അന്ന് 'വി.എസ്. സുധീരന്‍' പിടിച്ചത് 8282 വോട്ടുകള്‍; വി.എം. സുധീരന്‍ പരാജയപ്പെട്ടത് വെറും 1009 വോട്ടുകള്‍ക്കും; പതിവ് തെറ്റിക്കാതെ ഇത്തവണയും അപരന്മാര്‍; വികെ പ്രശാന്തിനെതിരെ കെ പ്രശാന്ത്; ജി സുധാകരനെതിരെ വെറും സുധാകരന്‍; മഞ്ചേശ്വരത്ത് മൂന്ന് അഷ്‌റഫുമാരും
തിരുവനന്തപുരം: എല്ലാ തെരഞ്ഞെടുപ്പുകാലത്തും മുന്നണി സ്ഥാനാര്‍ഥികളുടെ നെഞ്ചിടിപ്പേറ്റി ജനവിധി അട്ടിമറിക്കാന്‍ രംഗത്ത് ഇറങ്ങുന്നവരാണ് അപരന്മാര്‍. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കി എതിരാളികള്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ കുറക്കുന്നതിന് എല്ലാ മുന്നണികളും അപരന്മാരെ കളത്തിലിറക്കാറുണ്ട്. എതിരാളിയുടെ അതേ പേരോ സമാനത തോന്നിക്കുന്ന പേരോ ഉള്ള ആളുകളെ കണ്ടെത്തി അപരനാക്കി മത്സരിപ്പിക്കാന്‍ മുന്നണികള്‍ നെട്ടോട്ടമോടുന്നത് എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കാണാം.
അപരനായി നില്‍ക്കുന്നയാളെ ഭീഷണിപ്പെടുത്തിയോ കൂടുതല്‍ പണം നല്‍കി പ്രലോഭിപ്പിച്ചോ എതിരാളികള്‍ മത്സരരംഗത്ത് നിന്ന് ഓടിക്കുന്നതും പതിവ് കാഴ്ചയാണ്. നിര്‍ണായക മത്സരങ്ങളില്‍ മുന്നണി സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം കുറക്കുന്നതിലും കൂട്ടുന്നതിലുമൊക്കെ അപരന്മാര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇത്തവണയും പത്രിക സമര്‍പ്പണം പൂര്‍ത്തിയാകുമ്പോള്‍ മിക്ക മണ്ഡലങ്ങളിലും അപരന്മാര്‍ പൊങ്ങിവന്നിട്ടുണ്ട്.
നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാന്‍ പതിവ് പോലെ അപരന്മാരും സജീവമായി കഴിഞ്ഞു. പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികളുടെ പേരിനോട് സാമ്യമുള്ളവര്‍ പത്രിക സമര്‍പ്പിച്ചതോടെ വോട്ട് ചോര്‍ച്ച തടയാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എല്‍ഡിഎഫ് വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന് തലവേദനയായി കെ പ്രശാന്ത് എന്ന അപരന്‍ പത്രിക നല്‍കി. വോട്ടര്‍മാര്‍ക്ക് പേര് മാറിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ പ്രചാരണത്തില്‍ ചിഹ്നം കൃത്യമായി ബോധ്യപ്പെടുത്താനാണ് എല്‍ഡിഎഫ് ശ്രമം.
സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ജി സുധാകരനെതിരെ പാതിരപ്പള്ളി സ്വദേശി സുധാകരന്‍ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചു. ജി സുധാകരന്‍ എന്ന പേരിനൊപ്പം വെറും 'സുധാകരന്‍' കൂടി ബാലറ്റില്‍ വരുന്നത് തലവേദനയാകും. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എ കെ എം. അഷ്‌റഫിനാണ് ഏറ്റവും കൂടുതല്‍ അപരന്മാരുള്ളത്. മൂന്ന് അഷ്‌റഫുമാരാണ് ഇവിടെ പത്രിക നല്‍കിയിരിക്കുന്നത്. കെ എം അഷ്‌റഫ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി. മുഹമ്മദ് അഷ്‌റഫ് ധര്‍മ്മത്തടുക്ക സ്വദേശി - സ്വതന്ത്രന്‍, മുഹമ്മദ് അഷ്‌റഫ് കെഎ കീഴൂര്‍ സ്വദേശി - സ്വതന്ത്രന്‍ എന്നിങ്ങനെയാണ് പത്രിക നല്‍കിയിട്ടുള്ളത്.
ചെറിയ വോട്ടുകളുടെ വ്യത്യാസത്തില്‍ ഫലം മാറി മറിയുന്ന മണ്ഡലങ്ങളില്‍ അപരന്മാര്‍ പിടിക്കുന്ന വോട്ട് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് കാരണമാകുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ഏറെ കരുതലോടെയാണ് മുന്നണികള്‍ അപര ഭീഷണിയെ നേരിടുന്നത്. വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ത്ഥിയുടെ പേരിനൊപ്പം ഫോട്ടോയും ചിഹ്നവും ഉണ്ടെങ്കിലും പേരിന്റെ സാമ്യം വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുമെന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളെല്ലാം സാക്ഷ്യം പറയുന്നത്.
ഇതിന്റെ ഏറ്റവും വലിയ ഇര ഒരുപക്ഷേ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ആയിരിക്കും. 2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലായിരുന്നു സുധീരന്റെ അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ പരാജയം. അന്ന് വി.എം. സുധീരന്റെ അപരനായി മത്സരിച്ച 'വി.എസ്. സുധീരന്‍' പിടിച്ചത് 8282 വോട്ടുകളാണ്. വി.എം. സുധീരന്‍ പരാജയപ്പെട്ടത് വെറും 1009 വോട്ടുകള്‍ക്കും.
ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിലുള്‍പ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളില്‍, ആലപ്പുഴയൊഴികെയുള്ളിടത്തെല്ലാം ആയിരത്തിനുമേല്‍ വോട്ടുകള്‍ അപരന്‍ നേടി. ആലപ്പുഴയില്‍ കിട്ടിയത് 891 വോട്ട്. തപാല്‍ വോട്ടുകളില്‍ പോലും അപരന് വിഹിതമുണ്ടായി എന്നതാണ് മറ്റൊരു കൗതുകം. 'അതൊരു ചതിപ്രയോഗമായിരുന്നു. അതുമൂലം പരാജയപ്പെട്ടത് നീറ്റലായി ഇന്നും മനസ്സിലുണ്ട്. നേരായ മാര്‍ഗത്തിലൂടെയായിരുന്നു പരാജയപ്പെട്ടിരുന്നത് എങ്കില്‍ ഇത്ര ദുഃഖം വരില്ലായിരുന്നു' -അന്നത്തെ തോല്‍വിയെ കുറിച്ച് പിന്നീട് സുധീരന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
ആലപ്പുഴ തീരത്തെ രൂക്ഷമായി ബാധിക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ ശക്തമായ നിലപാടെടുത്തതാണ് ഇത്തരം ചതിപ്രയോഗം തനിക്കെതിരെ മറുപക്ഷം നടത്തിയതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു. കരിമണല്‍ ലോബിയുടെ വലിയ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു തനിക്കെതിരെയുള്ള അപരനീക്കം. പല രാഷ്ട്രീയ പാര്‍ട്ടികളും ഈ കുതന്ത്രം പയറ്റുന്നുണ്ട്. അപരന്മാരെ നിര്‍ത്തുന്നത് തടയാന്‍ തെരഞ്ഞെടുപ്പ് നിയമത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തണം. ഒരു കാരണവശാലും അപരന്മാരെ അവതരിപ്പിക്കില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ തീരുമാനിക്കണമെന്നും രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കല്‍ അവരുടെ കടമയാണെന്നും സുധീരന്‍ ഓര്‍മിപ്പിക്കുന്നു.
