2016ല്‍ കാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ നേടിയ മണ്ഡലം; അഭിഭാഷകയായ ആ സ്ഥാനാര്‍ത്ഥിക്ക് പറ്റിയ 'അബദ്ധം' ആസൂത്രിതമോ? അന്ന് പത്രിക തള്ളിയപ്പോള്‍ ബിജെപി എന്തിന് മൗനം പാലിച്ചു? ധാരണയുണ്ടാക്കാന്‍ ചുക്കാന്‍പിടിച്ചത് മുഖ്യമന്ത്രി; ഗുരുവായൂരില്‍ ബിജെപിയും സിപിഎമ്മും 'ഒക്കച്ചങ്ങാതിമാര്‍'! കെ.എന്‍.എ ഖാദറിന്റെ ആത്മകഥയിലെ തുറന്നു പറച്ചില്‍ ചര്‍ച്ചയില്‍
തൃശൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ സി.പി.എം.-ബി.ജെ.പി. അവിശുദ്ധ കൂട്ടുകെട്ടുണ്ടായിരുന്നു എന്ന ഗുരുതര ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെ.എന്‍.എ. ഖാദര്‍. ചൊവ്വാഴ്ച പ്രകാശനം ചെയ്ത 'വ്യാകരണമില്ലാത്ത ജീവിതം' എന്ന തന്റെ ആത്മകഥയിലാണ് അന്നത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന കെ എന്‍ എ ഖാദര്‍ ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഗുരുവായൂരിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതുള്‍പ്പെടെയുള്ള നാടകീയ നീക്കങ്ങള്‍ ഈ ഒത്തുകളിയുടെ ഭാഗമായിരുന്നുവെന്ന് ഖാദര്‍ ആരോപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഈ 'ഡീല്‍' നടന്നതെന്നാണ് അദ്ദേഹം പുസ്തകത്തില്‍ അവകാശപ്പെടുന്നത്.
2016-ല്‍ കാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ നേടിയ ബി.ജെ.പി. സ്ഥാനാര്‍ത്ഥിക്ക് നാമനിര്‍ദ്ദേശ പത്രികയിലെ നിയമങ്ങള്‍ വ്യക്തമായി അറിയാമായിരുന്നിട്ടും, പാര്‍ട്ടി അധ്യക്ഷന്റെ ഒപ്പില്ലെന്ന സാങ്കേതിക കാരണത്താല്‍ പത്രിക തള്ളപ്പെട്ടത് ബോധപൂര്‍വമായിരുന്നു. സാധാരണ ഗതിയില്‍ പത്രിക തള്ളുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധങ്ങളൊന്നും ഗുരുവായൂരില്‍ കണ്ടില്ലെന്നത് ഈ സംശയത്തിന് ബലം നല്‍കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സൂക്ഷ്മപരിശോധനയ്ക്കെത്തിയ ബി.ജെ.പി. പ്രതിനിധികളാരും ബഹളമുണ്ടാക്കുകയോ പ്രതിഷേധിക്കുകയോ ചെയ്തില്ല. സ്വാഭാവിക എതിര്‍പ്പുപോലും അവര്‍ ഉന്നയിച്ചില്ലെന്നും കെ എന്‍ എ ഖാദര്‍ പറയുന്നു.
ബി.ജെ.പി. വോട്ടുകള്‍ എല്‍.ഡി.എഫിലേക്ക് മറിക്കാനാണ് മുഖ്യമന്ത്രിയും സി.പി.എം. നേതൃത്വവും ശ്രമിച്ചതെന്ന് 'ഗുരുവായൂരിലെ ഒക്കച്ചങ്ങാതിമാര്‍' എന്ന അധ്യായത്തില്‍ അദ്ദേഹം വിവരിക്കുന്നു. 'ആദ്യഘട്ട പ്രചാരണത്തില്‍ യു.ഡി.എഫ്. ജയിക്കുമെന്ന് ചില മാദ്ധ്യമങ്ങളില്‍ സര്‍വേ ഫലങ്ങള്‍ വന്നു. പിന്നീട് ചില കളികള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ പ്രത്യേകം ജാഗ്രത പുലര്‍ത്തിയ മണ്ഡലമായിരുന്നു ഗുരുവായൂര്‍. എനിക്കെതിരേ അദ്ദേഹം നേരിട്ട് ചില പ്രസ്താവനകള്‍ നടത്തി. ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയെന്ന് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചു. സത്യത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലായിരുന്നു ധാരണ. മുഖ്യമന്ത്രിയടക്കം ഇടപെട്ട് ബി.ജെ.പിയുടെ മുഴുവന്‍ വോട്ടുകളും എല്‍.ഡി.എഫിലേക്കെത്തിച്ചു. വിജയം ഉറപ്പാക്കാന്‍ മറ്റുചില മണ്ഡലങ്ങളിലും സി.പി.എം. സമാനരീതിയില്‍ ഒത്തുകളിച്ചിരുന്നു.'
'ഗുരുവായൂരിലെ സി.പി.എം.-ബി.ജെ.പി. ധാരണ പകല്‍പോലെ വ്യക്തമായിരുന്നു. ബി.ജെ.പി. പ്രതിനിധിയായി ആദ്യം നല്ലൊരു സ്ഥാനാര്‍ഥി പത്രിക കൊടുത്തതാണ്. മുന്‍പ് മത്സരിച്ച് മണ്ഡലത്തില്‍ സുപരിചിതയാണവര്‍. 2016-ല്‍ 25490 വോട്ട് നേടിയിട്ടുണ്ട്. അഭിഭാഷകയായ അവര്‍ക്ക് തിരഞ്ഞെടുപ്പിന്റെയും നാമനിര്‍ദ്ദേശപത്രികയുടെയും നിയമങ്ങള്‍ നന്നായറിയാം. എന്നാല്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ഒപ്പില്ലെന്നു പറഞ്ഞ് അവരുടെ പത്രിക തള്ളി. സി.പി.എം.-ബി.ജെ.പി. ധാരണ പ്രകാരമായിരുന്നു അത്. റിട്ടേണിങ് ഓഫീസര്‍മാരടക്കം തിരഞ്ഞെടുപ്പുവിഭാഗത്തിലെ പല ഉദ്യോഗസ്ഥരും ഇടതുസഹയാത്രികരായിരുന്നു.
ഈ ആരോപണത്തെ ശരിവെക്കുന്ന കണക്കുകളും ഖാദര്‍ ആത്മകഥയില്‍ നിരത്തുന്നുണ്ട്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ 25,000-ത്തിന് മുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 33,000-ത്തിന് മുകളിലും വോട്ടുകള്‍ ബി.ജെ.പി. ഗുരുവായൂരില്‍ നേടിയിരുന്നു. എന്നാല്‍ 2021-ല്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലാതായതോടെ ബി.ജെ.പി. പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് വെറും 6,294 വോട്ടുകള്‍ മാത്രമാണ്. ബാക്കിയുള്ള വോട്ടുകളെല്ലാം സി.പി.എമ്മിലേക്ക് ഒഴുകിയെന്നാണ് ഖാദറിന്റെ പക്ഷം. ഗുരുവായൂരിന് പുറമെ മറ്റ് ചില മണ്ഡലങ്ങളിലും സി.പി.എം. സമാനമായ രീതിയില്‍ ബി.ജെ.പിയുമായി ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. 2026 ഏപ്രില്‍ 9-ന് നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഗുരുവായൂരിലെ ഡീല്‍ ചര്‍ച്ചയാകുന്നത്.
അതേ സമയം വി.ഡി. സതീശന്‍ ഉന്നയിച്ച 'സിപിഎം-ബിജെപി ഡീല്‍' ആരോപണം രാഷ്ട്രീയ കേരളത്തില്‍ വലിയ പോര്‍വിളികള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. പാലക്കാട് കേന്ദ്രീകരിച്ച് തുടങ്ങിയ ഈ ആരോപണം ഇപ്പോള്‍ സംസ്ഥാനത്തെ മറ്റ് പ്രധാന മണ്ഡലങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. പാലക്കാടിന് പുറമെ 10 മണ്ഡലങ്ങളിലെ രഹസ്യ ധാരണയെന്നാണ് ആരോപണം. പാലക്കാട് കൂടാതെ റാന്നി, കോന്നി, മഞ്ചേശ്വരം, കാസര്‍ഗോഡ് തുടങ്ങി പത്തോളം മണ്ഡലങ്ങളില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടത്തിന് ധാരണയുണ്ടെന്ന് സതീശന്‍ ആരോപിക്കുന്നു. യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപിക്ക് സ്വാധീനമുള്ളിടത്ത് സിപിഎം ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്നും, പകരമായി മറ്റ് ചിലയിടങ്ങളില്‍ ബിജെപി സിപിഎമ്മിനെ സഹായിക്കുമെന്നുമാണ് ആരോപണം. ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് മറിക്കാന്‍ ട്വന്റി20 പോലുള്ള പാര്‍ട്ടികളെ ബിജെപി ആയുധമാക്കുന്നുവെന്നും സതീശന്‍ ആരോപിക്കുന്നു.
രമേശ് പിഷാരടിയെയാണ് ഇത്തവണ യുഡിഎഫ് പാലക്കാട് രംഗത്തിറക്കിയിരിക്കുന്നത്. ഹോട്ടല്‍ ഉടമയായ എന്‍.എം.ആര്‍. റസാഖിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി ന്യൂനപക്ഷ വോട്ടുകള്‍ വിഭജിച്ച് ബിജെപിയെ സഹായിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് സതീശന്‍ ആരോപിക്കുന്നു. ശോഭാ സുരേന്ദ്രനാണ് ബിജെപി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ അവരുടെ പരാജയഭീതി മൂലമാണെന്ന് ശോഭ പ്രതികരിച്ചു.
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആരോപണങ്ങളെ ശക്തമായി തള്ളിക്കളയുകയും കോണ്‍ഗ്രസിനെതിരെ തിരിച്ചടിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ബിജെപിയുടെ 'ബി-ടീം' ആയി പ്രവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. 2016-ല്‍ നേമത്ത് ബിജെപി അക്കൗണ്ട് തുറന്നത് കോണ്‍ഗ്രസ് വോട്ട് മറിച്ചതുകൊണ്ടാണെന്നും, ആ അക്കൗണ്ട് പൂട്ടിച്ചത് ഇടതുപക്ഷമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പഴയ 'കോലീബി' (കോണ്‍ഗ്രസ്-ലീഗ്-ബിജെപി) സഖ്യത്തിന്റെ ചരിത്രം ആവര്‍ത്തിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സതീശന്‍ 'നുണ പറയുന്നതില്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനാണ്' എന്ന് പരിഹസിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആരോപണങ്ങളെ തള്ളിയത്.
