നിലമ്പൂരിലെ വിജയം എല്‍.ഡി.എഫിന്റെ മൂന്നാം ഭരണത്തിലേക്ക് വഴി തുറക്കുമെന്ന് എംവി ഗോവിന്ദന്‍; ഈ ഉപതിരഞ്ഞെടുപ്പില്‍ തോറ്റാല്‍ ആ പ്രതീക്ഷ വേണ്ടെന്ന് പറയാതെ പറഞ്ഞ് സിപിഎം സെക്രട്ടറി; അന്‍വറിലുള്ള യൂദാസിന്റെ രൂപം ചര്‍ച്ചയാക്കാന്‍ സിപിഎം; ഇടതു സ്ഥാനാര്‍ത്ഥിയെ മുഖ്യമന്ത്രി തീരുമാനിക്കും; പ്രഗത്ഭന്‍ എത്തുവമെന്ന് വിശദീകരണം
കണ്ണൂര്‍:കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനമാണ് വന്നിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ചുരുക്കം ദിവസങ്ങള്‍ മാത്രമേ പ്രചരണത്തിനുള്ളൂ എല്‍ഡിഎഫ് താഴെത്തട്ടിലുള്ള പ്രവര്‍ത്തനം നടന്ന് വരികയാണ്. പി വി അന്‍വര്‍ യു ഡി എഫിന് വേണ്ടി എല്‍ഡിഎഫിനെ ഒറ്റുകൊടുക്കുന്ന നിലപാടാണ്. പി വി അന്‍വറിന്റെ യാത്ര യുഡിഎഫിന് വേണ്ടിയാണ്. നെറികെട്ട നിലപാടാണ് അന്‍വറിന്റെ ഭാഗത്ത് നിന്നുണ്ടായത്. എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും. എല്‍ഡിഎഫ് വലിയ കുതിപ്പ് നടത്തും. അവസരവാദ രാഷ്ട്രീയത്തെ തുറന്ന് കാട്ടും. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാറിലേക്കുള്ള തുടക്കമായിരിക്കും നിലമ്പൂരെന്നും അദ്ദേഹം പറഞ്ഞു. അതായത് നിലമ്പൂരില്‍ തോറ്റാല്‍ തുടര്‍ഭരണം ആശങ്കയിലാകുമെന്ന് പറയാതെ പറയുക കൂടിയാണ് സിപിഎം. ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും. പ്രമുഖ സ്ഥാനാര്‍ഥിയായിരിക്കും മത്സരരംഗത്ത്. യുഡിഎഫ് വലിയ പ്രതിസന്ധിയിലാണ്. എല്ലാവരും മുഖ്യമന്ത്രിയാകാന്‍ തയ്യാറായി നില്‍ക്കുകയാണ്. നിലമ്പൂരിലും വര്‍ഗ്ഗീയ കൂട്ടുകെട്ടിന് യുഡിഎഫ് ശ്രമിക്കും. അതിനെ എല്‍ഡിഎഫ് പ്രതിരോധിക്കുമെന്നും എംവി ഗോവിന്ദന്‍ പറയുന്നു. അതായത് തോറ്റാല്‍ വര്‍ഗ്ഗീയ കൂട്ടുകെട്ടില്‍ കുറ്റാരോപണം സിപിഎം നടത്തുമെന്ന് കൂടി വ്യക്തമാകുകയാണ്.
യൂദാസിന്റെ രൂപമാണ് അന്‍വറിലുള്ളതെന്നും യുഡിഎഫിന് വേണ്ടി പാര്‍ട്ടിയെ ഒറ്റുകൊടുത്ത നെറികെട്ട പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണെന്നും ഗോവിന്ദന്‍ പറയുന്നു. എല്ലാ തെറ്റായ സമീപനത്തേയും ചെറുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി വന്‍കുതിപ്പ് തന്നെ നിനിലമ്പൂരില്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി . കേരളം കാത്തിരുന്ന പ്രഖ്യാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയത്. പി വി അന്‍വറിന്റേത് ഇടതുപക്ഷത്തെ ഒറ്റു കൊടുക്കുന്ന നിലപാടാണ്. അത് തുടക്കത്തില്‍ തന്നെ ഞങ്ങള്‍ പറഞ്ഞതാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇടത് മുന്നണി കൃത്യമായ, തിളക്കമുള്ള രാഷ്ട്രീയ നിലപാടുമായി ഈ സര്‍ക്കാരിന്റെ മൂന്നാം ടേമിലേക്കുള്ള യാത്രയിലാണ്. ഈ തെരഞ്ഞെടുപ്പിന്റെ ഭാഗമായ മുന്നേറ്റം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കും 2026 ലെ അസംബ്ലി തെരഞ്ഞെടുപ്പിലേക്കും ഇടതുപക്ഷത്തിന്റെ മുന്നേറ്റം കുറിക്കത്തക്കതായി മാറുമെന്നാണ് പ്രതീക്ഷ. ആദ്യം ഡിഎംകെയെന്നും പിന്നീട് തൃണമൂലെന്നും പറഞ്ഞ് അന്‍വര്‍ യാത്ര നടത്തിയത് യുഡിഎഫിന് വേണ്ടിയാണ്. നെറികെട്ട പ്രവര്‍ത്തനമാണത്. അക്കാര്യം തങ്ങള്‍ ആദ്യമേ ചൂണ്ടിക്കാണിച്ചു, ഒടുവില്‍ അവിടെ തന്നെയെത്തി. ഒരാഴ്ചയ്ക്കുള്ളില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും. നാല് വര്‍ഷത്തെ ഭരണത്തിന്റെ പ്രതിഫലനം ഉണ്ടാകും. എല്‍ ഡി എഫ് ഏത് സ്ഥാനാര്‍ത്ഥിയെ ഇറക്കിയാലും പ്രമുഖരായിരിക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. സിപിഎം സ്ഥാനാര്‍ത്ഥി ആരെന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും നിര്‍ണ്ണായകം. വ്യക്തമായ തീരുമാനം ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാനാണ് പ്രഖ്യാപനം സിപിഎം നീട്ടുന്നത്. ഇതു കൂടി പരിഗണിച്ചാകും മുഖ്യമന്ത്രി അന്തിമ നിലപാട് എടുക്കുക.
ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടത്തുകയാണ് മുന്നണികള്‍. 2016-ലാണ് നിലമ്പൂര്‍ മണ്ഡലം യു.ഡി.എഫിന് നഷ്ടമായത്. ആര്യാടന്‍ മുഹമ്മദ് പിന്മാറിയ മണ്ഡലത്തില്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കാനിറങ്ങിയെങ്കിലും പിതാവിന് നല്‍കിയ പിന്തുണ വോട്ടര്‍മാര്‍ മകന് നല്‍കിയില്ല. ഒരിക്കല്‍ കൈവിട്ട മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടാനുള്ള ആഗ്രഹം ആര്യാടന്‍ ഷൗക്കത്ത് പാര്‍ട്ടി നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കും. ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ തുടങ്ങിയതാണ്. ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി അധ്യക്ഷനായ വി.എസ്. ജോയിക്ക് ചെറുപ്പത്തിന്റെ കരുത്തുണ്ട്. ക്രൈസ്ത സമുദായത്തിന്റെയും മുസ്ലീം ലീഗിന്റേയും പിന്തുണയും ജോയ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ലീഗ് നേതാക്കളുമായുള്ള അടുപ്പവും മലപ്പുറത്ത് യുഡിഎഫ് മുന്നണിയെ മികച്ച രീതിയില്‍ നിലനിര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനവും ഷൗക്കത്തിന് തുണയാകും.
ജൂണ്‍ 19നാണ് വോട്ടെടുപ്പ് നടക്കുക. ജൂണ്‍ 23നാണ് വോട്ടെണ്ണല്‍. പി.വി. അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം തിങ്കളാഴ്ചയുണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്ത്, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെയും ഉപതെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് പി.വി. അന്‍വര്‍ നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. അതേസമയം, വോട്ടെടുപ്പിന് ഇനി 25 ദിവസം മാത്രം ശേഷിക്കേ പാര്‍ട്ടികള്‍ക്ക് ഉടന്‍ തന്നെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കേണ്ട സാഹചര്യമാണ്.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല നേരത്തെ എ.പി. അനില്‍കുമാറിന് നല്‍കിയിരുന്നു. അതേസമയം, നിലമ്പൂര്‍ മണ്ഡലത്തില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല എം. സ്വരാജിനാണ്.