കെട്ട് കണക്കിന് പോസ്റ്ററുകൾ പുഴയിൽ ഒഴുക്കിവിട്ടു; എനിക്ക് വോട്ട് ചെയ്യല്ലെന്നും പറഞ്ഞു; കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്നെ ചതിച്ചത് സ്വന്തം പാർട്ടിയിലെ നേതാക്കള്‍ തന്നെയെന്ന് പി കെ ജയലക്ഷ്മി

Update: 2026-03-24 13:51 GMT

വയനാട്: മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലുമുണ്ടായ തോൽവിക്ക് പിന്നിൽ സ്വന്തം പാർട്ടിയിലെ ചില നേതാക്കളുടെ ചതിയാണെന്ന് മുൻമന്ത്രി പി.കെ. ജയലക്ഷ്മി വെളിപ്പെടുത്തി. കെട്ട് കണക്കിന് പോസ്റ്ററുകൾ പുഴയിലൊഴുക്കിയും വാഹന പ്രചാരണം തടസ്സപ്പെടുത്തിയും ചില നേതാക്കൾ തനിക്ക് വോട്ട് ചെയ്യരുതെന്ന് വീടുകൾ കയറി പറഞ്ഞുവെന്നും ജയലക്ഷ്മി ആരോപിച്ചു. ഈ വെളിപ്പെടുത്തലോടെ വയനാട് കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും കാലുവാരലും പരസ്യമായിരിക്കുകയാണ്.

ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മി, 2016 ലും 2021 ലും മാനന്തവാടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു. ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.ആർ. കേളുവിനോടാണ് അവർ പരാജയപ്പെട്ടത്. തനിക്കെതിരായ ഈ ചതി അന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും, മേലിൽ ഇത് ആവർത്തിക്കരുതെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.

നിലവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉഷ വിജയന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ചാണ് ജയലക്ഷ്മി ഈ രൂക്ഷ വിമർശനം നടത്തിയത്. വെള്ളമുണ്ടയിൽ നടന്ന കൺവെൻഷനിലായിരുന്നു അവരുടെ തുറന്നുപറച്ചിൽ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വേളയിൽ, ജയലക്ഷ്മിയുടെ ഈ തുറന്നുപറച്ചിൽ വയനാട് കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കാൻ സാധ്യതയുണ്ട്.

Tags:    

Similar News