രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം 18724 വോട്ടിന്റെ ഭൂരിപക്ഷത്തില്‍; പാലക്കാട് മണ്ഡലത്തിലെ ഷാഫി പറമ്പില്‍ നേടിയതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയം; തകര്‍ന്നടിഞ്ഞു ബിജെപി; മുന്‍സിപ്പാലിറ്റിയിലെ വോട്ടു വിഹിതത്തില്‍ അടക്കം വന്‍ ഇടിവ്; മറുകണ്ടം ചാടി ഇടതു സ്ഥാനാര്‍ഥിയായ പി സരിന് മൂന്നാം സ്ഥാനം മാത്രം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം 18724 വോട്ടിന്റെ ഭൂരിപക്ഷത്തില്‍

Update: 2024-11-23 07:34 GMT

പാലക്കാട്: പാലക്കാട്ട് യുഡിഎഫ് തരംഗം സൃഷ്ടിച്ചു വിജയം നേടി രാഹുല്‍ മാങ്കൂട്ടത്തില്‍. 18724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വിജയിച്ചു കയറിയത്. ബിജെപി ശക്തികേന്ദ്രങ്ങളില്‍ തകര്‍ന്നടിയുന്ന കാഴ്ച്ചയും പാലക്കാട്ട് കണ്ടു. ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന് കഴിഞ്ഞ തവണ ഇ ശ്രീധരന്‍ നേടിയ വോട്ടുകള്‍ നേടാന്‍ സാധിച്ചില്ല. അതേസമയം യുഡിഎഫ് പാളയം വിട്ടു എല്‍ഡിഎഫിലേക്ക് ചേക്കേറിയല പി സരിന് വോട്ടു് വര്‍ധിപ്പിക്കാന്‍ സാധിച്ചെങ്കിലും മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

നഗരസഭയിലെ ബിജെപി ശക്തികേന്ദ്രങ്ങളിലെ വോട്ട് എണ്ണിത്തീരുമ്പോള്‍ വെറും 400 വോട്ടുകളുടെ മാത്രം മേല്‍ക്കൈയാണ് സി കെ കൃഷ്ണകുമാര്‍ നേടിയത്. ഇതോടെ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി വിജയം ഉറപ്പിച്ചിരുന്നു. ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പും വലിയ പ്രതീക്ഷയാണ് രാഹുല്‍ പ്രകടിപ്പിച്ചത്. ഭൂരിപക്ഷം പറയുന്നില്ലെങ്കിലും വിജയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 10000ന് മുകളില്‍ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് വികെ ശ്രീകണ്ഠന്റെ പ്രതികരണം. ഈ കണക്കുകള്‍ക്കും അപ്പുറത്തേക്കാണ് രാഹുലിന്റെ വിജയം.

അതേസമയം ബിജെപി ശക്തികേന്ദ്രങ്ങളില്‍ പോലും മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. നഗര വോട്ടര്‍മാരുടെ പള്‍സ് അറിയുന്ന പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണം പിടിച്ചെടുക്കുന്നതിന് ചുക്കാന്‍പിടിച്ച സി കൃഷ്ണകുമാറിന് പക്ഷേ മാസങ്ങള്‍ക്ക് മുമ്പ് ലോക്സഭ തിരഞ്ഞെടുപ്പില്‍ നഗരത്തില്‍ നിന്ന് ലഭിച്ച വോട്ടുകള്‍ പോലും ലീഡ് നിലയില്‍ ലഭിച്ചില്ല. രാഷ്ട്രീയത്തിന് ഉപരിയായി ഇ. ശ്രീധരന് ലഭിച്ച വോട്ടുകള്‍ രാഹുല്‍ മാങ്കൂട്ടത്തിലും പി സരിനും ചേര്‍ന്ന് പങ്കിട്ടെടുക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലില്‍ ദൃശ്യമായത്.

ഇതില്‍ ഭൂരിഭാഗം വോട്ടുകളും രാഹുല്‍ പിടിച്ചെടുക്കുകയായിരുന്നു.നഗരസഭയിലെ വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ പോലും സി കൃഷ്ണകുമാറിന് ലീഡ് 1500ന് മുകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റല്‍ വോട്ടുകളും ഇവിഎമ്മിലെ ആദ്യ രണ്ട് റൗണ്ടുകളും പിന്നിട്ടപ്പോള്‍ നേടിയ 1418 ആണ് സികെയ്ക്ക് ലഭിച്ച ഏറ്റവും വലിയ ലീഡ്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇനിയൊരു തിരിച്ചുവരവില്ല. പിരിയാരിയിലും കണ്ണാടിയിലും മാത്തൂരിലും മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലായി. പഞ്ചായത്തുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ ലീഡ് നില പതിനായിരം പിന്നിട്ട് രാഹുല്‍ കുതിച്ചു. ഷാഫി പറമ്പിലും ഇ ശ്രീധരനും ഏറ്റുമുട്ടിയപ്പോള്‍ 6238 വോട്ടുകളുടെ ലീഡ് അന്ന് ബിജെപിക്ക് പാലക്കാട് നഗരം സമ്മാനിച്ചു.

52വാര്‍ഡുകളില്‍ 28 എണ്ണം ബിജെപി കൗണ്‍സിലര്‍മാരുള്ളതാണ്. യുഡിഎഫിന് 18ഉം എല്‍ഡിഎഫിന് ആറും കൗണ്‍സിലര്‍മാരാണുള്ളത്. 2021ല്‍ 6000ല്‍ അധികം വോട്ടിന്റെ ലീഡ് കിട്ടിയ ബിജെപിക്ക് മാസങ്ങള്‍ മുമ്പ് കൃഷ്ണകുമാര്‍ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോള്‍ നഗരസഭയില്‍ നിന്ന് ലഭിച്ചത് വെറും 497 വോട്ടുകളുടെ ലീഡ് മാത്രമാണ്.ഇ. ശ്രീധരന് 34,143 വോട്ടുകള്‍ കിട്ടിയ നഗര മേഖലയില്‍ കൃഷ്ണകുമാറിന് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയത് 29,355 വോട്ടുകള്‍ മാത്രമാണ്. നഗര മേഖലയില്‍ 7000- 8000 വോട്ടുകളുടെ ലീഡ് ലഭിച്ചാല്‍ മാത്രമേ മണ്ഡലത്തില്‍ ബിജെപിക്ക് വിജയിക്കാന്‍ കഴിയുകയുള്ളായിരുന്നു. എന്നാല്‍, ഇവിടെ വോട്ടു കുറഞ്ഞതോടെ അവരുടെ പ്രതിക്ഷളും പാളി.

പലവിധത്തിലുള്ള വിവാദങ്ങളാണ് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നേരിടേണ്ടി വന്നത്. നേരത്തെ തന്നെ ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് വ്യാപകമായി കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ ആക്ഷേപമുയര്‍ന്നിരുന്നു. രാഹുലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ പി സരിന്‍ പാര്‍ട്ടി വിട്ടതും എകെ ഷാനിബ് സ്വതന്ത്രനായി മത്സരിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ ഷാഫിയുടെ പേരുണ്ടെന്ന് വിഡി സതീശനും വ്യക്തമാക്കിയിരുന്നു.

ഡിസിസിക്ക് താല്‍പ്പര്യമുള്ളയാള്‍ കെ മുരളീധരനാണെന്നുള്ള കത്തും ഇതിനിടെ പുറത്തുവന്നുരുന്നു. പ്രചാരണത്തിലുടനീളം ഷാഫിക്കൊപ്പം തന്നെ നില കൊണ്ട രാഹുല്‍, പാലക്കാട് ബിജെപി കോട്ട തകര്‍ത്ത് കൊണ്ട് വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ഇത് ഷാഫിക്കുമുള്ള വിജയമായാണ് കണക്കാക്കുന്നത്. ഇന്ന് രാവിലേയും രാഹുല്‍ ജയിക്കുമെന്നും പ്രഖ്യാപനത്തിന് ശേഷം കാണാമെന്നുമായിരുന്നു ഷാഫിയും പ്രതികരിച്ചത്. ഇവരുടെപ്രതീക്ഷകള്‍ക്ക് അപ്പുറത്തേക്കാണ് രാഹുല്‍ ഭൂരിപക്ഷം ഉയര്‍ത്തിയത്.

Tags:    

Similar News