മഞ്ചേശ്വരത്ത് അഷറഫും സുരേന്ദ്രനും, തൃത്താലയില്‍ രാജേഷും ബല്‍റാമും, പാലായില്‍ വീണ്ടും മാണി സി. കാപ്പനും ജോസ് കെ. മാണിയും! ഒരേ മണ്ഡലം, ഒരേ എതിരാളികള്‍! പഴയ പകവീട്ടാന്‍ തോറ്റവര്‍, അധികാരം കാക്കാന്‍ ജയിച്ചവര്‍! കേരളത്തിലെ 16 മണ്ഡലങ്ങളില്‍ 'റീമാച്ച്'; മന്ത്രിമാര്‍ക്കും അഗ്‌നിപരീക്ഷ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം 17 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മുന്നണികള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി പ്രചാരണരംഗത്ത് മുന്നേറുകയാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചിത്രം 2021-ന്റെ ഒരു പുനരാവിഷ്‌കാരമായി മാറുന്ന കാഴ്ചയാണ് പല മണ്ഡലങ്ങളിലും കാണുന്നത്. സംസ്ഥാനത്തെ 16 മണ്ഡലങ്ങളില്‍ അഞ്ച് വര്‍ഷം മുമ്പ് നേര്‍ക്കുനേര്‍ പോരാടിയ അതേ മുഖങ്ങള്‍ തന്നെയാണ് ഇത്തവണയും അങ്കത്തട്ടില്‍ അണിനിരക്കുന്നത്. തോറ്റവര്‍ക്ക് കണക്കുതീര്‍ക്കാനും ജയിച്ചവര്‍ക്ക് മേധാവിത്വം ഉറപ്പിക്കാനുമുള്ള അതിശക്തമായ പോരാട്ടത്തിനാണ് ഈ മണ്ഡലങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് മാറിമറിഞ്ഞ രാഷ്ട്രീയസാഹചര്യങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ എങ്ങിനെ പ്രതിഫലിക്കുമെന്ന കാത്തിരിപ്പ് ഇരുകൂട്ടരുടെയും ചങ്കിടിപ്പ് കൂട്ടുന്നു.
പഴയ എതിരാളികള്‍ വീണ്ടും കൊമ്പുകോര്‍ക്കുന്ന മണ്ഡലങ്ങളില്‍ കൂടുതലും എറണാകുളം (കളമശ്ശേരി, കുന്നത്തുനാട്, കോതമംഗലം), കോട്ടയം (പാല, കോട്ടയം, പൂഞ്ഞാര്‍), കൊല്ലം (ചവറ, പത്തനാപുരം, ചടയമംഗലം ജില്ലകളിലാണ്. പാലക്കാട് ജില്ലയില്‍ തൃത്താലയിലും മലമ്പുഴയിലും കഴിഞ്ഞ വര്‍ഷത്തെ സ്ഥാനാര്‍ഥികള്‍ തന്നെയാണ് വീണ്ടും നേര്‍ക്കുനേര്‍ എത്തുന്നത്. കാസര്‍കോട് (മഞ്ചേശ്വരം), വയനാട് (സുല്‍ത്താന്‍ ബത്തേരി), കോഴിക്കോട് (കുറ്റ്യാടി), തൃശൂര്‍ (ഇരിങ്ങാക്കുട), ആലപ്പുഴ (അരൂര്‍) എന്നിവയാണ് മറ്റ് മണ്ഡങ്ങള്‍. കണ്ണൂര്‍, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ഒരു മണ്ഡലത്തിലും ഇത്തരം മത്സരം നടക്കുന്നേയില്ല. ഇതില്‍ ചടയമംഗലം, പത്തനാപുരം, കളമശ്ശേരി, ഇരിങ്ങാലക്കുട മണ്ഡലങ്ങളില്‍ മന്ത്രിമാര്‍ മത്സരിക്കുന്നെന്ന വിഐപി പരിവേഷവുമുണ്ട്.
കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്താണ് ഇത്തരമൊരു പോരാട്ടം ഏറ്റവും ശ്രദ്ധേയമാകുന്നത്. 2021-ല്‍ വെറും 745 വോട്ടുകള്‍ക്ക് പരാജയപ്പെട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇത്തവണയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍, സിറ്റിംഗ് എംഎല്‍എ എ.കെ.എം. അഷറഫ് തന്നെയാണ് യുഡിഎഫിനായി ഗോദയിലുള്ളത്. എല്‍ഡിഎഫിന്റെ വി.വി. രമേശന്‍ (സിപിഎം) ആണ് കഴിഞ്ഞ തവണ മൂന്നാമതെത്തിയത്. 2016ലും 21ലും രണ്ടാമതെത്തിയ കെ. സുരേന്ദ്രനെ ഇത്തവണ മണ്ഡലം കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി.
വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ സിറ്റിംഗ് എംഎല്‍എ ഐ.സി. ബാലകൃഷ്ണനും സിപിഎമ്മിന്റെ എം.എസ്. വിശ്വനാഥനും തമ്മിലുള്ള പോരാട്ടം ആവര്‍ത്തിക്കുന്നു. 11822 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം ബാലകൃഷ്ണനൊപ്പംനിന്നു. ഇത്തവണ ഐ.സി. ബാലകൃഷ്ണന് സീറ്റ് നല്‍കുന്ന കാര്യത്തില്‍ തുടക്കത്തില്‍ കോണ്‍ഗ്രസില്‍ എതിരഭിപ്രായമുണ്ടായെങ്കിലും പിന്നീട് മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലം ഇത്തവണയും ഉറ്റുനോക്കപ്പെടുന്ന ഒന്നാണ്. കഴിഞ്ഞ തവണ വെറും 333 വോട്ടുകള്‍ക്ക് മാത്രം വിജയിച്ച ഇടത് സ്ഥാനാര്‍ത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടിയും യുഡിഎഫിന്റെ പാറക്കല്‍ അബ്ദുള്ളയും തമ്മിലുള്ള പോരാട്ടം പ്രവചനാതീതമാണ്.
പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലമാണ് രാഷ്ട്രീയ കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത്. മന്ത്രി എം.ബി. രാജേഷും മുന്‍ എംഎല്‍എ വി.ടി. ബല്‍റാമും തമ്മിലുള്ള രണ്ടാം അങ്കം തൃത്താലയെ ആവേശത്തിലാഴ്ത്തുന്നു. 3016 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാജേഷ് പിടിച്ചെടുത്ത മണ്ഡലം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. മലമ്പുഴയില്‍ സിപിഎമ്മിന്റെ എ. പ്രഭാകരനും ബിജെപിയുടെ സി. കൃഷ്ണകുമാറും തമ്മിലുള്ള മത്സരം ആവര്‍ത്തിക്കുമ്പോള്‍ എല്‍ഡിഎഫ് കോട്ട കാക്കാനാണ് പ്രഭാകരന്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ 25734 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പ്രഭാകരന്‍ ജയിച്ചു. ഇത്തവണയും ഇവര്‍ ഇരുവരും തന്നെയാണ് എല്‍ഡിഎഫിനും എന്‍ഡിഎക്കും വേണ്ടി രംഗത്തിറങ്ങുന്നത്.
ഇരിങ്ങാലക്കുടയില്‍നിന്ന് കഴിഞ്ഞ തവണ എല്‍ഡിഎഫിനുവേണ്ടി സിപിഎമ്മിന്റെ ആര്‍. ബിന്ദുവും യുഡിഎഫിനുവേണ്ടി കേരളാ കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടനും തമ്മിലായിരുന്നു മത്സരം. 5949 വോട്ടിന് അന്ന് ബിന്ദു ജയിച്ചു, മന്ത്രിയുമായി. ഇക്കുറിയും ഇവര്‍ ഇരുവരെയുമാണ് മുന്നണികള്‍ കളത്തിലിറക്കിയിരിക്കുന്നത്. കളമശ്ശേരിയില്‍ എല്‍ഡിഎഫിനായി സിപിഎമ്മിന്റെ പി. രാജീവും യുഡിഎഫിനായി മുസ്ലിം ലീഗിന്റെ വി.ഇ. അബ്ദുള്‍ ഗഫൂറും കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ 15336 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാജീവിനായിരുന്നു വിജയം. രാജീവ് മന്ത്രിയാകുകയും ചെയ്തു. ഇത്തവണയും കളമശ്ശേരിയില്‍ ഭാഗ്യം പരീക്ഷിക്കുന്നത് ഇവര്‍ തന്നെയാണ്. കുന്നത്തുനാട്ടില്‍ കഴിഞ്ഞതവണ മത്സരം സിപിഎമ്മിന്റെ പി.വി. ശ്രീനിജിനും കോണ്‍ഗ്രസിന്റെ വി.പി. സജീന്ദ്രനും തമ്മിലായിരുന്നു. 2715 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ശ്രീനിജിന്‍ വിജയിച്ചു. ഇക്കുറിയും ഇവര്‍ രണ്ടാളുമാണ് ഇവിടെ പോരാട്ടത്തിനുള്ളത്.
കോതമംഗലത്ത് എല്‍ഡിഎഫിനുവേണ്ടി സിപിഎമ്മിന്റെ ആന്റണി ജോണും യുഡിഎഫിനുവേണ്ടി കേരളാ കോണ്‍ഗ്രസിന്റെ ഷിബു തെക്കുംപുറവും തമ്മിലായിരുന്നു മത്സരം. 6605 വോട്ടിനാണ് ആന്റണി ജോണ്‍ ജയിച്ചത്. ഇക്കുറിയും പഴയ എതിരാളികള്‍ തന്നെയാണ് കോതമംഗലത്ത്. പാലായില്‍ കഴിഞ്ഞതവണ എല്‍ഡിഎഫിനുവേണ്ടി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോസ് കെ. മാണിയും യുഡിഎഫിനു വേണ്ടി മാണി സി. കാപ്പനും തമ്മില്‍ മത്സരിച്ചപ്പോള്‍ വിജയം കാപ്പനൊപ്പമായിരുന്നു. ഭൂരിപക്ഷം 15378. ഇത്തവണയും എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ഥികളായി രംഗത്തിറങ്ങുന്നത് ഇവര്‍ തന്നെയാണ്.
കോട്ടയത്ത് എല്‍ഡിഎഫിനു വേണ്ടി സിപിഎമ്മിന്റെ കെ. അനില്‍കുമാറും യുഡിഎഫിനുവേണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായിരുന്നു കളത്തിലിറങ്ങിയത്.18743 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തിരുവഞ്ചൂര്‍ വിജയിച്ചു. ഇക്കുറിയും അനില്‍കുമാറും തിരുവഞ്ചൂരുമാണ് ഇരുമുന്നണികള്‍ക്കുമായി അങ്കത്തിനിറങ്ങുന്നത്.
പൂഞ്ഞാറില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ 16817ന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ കേരള ജനപക്ഷം (സെക്യുലര്‍) നേതാവ് പി.സി. ജോര്‍ജ് ആയിരുന്നു രണ്ടാമതെത്തിയത്. ഇക്കുറിയും സെബാസ്റ്റ്യന്‍ തന്നെയാണ് എല്‍ഡിഎഫിനുവേണ്ടി കളത്തിലിറങ്ങുന്നത്. എന്നാല്‍ പി.സി. ജോര്‍ജ് ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയായി എന്‍ഡിഎക്കൊപ്പമാണ്.
അരൂരിലും കഴിഞ്ഞ തവണത്തെ എതിരാളികള്‍ തന്നെയാണ്. എല്‍ഡിഎഫിനു വേണ്ടി സിപിഎമ്മിന്റെ ദലീമയും യുഡിഎഫിനായി കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാനും. കഴിഞ്ഞ തവണ 7013 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ദലീമയുടെ വിജയം. ചവറയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി സുജിത് വിജയന്‍പിള്ളയും യുഡിഎഫിനുവേണ്ടി ആര്‍എസ്പിയുടെ ഷിബു ബേബിജോണുമായിരുന്നു കഴിഞ്ഞ തവണ ഏറ്റുമുട്ടിയത്. 1096 വോട്ടിനായിരുന്നു സുജിത് വിജയിച്ചത്. കുറഞ്ഞ മാര്‍ജിനിലെ ഈ പരാജയം ഇക്കുറി വിജയമാക്കി മാറ്റാമെന്ന കണക്കുകൂട്ടലിലാണ് ഷിബു ബേബിജോണ്‍ രംഗത്തുള്ളത്.
പത്തനാപുരത്ത് കഴിഞ്ഞ തവണത്തെ എതിരാളികള്‍ എല്‍ഡിഎഫിന്റെ കെ.ബി. ഗണേഷ്‌കുമാറും (കേരളാ കോണ്‍ഗ്രസ് ബി) യുഡിഎഫിന്റെ ജ്യോതികുമാര്‍ ചാമക്കാലയും (കോണ്‍ഗ്രസ്) ആയിരുന്നു. 14336 വോട്ടിന് ജയിച്ച ഗണേഷ് കുമാര്‍ മന്ത്രിയായി. ഇക്കുറിയും പത്തനാപുരം ലക്ഷ്യമിട്ടിറങ്ങുന്നത് ഇവര്‍ ഇരുവരും തന്നെയാണ്. ചടയമംഗലത്ത് ഇക്കുറിയും പോരാട്ടം എല്‍ഡിഎഫിന്റെ ജെ. ചിഞ്ചുറാണിയും (സിപിഐ) യുഡിഎഫിന്റെ എന്‍.എം. നസീറും തമ്മിലാണ്. കഴിഞ്ഞതവണ 13678 വോട്ടിനായിരുന്നു ചിഞ്ചുറാണിയുടെ വിജയം. അവര്‍ മന്ത്രിയുമായി.
തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മണ്ഡലം തിരിച്ചുപിടിക്കാന്‍ തോറ്റവര്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍, വികസന നേട്ടങ്ങള്‍ ഉയര്‍ത്തി ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സിറ്റിംഗ് എംഎല്‍എമാര്‍. 2021-ലെ ഫലം ആവര്‍ത്തിക്കുമോ അതോ ജനവിധി മാറിമറിയുമോ എന്നറിയാന്‍ ഇനി രണ്ടാഴ്ചത്തെ കാത്തിരിപ്പ് കൂടി ബാക്കിയുണ്ട്.
