ്രമിച്ചിട്ടും വിജയ്യെ സമീപിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിജയ്യെ ചുറ്റുമുള്ളവര്‍ തെറ്റായ വഴിയിലൂടെയാണ് നയിക്കുന്നത്. ഒപ്പമുള്ളവര്‍ മോശക്കാരാണെന്ന് മനസ്സിലാക്കിയിട്ടും അവരെ മാറ്റാന്‍ വിജയ് തയ്യാറാകുന്നില്ല. സുപ്രധാന വിഷയങ്ങളില്‍ പാര്‍ട്ടിയുടെ ഇടപെടലുകള്‍ തൃപ്തികരമല്ലെന്നും കഴിഞ്ഞ ഒരു വര്‍ഷമായി ടിവികെയില്‍ പ്രവര്‍ത്തിച്ച തനിക്ക് നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ നിരാശയാണുള്ളതെന്നും രഞ്ജന പറഞ്ഞു. ടിവികെയിലെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ വിജയ്ക്ക് രാഷ്ട്രീയത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

വിജയ്യെ അന്ധമായി വിശ്വസിക്കുന്ന യുവ ആരാധകരെ ഓര്‍ത്താണ് തനിക്ക് ആശങ്കയെന്ന് രഞ്ജന നാച്ചിയാര്‍ പറഞ്ഞു. യുവാക്കള്‍ ഭാവിയില്‍ വലിയ രീതിയില്‍ നിരാശരാകേണ്ടി വരുമെന്ന് താന്‍ ഭയപ്പെടുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കാണാന്‍ തനിക്ക് എളുപ്പത്തില്‍ സാധിച്ചുവെന്നും, എന്നാല്‍ സ്വന്തം പാര്‍ട്ടി അധ്യക്ഷനെ കാണാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ് ടിവികെയില്‍ ഉള്ളതെന്നും അവര്‍ താരതമ്യം ചെയ്തു.

ഡിഎംകെയില്‍ ചേര്‍ന്ന രഞ്ജന, സ്റ്റാലിന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. എല്ലാ സര്‍ക്കാരുകളുടെയും കീഴില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അവ പരിഹരിക്കപ്പെടുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. ഉത്തരവാദിത്തമില്ലാത്ത ഒരു നേതാവിനൊപ്പം നില്‍ക്കുന്നതിനേക്കാള്‍ നല്ലത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം ചേരുന്നതാണെന്ന നിലപാടിലാണ് രഞ്ജന.

വിജയ്യുടെ രാഷ്ട്രീയ പ്രവേശനവും ആദ്യ സമ്മേളനവും തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്ന ഘട്ടത്തില്‍ തന്നെ പ്രമുഖ നേതാക്കള്‍ ഉന്നയിക്കുന്ന ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ ടിവികെയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. വിജയ്‌യുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും നേതൃപാടവത്തെക്കുറിച്ചും തമിഴ് രാഷ്ട്രീയ ലോകത്ത് പുതിയ സംവാദങ്ങള്‍ക്ക് രഞ്ജനയുടെ വെളിപ്പെടുത്തല്‍ വഴിതുറന്നിരിക്കുകയാണ്.

Tags:    

Similar News