പേരാവൂരില്‍ തോറ്റാല്‍ പിബിയിലേക്ക് പ്രൊമോഷന്‍ എന്ന ഓഫര്‍ ലഭിച്ചിട്ടുണ്ടാകും; കെ കെ ശൈലജയെ പരിഹസിച്ച് സണ്ണി ജോസഫ്; പരിഹസിക്കുന്നത് ഓരോരുത്തരുടെ സ്വഭാവം; പേരാവൂരില്‍ മുന്‍പ് ജയിച്ചയാളാണ് ഞാനെന്ന് മറുപടി നല്‍കി കെ കെ ശൈലജയും
പേരാവൂരില്‍ തോറ്റാല്‍ പിബിയിലേക്ക് പ്രൊമോഷന്‍ എന്ന ഓഫര്‍ ലഭിച്ചിട്ടുണ്ടാകും
കണ്ണൂര്‍: കെ.കെ. ശൈലജയെ പരിഹസിച്ച് പേരാവൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. ഓരോ തിരഞ്ഞെടുപ്പു തോല്‍വിയും ശൈലജയ്ക്ക് സംഘടനാപരമായ പ്രൊമോഷന്‍ ലഭിക്കാനുള്ള അവസരമാണെന്നായിരുന്നു സണ്ണി ജോസഫിന്റെ പരാമര്‍ശം. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് കെ.കെ. ശൈലജ.
'ശൈലജ ടീച്ചറും ഞാനുമായി ആദ്യമൊന്ന് മത്സരിച്ചു. എനിക്കൊരു ഇമേജും ഉണ്ടായിരുന്നില്ല. പക്ഷേ, സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളായിരുന്നു. ഞാന്‍ ജയിച്ചു. ശൈലജ ടീച്ചര്‍, ഈ പറയുന്ന ഇമേജോടു കൂടി വടകരയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. വന്‍ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടു.
ഇവിടെ മത്സരിക്കാന്‍ ശൈലജ ടീച്ചറുടെ മനസ്സ് എന്താണെന്ന് നിങ്ങള്‍ വായിച്ചു മനസ്സിലാക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ ടീച്ചര്‍ക്കൊരു പ്രൊമോഷന്‍കിട്ടി സംഘടനാപരമായി, കേന്ദ്രകമ്മിറ്റി അംഗമായി. ഇപ്പോള്‍ തോല്‍ക്കുമ്പോള്‍ ടീച്ചറെ ചിലപ്പോള്‍ പൊളിറ്റ് ബ്യൂറോയിലേക്ക് എടുക്കും. ആ ഓഫര്‍ ഇല്ലെങ്കില്‍ ടീച്ചര്‍ മത്സരിക്കാനിടയില്ല, എന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്.
ഓരോ തോല്‍വിയ്ക്ക് പിന്നാലെയും പാര്‍ട്ടിയില്‍ പ്രമോഷന്‍ ലഭിക്കുന്നു എന്ന സണ്ണി ജോസഫിന്റെ പരിഹാസത്തിന് മറുപടിയുമായി കെ കെ ശൈലജയും രംഗത്തുവന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് എത്തിയപ്പോഴായിരുന്നു പേരാവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ കെ ശൈലജയുടെ പ്രതികരണം. നിയമസഭയില്‍ എല്ലാവരും തോറ്റിട്ടും ജയിച്ചിട്ടുമുണ്ടെന്നും സംഘടനയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പ്രൊമോഷന്‍സുമെന്നാണ് കെ കെ ശൈലജ പ്രതികരണം. പരിഹസിക്കുന്നത് ഓരോരുത്തരുടെയും സ്വഭാവ സവിശേഷതയാണെന്നും അവര്‍ പറഞ്ഞു.
'പൊളിറ്റ് ബ്യൂറോയില്‍ എത്തുന്നത് വലിയ കാര്യമാണ്. നിയമസഭയില്‍ എല്ലാവരും തോറ്റിട്ടും ജയിച്ചിട്ടുണ്ട്. സംഘടനയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പ്രൊമോഷന്‍സ് വരുന്നത്. സ്വാഭാവികമായാണ് കേന്ദ്രകമ്മിറ്റിയില്‍ എത്തിയത്. പേരാവൂരില്‍ ഞാന്‍ മുന്‍പും ജയിച്ചിട്ടുണ്ട്. സണ്ണി ജോസഫ് പറയുന്നത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കാര്യമായിരിക്കും. അസംബ്ലി തിരഞ്ഞെടുപ്പിലെ പാറ്റേണ്‍ അതല്ല. പരിഹസിക്കുന്നത് ഓരോരുത്തരുടെയും സ്വഭാവ സവിശേഷതയാണ്,' കെ കെ ശൈലജ പറഞ്ഞു. പേരാവൂരില്‍ പൂര്‍ണ്ണ വിജയ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ കെ കെ ശൈലജ പേരാവൂരിന് വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
2006 മുതല്‍ 2011 വരെ പേരാവൂര്‍ എംഎല്‍എയായിരുന്നു ശൈലജ. പിന്നീട് നിലവിലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായി. കെ കെ ശൈലജയിലൂടെ ഇപ്രാവശ്യം പേരാവൂര്‍ പിടിച്ചെടുക്കാന്‍ എന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍.
ഇടതുപക്ഷത്തിന് അപൂര്‍വ്വമായി മാത്രം വിജയിക്കാന്‍ സാധിച്ചിട്ടുള്ള മണ്ഡലമാണ് പേരാവൂര്‍. സിപിഐഎമ്മിന് ഒരിക്കല്‍ മാത്രമാണ് പേരാവൂരില്‍ നിന്ന് പാര്‍ട്ടി ചിഹ്നത്തില്‍ വിജയിക്കാന്‍ സാധിച്ചിട്ടുള്ളത്. സിപിഐഎം ചിഹ്നത്തില്‍ മത്സരിച്ച കെ കെ ശൈലജ 2006ലാണ് ഇവിടെ സിപിഐഎമ്മിനായി ആദ്യ വിജയം കുറിച്ചത്. 2011ല്‍ കെ കെ ശൈലജയെ പരാജയപ്പെടുത്തിയ സണ്ണി ജോസഫാണ് കഴിഞ്ഞ മൂന്ന് ടേമായി പേരാവൂരില്‍ നിന്ന് വിജയിക്കുന്നത്. 2016ല്‍ 7989 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സണ്ണി ജോസഫിന്റെ വിജയം. 2021ല്‍ സണ്ണി ജോസഫിന്റെ ഭൂരിപക്ഷം 3172 ആയി കുറഞ്ഞിരുന്നു.
ഇരിട്ടി നഗരസഭ അടക്കം പേരാവൂര്‍ മണ്ഡലത്തില്‍ വരുന്ന ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളില്‍ നാലിടത്ത് എല്‍ഡിഎഫും അഞ്ചിടത്ത് യുഡിഎഫുമാണ് ഭരണത്തിലുള്ളത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലതത്തിന്റെ ഭാഗമായ പേരാവൂര്‍ നിയമസഭാ മണ്ഡലത്തില്‍ 23,481 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്.
