'ബിജെപി അല്‍പം വളര്‍ന്നിട്ടുണ്ട്, ഇത്തവണയും സീറ്റ് കിട്ടില്ല'; ഡീല്‍ ആരോപണം കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ ജാമ്യമെടുക്കല്‍; ബിജെപിയുമായി കൈകോര്‍ത്തിട്ടുള്ളത് കോണ്‍ഗ്രസ്; ചിലപ്പോഴൊക്കെ മുസ്ലീം ലീഗ് പോലും അതിന് തയ്യാറായിട്ടുണ്ട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ഡീല്‍ ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി
'ബിജെപി അല്‍പം വളര്‍ന്നിട്ടുണ്ട്, ഇത്തവണയും സീറ്റ് കിട്ടില്ല';
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണം മുറുകവേ ഡീല്‍ ആരോപണമാണ് യുഡിഎഫ് ശക്തമാക്കുന്നത്. ബിജെപിയുമായി സിപിഎം കൈകോര്‍ക്കുന്നു എന്ന ആരോപണം ഇടതു മുന്നണിയിലേക്ക് ന്യൂനപക്ഷ വോട്ടുകള്‍ പോകാതിരിക്കുക എന്ന ലക്ഷ്യത്തിലാണ്. എന്നാല്‍ ഈ ആരോപണമെല്ലാം തള്ളുകയാണ് പിണറായി വിജയന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നേട്ടമുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ബിജെപി ചെറിയ വളര്‍ച്ച നേടിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് ഇത്തവണയും ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദ ന്യൂ ഇന്ത്യന്‍ എക്സ്രപ്രസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പിണറായി വിജയന്റെ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടും. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടി അധികാരത്തില്‍ തുടരുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ബിജെപി സിപിഎം ഡീല്‍ എന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം പരാജയ ഭീതിയില്‍ നിന്ന് ഉയരുന്നതാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പരാജയ ഭീതി ബാധിച്ചതോടെ കൈക്കൊള്ളുന്ന മുന്‍കൂര്‍ ജാമ്യമാണ് സിപിഎമ്മിനെതിരായ ഡീല്‍ ആരോപണം. ബിജെപിയുമായി കൈകോര്‍ത്തിട്ടുള്ളത് കോണ്‍ഗ്രസാണ്. ചിലപ്പോഴൊക്കെ മുസ്ലീം ലീഗ് പോലും അതിന് തയ്യാറായിട്ടുണ്ട്. കേരളം ചര്‍ച്ച ചെയ്തിട്ടുള്ള കോ-ലി-ബി സഖ്യം ഇതിന് ഉദാഹരണമാണ്.
കോണ്‍ഗ്രസുമായുള്ള ധാരണ പ്രകാരം 41 മണ്ഡലങ്ങളില്‍ അവര്‍ പിന്തുണ നല്‍കിയതായി ഒരു ആര്‍എസ്എസ് നേതാവ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍, ചില ഇടങ്ങളില്‍ ഈ സഹകരണം പ്രകടമാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണ് ആര്‍എസ്എസിന്റെ പ്രഖ്യാപിത ശത്രുക്കള്‍. ത്രിപുരയില്‍ ബിജെപി വിജയിച്ചപ്പോള്‍ മോദി അതിനെ ഒരു പ്രത്യയശാസ്ത്ര വിജയമായി വിശേഷിപ്പിച്ചു. ബിജെപി കമ്യണിസ്റ്റുകാരെ പ്രധാന ശത്രുവായി കാണുന്നു എന്നത് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇടതുപക്ഷം മൂന്നാമതും അധികാരത്തിലെത്തും. സീറ്റുകളുടെ എണ്ണം വര്‍ധിക്കും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. ജനങ്ങളുടെ പ്രതീക്ഷകള്‍ വലിയൊരളവില്‍ നിറവേറ്റിയ സര്‍ക്കാരാണ് കേരളത്തിലേതെന്നാണ് പൊതു വികാരം. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. എല്‍ഡിഎഫ് ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത് എല്‍ഡിഎഫിന്റെ ഇടപെടലുകളാണ്. ഏല്ലാം ചെയ്തുവെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല, പക്ഷേ മാറ്റം പ്രകടമാണെന്നും പിണറായി ചൂണ്ടിക്കാട്ടുന്നു.
സി.പി.എമ്മും ബി.ജെ.പി.യും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിലൂടെ മുസ്ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫ്. പാളയത്തില്‍ ഉറപ്പിച്ചുനിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. ബി.ജെ.പി.യെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനാകില്ലെന്ന സന്ദേശം ഈ വോട്ടര്‍മാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം വി.ഡി. സതീശനെ വ്യക്തിപരമായി ലക്ഷ്യം വെക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. രാവിലെ മുതല്‍ രാത്രി വരെ നുണ പറയുന്ന പ്രതിപക്ഷ നേതാവായി സതീശന്‍ മാറിയെന്നും നുണ പറയുന്നതില്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹതയുള്ളയാളാണ് അദ്ദേഹമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തിരിച്ചടിച്ചു. യു.ഡി.എഫിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മറയ്ക്കാനാണ് ഇത്തരമൊരു പുകമറ സൃഷ്ടിക്കുന്നതെന്നാണ് ഇടതുമുന്നണിയുടെ നിലപാട്.
പരാജയപ്പേടി കൊണ്ടാണ് കോണ്‍ഗ്രസ് ഇത്തരം നുണകള്‍ പടച്ചുവിടുന്നതെന്നാണ് ബി.ജെ.പി.യുടെ വാദം. എന്നാല്‍ ബി.ജെ.പി.ക്ക് മുന്‍തൂക്കമുള്ള മണ്ഡലങ്ങളില്‍ സി.പി.എം. മനഃപൂര്‍വ്വം ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സഹായിക്കുന്നു എന്നതാണ് യു.ഡി.എഫ്. ഉന്നയിക്കുന്ന പ്രധാന തര്‍ക്കം. രാഹുല്‍ ഗാന്ധി മുന്‍പ് ഉയര്‍ത്തിയ 'സി.ജെ.പി.' (സി.പി.എം.+ ബി.ജെ.പി.) ആരോപണത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നീക്കങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
വിവാദം കൊഴുക്കുന്ന സാഹചര്യത്തില്‍ 1991-ലെ 'കോ-ലീ-ബി' സഖ്യവും നേമത്ത് ബി.ജെ.പി. അക്കൗണ്ട് തുറന്ന സാഹചര്യവും ഉയര്‍ത്തിക്കാട്ടി പ്രതിരോധം തീര്‍ക്കാനാണ് സി.പി.എം. നീക്കം. പഴയ ഒത്തുകളി ആരോപണങ്ങള്‍ പുതിയ കാലത്ത് വോട്ടര്‍മാര്‍ എത്രത്തോളം വിശ്വസിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം. എന്തായാലും 'ഡീല്‍' യുദ്ധം 2026-ലെ തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചരണായുധമായി മാറുകയാണ്.
