'പിണറായി മന്ത്രിസഭയിലുള്ളവരാണ് പേര് നോക്കി ആളുകളെ തിരിച്ചറിയാമെന്ന് പറയുന്നത്; അത്തരക്കാരെ അരയല്ല, ഫുള്‍ സംഘി എന്ന് തന്നെ വിളിക്കണം'; പിഷാരടി അരസംഘിയെന്ന സിപിഎം ആക്ഷേപത്തിന് കടുത്ത മറുപടിയുമായി ഷാഫി പറമ്പില്‍

'പിണറായി മന്ത്രിസഭയിലുള്ളവരാണ് പേര് നോക്കി ആളുകളെ തിരിച്ചറിയാമെന്ന് പറയുന്നത്;

Update: 2026-03-24 03:41 GMT

കോഴിക്കോട്: പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി അരസംഘിയാണെന്ന സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിന് കടുത്ത മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എം.പി. അദ്ദേഹത്തിന്റെ ആ പ്രയോഗം പിഷാരടിക്കല്ല, പിണറായി വിജയന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കാണ് ചേരുന്നതെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. 'ആ മന്ത്രിസഭയിലുള്ളവരാണ് പേര് നോക്കി ആളുകളെ തിരിച്ചറിയാമെന്ന് പറയുന്നത്. അത്തരക്കാരെ അരയല്ല, ഫുള്‍ സംഘി എന്ന് തന്നെ വിളിക്കണം' -ഷാഫി പറഞ്ഞു.

'പിഷാരടിക്കെതിരെ ഇത്തരത്തിലുള്ള ആക്ഷേപം ചൊരിയുന്നത് പിഷാരടിയുടെ ജയം അവര്‍ തിരിച്ചറിഞ്ഞതിനാലാണ്. അദ്ദേഹത്തിന്റെ ( ഇ.എന്‍. സുരേഷ് ബാബുവിന്റെ) ആ പ്രയോഗം പിഷാരടിക്കല്ല ചേരുന്നത്. പിണറായി വിജയന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കാണ്. പേര് നോക്കി ആളുകളെ തിരിച്ചറിയാമെന്ന് പറയുന്ന ആളുകളെ അരയല്ല, ഫുള്‍ സംഘി എന്ന് തന്നെ വിളിക്കണം.

കോമാളി എന്നൊക്കെയാണ് ഒരു സ്ഥാനാര്‍ഥിയെ വിളിക്കുന്നത്. നടന്‍ എന്നത് അദ്ദേഹത്തിന്റെ പ്രഫഷനുമായി ബന്ധപ്പെട്ട കാര്യമല്ലേ? വലിയ അഭിപ്രായ സ്വാതന്ത്ര്യം ഒക്കെ പറയുന്ന ആളുകള്‍, ഒരു തെരഞ്ഞെടുപ്പില്‍ ഒരാള്‍ തങ്ങളെ പരാജയപ്പെടുത്താന്‍ പോവുകയാണ് എന്ന് അറിയുമ്പോള്‍ നടത്തുന്ന ആ ഒരൊറ്റ പ്രസ്താവനയിലൂടെ ആരാണ് ജനങ്ങളുടെ മുന്നില്‍ യഥാര്‍ഥ കോമാളിയായതെന്നും തിരുത്തേണ്ടിവന്നതെന്നും ആലോചിച്ചാല്‍ മതി. പിഷാരടി പറഞ്ഞത് പോലെ അതിനൊന്നും അതേഭാഷയില്‍ മറുപടി പറയുന്നില്ല' -ഷാഫി വ്യക്തമാക്കി.

ബി.ജെ.പി-സി.പി.എം ഡീല്‍ തെരഞ്ഞെടുപ്പിനപ്പുറത്തേക്ക് വളര്‍ന്നിട്ടുണ്ടെന്നും ഷാഫി പറഞ്ഞു. 'മാര്‍ കൂറിലോസ് തിരുമേനി അടക്കമുള്ളവര്‍ ബി.ജെ.പി -സി.പി.എം ഡീലിനെ കുറിച്ച് പറയുന്നു. പാലക്കാട് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് സമയത്ത് തന്നെ സി.ജെ.പി ഡീല്‍ ഉണ്ടായിരുന്നു. അതേസമയം, ഈ ഡീലിനെ എതിര്‍ക്കുന്ന പ്രവര്‍ത്തകര്‍ സി.പി.എമ്മിലുമുണ്ട്. അവര്‍ തിരുത്തും. നല്ല സി.പി.എമ്മുകാരുടെ വോട്ട് ഇത്തവണ യു.ഡി.എഫിനായിരിക്കും എന്നാണ് പൊതുവെ ആളുകള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായം' -ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു.

രമേഷ് പിഷാരടി അരസംഘിയാണെന്നും ഷാഫിയുടെ നോമിനിയാണെന്നുമാണ് ഇ.എന്‍. സുരേഷ് ബാബു ഇന്നലെ ആരോപിച്ചത്. 'ഷാഫി ഇല്ലാതെ ഈ പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയില്ല എന്ന ഒരു വലിയ പ്രതീതി ഉണ്ടാക്കുകയാണ് ലക്ഷ്യം. അങ്ങനെ വന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഷാഫിയെ വിളിച്ച് കോണ്‍ഗ്രസ് ഇവിടെ നിര്‍ത്തും. ഇങ്ങനെയായിരുന്നല്ലോ ബൈ ഇലക്ഷനില്‍ ഒരാളെ കൊണ്ടുവന്നത്.

എന്തുകൊണ്ടാ ഈ മണ്ഡലത്തില്‍ രമേഷ് പിഷാരടി വരാന്‍ കാരണം? അത് ഷാഫിക്ക് ഒരു ലക്ഷ്യമുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ ഒരു പ്രസക്തിയും ഇല്ല എന്ന് ഷാഫിക്ക് നല്ല ധാരണയുണ്ട്. അത് മനസ്സിലാക്കിയാണ് രമേഷ് പിഷാരടിയെ ഷാഫി കൊണ്ടുവന്നത്. എന്നിട്ട് ബിജെപി- കോണ്‍ഗ്രസ് ഡീല്‍ വെച്ച് പാലക്കാട് ബിജെപിക്ക് വോട്ട് മറിച്ചു ചെയ്യുക. അപ്പോള്‍ കോണ്‍ഗ്രസ് തോല്‍ക്കും. തോറ്റാല്‍ ഷാഫി ഇല്ലാതെ ഈ പാലക്കാട് മണ്ഡലം ജയിക്കാന്‍ കഴിയില്ല എന്ന ഒരു വലിയ പ്രതീതി ഉണ്ടാക്കും. എന്നിട്ട് അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഷാഫിയെ വിളിച്ച് ഇവിടെ നിര്‍ത്തും. ഇതാണ് ലക്ഷ്യം' -സുരേഷ് ബാബു ആരോപിച്ചു.

Tags:    

Similar News